
മുംബൈ: ഭക്ഷ്യരംഗത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന മോഹവുമായി രംഗത്ത് വന്ന രജനി ബെക്ടര്‍ എന്ന പാവം വീട്ടമ്മയ്ക്ക് ആകെ അറിയുന്നത് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവാണ്. ആ കഴിവ് കൈമുതലാക്കി വെറും 300 രൂപയ്‌ക്കാണ് അവര്‍ ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസ് ആരംഭിച്ചത്.
300 രൂപ പണമായി ഇറക്കിയതല്ല. ഭക്ഷണം പാചകം ചെയ്യാന്‍ 300 രൂപയുടെ ഒരു സ്റ്റൗ ഉണ്ടായിരുന്നു കയ്യില്‍. പക്ഷെ ഈ ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളമൂറുന്ന രുചിയായി.
വെറും ഒരു ഒഴിവു സമയ വിനോദം എന്ന നിലയില്‍ ആരംഭിച്ചതാണ് ഈ ബിസിനസ്. ഇന്ന് രജിനി ബെക്‌ടറുടെ ആസ്തി 7400 കോടി രൂപയാണ്.
പഞ്ചാബ് അഗ്രികള്‍ച്ചറല്‍ സർവകലാശാലയില്‍ ബേക്കിംഗ് കോഴ്‌സ് പഠിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി. ഭര്‍ത്താവ് ഇട്ട 20000 രൂപയില്‍ ഒരു ഐസ്ക്രീം കമ്പനി തുടങ്ങി. പിന്നീട് ഒരു ബ്രെഡ് നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. ഈ കമ്പനിക്ക് ക്രെമിക്ക എന്ന പേര് നല്‍കി. തുടക്കത്തില്‍ വെറും 5000 ബ്രെഡ് ലോഫുകള്‍ നിര്‍മ്മിച്ചു. ബിസ്‌കറ്റുകളിലൂടെയും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലൂടെയും ഈ ബ്രാൻഡ് പിന്നീട് ഏറെ ജനപ്രിയമായി മാറി. 1990കളില്‍ മക്ഡൊണാള്‍ഡ്സ് ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങിയത് ജീവിതത്തില്‍ വഴിത്തിരിവായി. മക്ഡൊണാള്‍ഡ്സിന് ബർഗർ ബണ്ണുകള്‍ വിതരണം ചെയ്യാനായി ക്രെമിക്കയെ തിരഞ്ഞെടുത്തതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
പിന്നീട് കെഎഫ്‌സി, ബർഗർ കിംഗ് തുടങ്ങിയ മറ്റ് പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകള്‍ക്കും ബേക്കറി ഉല്‍പ്പന്നങ്ങളും ബണ്ണുകളും വിതരണം ചെയ്യാൻ തുടങ്ങി. ഇന്ന് 60ല്‍ പരം രാജ്യങ്ങളില്‍ വിവിധ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ രജനി ബെക്ടറെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.