ന്യൂദല്‍ഹി: അന്താരാഷ്‌ട്ര നിയമങ്ങള്‍, ചര്‍ച്ചകള്‍, ബഹുതല സഹകരണം എന്നിവയില്‍ അധിഷ്ഠിതമായ സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ഒരു ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ‘വസുധൈവ കുടുംബകം’ എന്നതില്‍ അധിഷ്ഠിതമായ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ – എന്ന ആശയത്തിലുളള സമീപനമാണ് ഭാരതത്തിന്റേത്. ഈ മനോഭാവം ഭൂമിക്ക് അപ്പുറത്തേക്കും വ്യാപിക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. പാരീസില്‍ നടന്ന അന്താരാഷ്‌ട്ര ബഹിരാകാശ ഉച്ചകോടിയെ വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ വിവരങ്ങള്‍ സുതാര്യതയോടും സത്യസന്ധതയോടും കൂടി പൊതുനന്മയ്‌ക്കായി ഉപയോഗിക്കപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭ്രമണപഥങ്ങള്‍ കൂടുതല്‍ തിരക്കേറിയതും ബഹിരാകാശ മേഖലയിലെ പങ്കാളികള്‍ വര്‍ദ്ധിച്ചുവരുന്നതുമായ സാഹചര്യത്തില്‍, സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിനും, ഹ്രസ്വകാല നേട്ടത്തേക്കാള്‍ സുസ്ഥിരതയ്‌ക്കും, ഒഴിവാക്കലിനേക്കാള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
നൂറ്റാണ്ടുകളായി ബഹിരാകാശം നമ്മുടെ ഭാവനയെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്നും, കാലാവസ്ഥ, കൃഷി, സമുദ്രങ്ങള്‍, ജനസമൂഹങ്ങള്‍ തുടങ്ങി ഭൂമിയിലെ ജീവിതത്തെ ഇന്ന് അത് രൂപപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തിന്റെ സാധ്യതകള്‍ അനന്തമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ബഹിരാകാശ യാത്രയിലെ ശ്രദ്ധേയമായ വളര്‍ച്ച എടുത്തുപറഞ്ഞ മോദി, ചന്ദ്രയാന്‍-3 വഴി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും ആദിത്യ-എല്‍1 സൂര്യന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുകയാണെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച കാര്യം അദ്ദേഹം പരാമര്‍ശിച്ചു. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്‌ക്കാനും ഭാരതം ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നുള്ള നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിയിലും എത്തണം എന്നതാണ് രാജ്യത്തിന്റെ വ്യക്തമായ മാര്‍ഗരേഖ.
ബഹിരാകാശ യാത്രയിലെ ഐഎസ്ആര്‍ഒയുടെ പങ്കിനെ പ്രശംസിച്ച മോദി, മികച്ച പ്രവര്‍ത്തനമികവിനും ചെലവ് കുറഞ്ഞ ദൗത്യങ്ങള്‍ക്കും ഐഎസ്ആര്‍ഒ ആഗോളതലത്തില്‍ അംഗീകാരം നേടിയിട്ടുണ്ടെന്ന് പറഞ്ഞു. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനകരമാകുന്ന സേവനങ്ങള്‍, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, ഗതി നിര്‍ണയം എന്നിവയില്‍ ഐഎസ്ആര്‍ഒയുടെ കഴിവുകള്‍ സഹായകമാകുന്നുണ്ടെന്നും, 34 രാജ്യങ്ങളില്‍ നിന്നുള്ള 430-ലധികം ഉപഗ്രഹങ്ങള്‍ ഭാരതത്തിന്റെ റോക്കറ്റുകള്‍ വഴി ബഹിരാകാശത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യകളും പങ്കാളിത്തങ്ങളും ഇന്ത്യയ്‌ക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. തലമുറകളായുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഭാവനകളെയും അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഓരോ ദൗത്യത്തിലൂടെയും വിജയത്തിലൂടെയും ഐഎസ്ആര്‍ഒ തങ്ങളുടെ പ്രശസ്തി കെട്ടിപ്പടുക്കുകയും, ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്
അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















