
കൊച്ചി: 1976ല്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഭരണകൂട ഭീകരതയ്‌ക്കും പോലീസ് ക്രൂരതയ്‌ക്കും ഇരയായ 19 സ്‌കൂള്‍ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഒഴിയാതെ’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തി.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍ മേതില്‍ കോമളന്‍കുട്ടിയാണ്.
1976 ഓഗസ്റ്റില്‍ പാലക്കാട് കൊടുവായൂര്‍ ഹൈസ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ചിരുന്ന 15 വയസ്സില്‍ താഴെയുള്ള 19 വിദ്യാര്‍ത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ജയിലിലടച്ചത്. അടിയന്തരാവസ്ഥക്ക് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍, സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ്, ഇടിവണ്ടിയില്‍ കയറ്റി പുതുനഗരം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു.
കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെ, ആദ്യദിവസം കുടിവെള്ളം പോലും നല്‍കാതെയാണ് പോലീസ് മര്‍ദിച്ചത്. 21 ദിവസത്തോളം കാരാഗൃഹത്തില്‍ കഴിഞ്ഞ ഈ കുട്ടികളെ ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചിപ്പിച്ചത്. ഈ തടവിലാക്കക്കപ്പെട്ട സ്‌കൂള്‍ കുട്ടികളുടെ അനുഭവസാക്ഷ്യമാണ് ‘ഒഴിയാതെ’ എന്ന ചരിത്ര സിനിമ പറയുന്നത്.
സോണി സുകുമാരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.മേതില്‍ സതീശന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍: പ്രേംസായ്, കല: പ്രമോദ് പള്ളിയില്‍, വസ്ത്രാലങ്കാരം: ലത മോഹന്‍, സൗണ്ട് ഡിസൈന്‍ & മിക്‌സ്: ഗണേഷ് മാരാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിന്‍സ് ജോസഫ്, കളറിംങ്ങ്: നിലേഷ് എം.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാധാകൃഷ്ണന്‍ ചേലേരി, ഡിസൈന്‍സ്: സതീഷ് ദാമോദരന്‍, പി.ആര്‍.ഒ: എ.എസ് ദിനേശ്, പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം സന്‍ഹാ സ്റ്റുഡിയോ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.