
ലഖ്‌നൗ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് കൈവരിച്ചത് സമാനതകളില്ലാത്ത വികസന കുതിപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം ക്രമസമാധാനം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവച്ചത്. ഉത്തര്‍പ്രദേശ് ഇന്ന് ഭാരതത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ വിദേശസ്വദേശി നിക്ഷേപങ്ങളാണ് സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ഒന്‍പത് വര്‍ഷത്തിനിടെ ഏകദേശം 12 ലക്ഷം കോടി രൂപയില്‍ നിന്ന് 33 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് 36 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉത്പാദന മേഖലയില്‍ 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി. പ്രതിവര്‍ഷം ആരംഭിക്കുന്ന ഫാക്ടറികളുടെ എണ്ണം ഒരു പതിറ്റാണ്ട് മുന്‍പ് 500 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4,300ലേക്കുയര്‍ന്നു. കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ പിന്നിട്ടു.
ഏകദേശം 96 ലക്ഷം സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക സംസ്‌കരണം, ക്ഷീരമേഖല, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ വന്‍ സാധ്യതകളുണ്ട്. ‘ഒരു ജില്ല, ഒരു ഉത്പന്നം’ പദ്ധതി സംസ്ഥാനത്തിന്റെ എംഎസ്എംഇ ആവാസവ്യവസ്ഥയുടെ നിര്‍ണായക ഘടകമായി.
വ്യാവസായിക വികസനത്തിന് ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനമാണ് സംസ്ഥാനം പിന്തുടരുന്നത്. എക്‌സ്പ്രസ് വേകള്‍ക്ക് സമീപത്തെ വ്യാവസായിക സമുച്ചയങ്ങള്‍ക്ക് 12,500 ഏക്കര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്; പ്രതിരോധ വ്യവസായ ഇടനാഴിക്ക് കീഴില്‍ 5,000 ഏക്കര്‍ വികസിപ്പിച്ചുവരുന്നു. ഇതിനുപുറമെ ബുന്ദേല്‍ഖണ്ഡില്‍ 50,000 ഏക്കര്‍ വ്യാവസായിക മേഖലയും ഒരുക്കുന്നുണ്ട്. ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്‌സ്പ്രസ് വേ അതോറിറ്റി പ്രദേശം പ്രധാന വ്യാവസായിക കേന്ദ്രമായി മാറുകയാണ്. ഇവിടെ ഇതിനകം മൂവായിരത്തോളം വ്യാവസായിക യൂണിറ്റുകള്‍ അനുവദിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നോയിഡയില്‍ ഏകദേശം 200 ജിസിസികളും 200 ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐബിഎം, എച്ച്‌സിഎല്‍, ജെന്‍പാക്ട്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യത്തോടെ ലഖ്‌നൗവും മറ്റൊരു സുപ്രധാന സേവന കേന്ദ്രമായി വളരുകയാണ്. പിഐബിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ച മാധ്യമ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിവരുന്നു.