Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വ്യത്യസ്ത ആശയങ്ങളാണെങ്കിലും ഭിന്ന പത്രങ്ങളില്‍ ആയിരുന്നുവെങ്കിലും വല്ലാത്തൊരു അടുപ്പമായിരുന്നു കുഞ്ഞിക്കണ്ണനുമായിട്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ ആണെന്നതാവാം ഒരു കാരണം. ജന്മഭൂമിയുടെ ലേഖകന്‍ ആയി കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തെത്തി ഏറെക്കഴിഞ്ഞാണ് ചന്ദ്രിക റിപ്പോര്‍ട്ടറായി ഞാന്‍ എത്തുന്നത്. കണ്ണൂരില്‍ അദ്ദേഹം പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ബിജെപിയുടെ പ്രചാരകന്‍ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടാകണം മുസ്ലിം ലീഗുകാരനായ എനിക്ക് അദ്ദേഹവുമായി അടുപ്പം ഉണ്ടായിരുന്നില്ല. ചന്ദ്രികയില്‍ ചീഫായിരുന്ന കുഞ്ഞമ്മദ് വാണിമേലും കുഞ്ഞിക്കണ്ണനും തമ്മിലെ സൗഹൃദമാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചത്. ചന്ദ്രികക്കാരനും ജന്മഭൂമിക്കാരനും തമ്മിലുള്ള സൗഹൃദം അക്കാലത്ത് തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കള്‍ക്കിടയിലും രാഷ്‌ട്രീയ നേതാക്കള്‍ക്കിടയിലും കൗതുകം ആയിരുന്നു. നിങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ച് നിയമസഭയില്‍ പ്രസംഗിക്കുമെന്ന് പറഞ്ഞ ലോനപ്പന്‍ നമ്പാടന്‍ ഒരു ദിവസം തയ്യാറാക്കിയ പ്രസംഗത്തില്‍ അങ്ങനെയൊരു പരാമര്‍ശം എഴുതിവച്ചത് ഞങ്ങളെ കാണിച്ചിട്ടുണ്ട്. ബഹളം കാരണം നിയമസഭ നേരത്തെ പിരിഞ്ഞതിനാല്‍ ആ പ്രസംഗം നടന്നില്ലെന്ന് മാത്രം.

ഞങ്ങളുടെ സൗഹൃദത്തില്‍ അതിശയം പ്രകടിപ്പിച്ചവരില്‍ ഇ.കെ. നായനാരുമുണ്ട്. പത്രസമ്മേളനത്തില്‍ കുഞ്ഞിക്കണ്ണനെ കണ്ടില്ലെങ്കില്‍ നായനാര്‍ ചോദിക്കുമായിരുന്നു: ‘നമ്മളെ ഇരിക്കൂര്‍കാരന്‍ എവിടെ പോയടോ? ‘എന്നെക്കണ്ടില്ലെങ്കില്‍ കുഞ്ഞിക്കണ്ണനോട് നായനാരുടെ ചോദ്യം, ‘നമ്മുടെ മാട്ടൂക്കാരന്‍ എവിടെ, എന്നാകും. മാട്ടൂല്‍ അല്ല പയ്യന്നൂര്‍ക്കാരന്‍ ആണെന്ന് പറഞ്ഞാലും നായനാര്‍ സമ്മതിക്കില്ല. ‘പയ്യന്നൂരും മാട്ടൂലുമൊക്കെ ഒന്നു തന്നെ, നീ അന്നെയാണോ പഠിപ്പിക്കുന്നത്’ എന്ന ഉപചോദ്യവും നായനാര്‍ ഉന്നയിക്കും.

എന്നെ സംബന്ധിച്ചു വലിയ സഹായി ആയിരുന്നു കുഞ്ഞിക്കണ്ണന്‍. അടിയന്തര ഘട്ടങ്ങളില്‍ ജോലിക്ക് എത്താനായില്ലെങ്കില്‍, ചന്ദ്രികയ്‌ക്ക് യോജിക്കും വിധം വാര്‍ത്ത കൈമാറിയ പ്രിയ സുഹൃത്ത്. നിയമസഭാ അവലോകനം പോലും തയ്യാറാക്കി സഹായിച്ചിട്ടുണ്ട്. കുഞ്ഞിക്കണ്ണന്റെ തിരുവനന്തപുരം പ്രവേശനത്തെക്കുറിച്ച് പത്രക്കാര്‍ക്കിടയിലെ ഒരു തമാശയുണ്ട്. ബിജെപിക്ക് നിയമസഭയ്‌ക്കകത്ത് ഒരു പ്രതിനിധി വേണമെന്ന കെ.ജി. മാരാരുടെ ചിന്തയാണത്രെ ജന്മഭൂമിയുടെ കണ്ണൂര്‍ ലേഖകനായിരുന്ന കുഞ്ഞിക്കണ്ണനെ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പ്രേരകം. ആ അര്‍ത്ഥത്തില്‍ നിയമസഭയിലെ ആദ്യ ‘ബിജെപി അംഗം’ ആണ് കുഞ്ഞിക്കണ്ണന്‍. പ്രിയ സുഹൃത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി.