Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡോ. സൗരഭ് ഗാര്‍ഗ്,
ഡോ. വി. അനന്ത നാഗേശ്വരന്‍

ര്‍ജ്ജ പ്രതിസന്ധി നേരിട്ട ഒരു പാദത്തില്‍ ഭാരതത്തിന് എങ്ങനെ 7.8 ശതമാനം വളര്‍ച്ച നേടാനായി എന്ന് അഭിഷേക് ആനന്ദ്, ജോഷ് ഫെല്‍മാന്‍, അരവിന്ദ് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചോദിക്കുന്നു. അതൊരു ന്യായമായ ചോദ്യമാണ്. അതിനൊരു ഉത്തരവുമുണ്ട്, ആ ഉത്തരം കുറച്ചു വര്‍ഷങ്ങളായി ഏവരുടെയും മുന്നിലുണ്ട് താനും.

സമയക്രമത്തില്‍ നിന്ന് തുടങ്ങാം. ഏപ്രില്‍ മുതല്‍ ജൂണ്‍ 2026 വരെയുള്ള കാലയളവിലാണ് ഈ പാദം ഉള്‍പ്പെടുന്നത്. ഇതിന് തൊട്ടുമുമ്പാണ് ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്. എണ്ണവില കുത്തനെ ഉയരുകയും ഭാരതം അതിന്റെ ആഘാതം അനുഭവിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിട്ടത് മാര്‍ച്ച് മാസത്തിലും ഏപ്രില്‍ ആദ്യ ദിനങ്ങളിലുമാണ്. മേയ് മാസത്തോടെ ഇതിന്റെ സമ്മര്‍ദ്ദം കുറഞ്ഞു. ജൂണ്‍ ആയപ്പോഴേക്കും അത് വലിയൊരു പരിധി വരെ കടന്നുപോവുകയും ചെയ്തു. മൂന്ന് മാസം നീളുന്ന ഒരു പാദത്തിന്റെ തുടക്കത്തിലെ ഏതാനും പ്രയാസമേറിയ ആഴ്ചകള്‍ ആ പാദത്തിലെ വളര്‍ച്ചാ കണക്കുകളെ പൂര്‍ണ്ണമായും അസത്യമാക്കുന്നില്ല.

ആ മാസങ്ങളില്‍ നിന്നുള്ള തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ഒരൊറ്റ ദിശയിലേക്കാണ്. വാഹന വില്‍പന സ്ഥിരമായി വര്‍ദ്ധിച്ചു. ബാങ്ക് വായ്‌പകള്‍ വികസിക്കുകയും, മത്സരശേഷിയുള്ള കറന്‍സിയുടെ പിന്‍ബലത്തില്‍ കയറ്റുമതി വളരുകയും ചെയ്തു. നിരക്ക് കുറച്ചിട്ടും ജിഎസ്ടി പിരിവ് ഉയര്‍ന്ന നിലയില്‍ തന്നെ തുടര്‍ന്നു; അവസാനിച്ച വര്‍ഷത്തില്‍ 8.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2025-26 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍, മൊത്തം ജിഎസ്ടി പിരിവ് 32 ശതമാനം ഉയര്‍ന്നപ്പോള്‍ നോമിനല്‍ ജിഡിപി 31.9 ശതമാനം വര്‍ദ്ധിച്ചു. തികച്ചും വ്യത്യസ്തമായ ഉറവിടങ്ങളില്‍ നിന്നാണ് ഈ രണ്ട് കണക്കുകളും വരുന്നത്, കൂടാതെ അവ ഏതാണ്ട് കൃത്യമായി പരസ്പരം ഒത്തുപോകുന്നുമുണ്ട്. ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് കമ്പനികളാണ്. വായ്‌പാ സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്നത് ബാങ്കുകളില്‍ നിന്നാണ്. വാണിജ്യ വിവരങ്ങള്‍ തുറമുഖങ്ങളില്‍ നിന്നാണ് വരുന്നത്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ഇതിലൊന്നും സ്വന്തമായി ഒന്നും തന്നെ എഴുതിച്ചേര്‍ക്കുന്നില്ല.

എന്തുകൊണ്ടാണ് സാമ്പത്തികരംഗം തളരാതെ പിടിച്ചുനിന്നത്? കാരണം, പല പരിഷ്‌കാരങ്ങളും ഒരേസമയം ഫലം നല്‍കിത്തുടങ്ങി എന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൂലധനച്ചെലവ് 2022-23 മുതല്‍ 65 ശതമാനം വര്‍ദ്ധിച്ചു, ഈ വര്‍ഷം അത് 11.5 ശതമാനം കൂടി ഉയരുമെന്നാണ് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. ഒരു പതിറ്റാണ്ടുകൊണ്ട് നിര്‍മിച്ച റോഡുകളും തുറമുഖങ്ങളും ഊര്‍ജ്ജശേഷിയും എണ്ണയ്‌ക്ക് വിലകൂടിയെന്ന കാരണം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ അസംഘടിത മേഖലയിലെ വലിയൊരു പങ്ക് പ്രവര്‍ത്തനങ്ങളെയും ഔദ്യോഗികവും അളക്കാവുന്നതുമായ സാമ്പത്തികരംഗത്തേക്ക് കൊണ്ടുവന്നു. പാപ്പരത്ത കോഡ് ബാങ്കുകളും സ്ഥാപനങ്ങളും കിട്ടാക്കടങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെത്തന്നെ മാറ്റിമറിച്ചു. റിയല്‍ എസ്റ്റേറ്റ് നിയമം, ഒരിക്കല്‍ സ്തംഭിച്ച പദ്ധതികള്‍ക്കും സുതാര്യമല്ലാത്ത പണമിടപാടുകള്‍ക്കും പേരുകേട്ടിരുന്ന ഒരു മേഖലയെ ശുദ്ധീകരിച്ചു. 2023-ല്‍ ദി ഇക്കണോമിസ്റ്റ് ഈ ശുദ്ധീകരണത്തെക്കുറിച്ച് വിവരിച്ചിരുന്നു. അത് ഭാരതത്തോട് കാണിച്ച ഒരു സൗജന്യമായിരുന്നില്ല.

പിന്നീടുള്ളത് എണ്ണവിലക്കയറ്റത്തിന് മറുപടിയായി കേന്ദ്രം എടുത്ത നടപടികളാണ്. വിലവര്‍ദ്ധനവിന്റെ ഭാരം അത് സാധാരണക്കാരിലേക്കോ സ്ഥാപനങ്ങളിലേക്കോ അടിച്ചേല്‍പ്പിച്ചില്ല. അതിന്റെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിച്ചു. ധനപരമായ ശേഷി ഉള്ളതുകൊണ്ടാണ് അതിന് സാധിച്ചത്, ഭാരതം ആ ശേഷി കെട്ടിപ്പടുത്തിട്ടുമുണ്ട്. അതിനുള്ള തെളിവ് സെപ്തംബര്‍ 2-ന് ലഭിച്ചു. ജപ്പാന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഭാരതത്തിന്റെ റേറ്റിംഗ് BBB+-ല്‍ നിന്ന് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ A ആയി ഉയര്‍ത്തുകയും കണ്‍ട്രി സീലിംഗ് A ആയി നിശ്ചയിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഭാരതത്തിന് ‘A’ റേറ്റിംഗ് ലഭിച്ചിരുന്നില്ല. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, ജിഎസ്ടി, പാപ്പരത്ത കോഡ്, മൊത്തം കിട്ടാക്കട അനുപാതം 1.8 ശതമാനമായി കുറഞ്ഞത് എന്നിവയെയാണ് ഏജന്‍സി ഇതിനായി ചൂണ്ടിക്കാണിച്ചത്. കൂടാതെ, ഉയര്‍ന്ന മൂലധനച്ചെലവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രം തങ്ങളുടെ ധനക്കമ്മി സാമ്പത്തിക വര്‍ഷം 2025ലെ ജിഡിപിയുടെ 4.7 ശതമാനത്തില്‍ നിന്ന് 26ല്‍ 4.4 ശതമാനമായി കുറച്ച കാര്യവും എടുത്തുപറഞ്ഞു. ടോക്കിയോയിലുള്ള ഒരു റേറ്റിങ് കമ്മിറ്റിക്ക് ദല്‍ഹിയിലുള്ള ആരെയും പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ല. അവരും ഈ പരിഷ്‌കാരങ്ങള്‍ തന്നെയാണ് വിലയിരുത്തിയത്, ഒരേ നിഗമനത്തില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു.

ഇനി വിമര്‍ശനങ്ങളുടെ കാതലായ ഭാഗത്തേക്ക് വരാം. ഈ സൂചകങ്ങള്‍ ഇന്ന് 7.8 ശതമാനം വളര്‍ച്ചയെ സാധൂകരിക്കുന്നുവെങ്കില്‍, മുന്‍വര്‍ഷങ്ങളിലെ സമാനമായ വളര്‍ച്ച എന്തുകൊണ്ടാണ് ദുര്‍ബലമായ സൂചകങ്ങള്‍ക്കൊപ്പം വന്നത് എന്ന് നിരൂപകര്‍ ചോദിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരേ ഘടകങ്ങളാല്‍ തന്നെ നയിക്കപ്പെടണം എന്ന മുന്‍വിധിയാണ് ഇതിന് ആധാരം. എന്നാല്‍ അത് അങ്ങനെ ആകണമെന്നില്ല. കയറ്റുമതിയും ഔദ്യോഗിക ബാങ്കിങ് വായ്‌പകളും നയിക്കുന്ന ഒരു പാദത്തിന്, ഗാര്‍ഹിക ചെലവഴിക്കലുകളോ പൊതു നിക്ഷേപങ്ങളോ നയിക്കുന്ന ഒരു വര്‍ഷവുമായി സാമ്യമുണ്ടാകില്ല. അതിനുമുമ്പുള്ള വര്‍ഷങ്ങള്‍ക്ക് ആ സമയത്ത് ദൃശ്യമായിരുന്ന സ്വന്തമായ ചാലകശക്തികള്‍ ഉണ്ടായിരുന്നു. 2024-25 വരെയുള്ള കാലയളവില്‍ ഓഹരി വിപണി ശക്തമായി മുന്നേറുകയും കൂടുതല്‍ ഭാരതീയര്‍ നിക്ഷേപം നടത്താന്‍ തുടങ്ങുകയും ചെയ്തു. 2022-23 നും 2024-25 നും ഇടയില്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 60 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ബാങ്കിങ് ഇതര സ്ഥാപനങ്ങളും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വായ്‌പാദാതാക്കളും വേഗത്തില്‍ വളര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ വാണിജ്യ മേഖലയിലേക്കുള്ള മൊത്തം വിഭവപ്രവാഹം 72 ശതമാനം വര്‍ദ്ധിച്ചു, ഇതില്‍ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ പങ്ക് 96 ശതമാനത്തോളം ഉയര്‍ന്നു. അവയൊക്കെയും യഥാര്‍ത്ഥ ചാലകശക്തികള്‍ തന്നെയായിരുന്നു, എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് മാത്രം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള കുടിശ്ശികയുള്ള വായ്‌പകള്‍ 2023 മാര്‍ച്ചിനും 2026 മാര്‍ച്ചിനും ഇടയില്‍ 66.6 ശതമാനം വര്‍ദ്ധിച്ചു. 2026 ജൂലൈയിലും ഇത് 25 ശതമാനത്തിനടുത്ത് വളര്‍ച്ച കൈവരിക്കുന്നുണ്ടായിരുന്നു. ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുകിട സ്ഥാപനങ്ങളെയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് വായ്‌പ നല്‍കുന്നവര്‍ക്ക് ആ അഭിപ്രായമില്ല. തകര്‍ന്നുപോ
കുമെന്ന് കരുതുന്ന സ്ഥാപനങ്ങള്‍ക്ക് വായ്‌പാദാതാക്കള്‍ അപൂര്‍വ്വമായി മാത്രമേ വായ്‌പ നീട്ടിനല്‍കാറുള്ളൂ.

വിമര്‍ശനത്തിന് പിന്നില്‍, സര്‍ക്കാരിനെ മികച്ചതായി കാണിക്കാന്‍ വേണ്ടിയാണ് സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത് എന്നൊരു ധാരണയുണ്ട്. എന്നാല്‍ ലഭ്യമായ രേഖകള്‍ ഈ വാദത്തെ പിന്തുണയ്‌ക്കുന്നില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, പഴയ കണക്കുകൂട്ടല്‍ രീതിയുടെ അടിസ്ഥാനത്തില്‍ 9.2 ശതമാനമായിരുന്ന വളര്‍ച്ചാ കണക്ക് മന്ത്രാലയം 7.3 ശതമാനമായി തിരുത്തി. അതായത്, ഏതാണ്ട് രണ്ട് ശതമാനത്തിന്റെ കുറവ്; അതും സ്വമേധയാ അംഗീകരിച്ചതാണ്. മറ്റിടങ്ങളിലും കണക്കുകള്‍ ഈ ആരോപണത്തെ പിന്തുണയ്‌ക്കുന്നതിന് പകരം അതിന് വിരുദ്ധമായാണ് നിലകൊള്ളുന്നത്.

2024-25 ല്‍, പുതിയ കണക്കുകൂട്ടല്‍ പ്രകാരമുള്ള നോമിനല്‍ ജിഡിപി വളര്‍ച്ച, യഥാര്‍ത്ഥ വളര്‍ച്ച വര്‍ദ്ധിച്ചപ്പോഴും, പഴയതിനേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത് 9.8 ശതമാനത്തിന് പകരം 9.4 ശതമാനം. സര്‍ക്കാരിന്റെ ധനപരമായ ലക്ഷ്യങ്ങള്‍ക്ക് അടിസ്ഥാനം നോമിനല്‍ ജിഡിപി ആണ്. ഈ സംഖ്യ ഉയര്‍ന്ന നിലയിലായിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. വ്യാജ കണക്കുകള്‍ ഉണ്ടാക്കുന്ന ഒരു മന്ത്രാലയം സ്വന്തം ചെലവില്‍ അങ്ങനെ ചെയ്യില്ല. 2024-25, 2025-26 എന്നീ വര്‍ഷങ്ങള്‍ പരിഗണിക്കുമ്പോള്‍, പുതിയ കണക്കുകൂട്ടല്‍ രീതിയനുസരിച്ചുള്ള ശരാശരി യഥാര്‍ഥ വളര്‍ച്ച 7.0 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയരുന്നു. അതായത് അര ശതമാനം മാത്രം വര്‍ധന. 2023-24 മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ പരിഗണിച്ചാല്‍, പുതിയ രീതിയനുസരിച്ചുള്ള ശരാശരി വളര്‍ച്ച പഴയ രീതിയിലേതിനേക്കാള്‍ കുറവാണ് 7.7 ശതമാനത്തിന് പകരം 7.4 ശതമാനം.

ഒരു പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത ശേഷിയിലും അത് നേടിയെടുത്ത ധനപരമായ സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായി, വലിയൊരു ആഘാതത്തെ അതിജീവിച്ച് ഭാരതം വളര്‍ച്ച തുടരുകയാണ് ചെയ്തത്. അത് യാഥാര്‍ത്ഥ്യമായ ഒരു ഫലമാണ്, അല്ലാതെ നിര്‍മിതമായ ഒന്നല്ല.

(ലേഖകര്‍ ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക്, പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ്)