
ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പനയും യുവാക്കളുടെ മാനസികാരോഗ്യത്തില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ച് സര്‍വകലാശാല പ്രൊഫസര്‍ ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. കോടതി ബുധനാഴ്ച ഹര്‍ജി പരിഗണിക്കും.
യുവ ഉപയോക്താക്കളില്‍ ആസക്തി ഉളവാക്കും വിധമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ദീര്‍ഘകാലവും അമിതവുമായ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളിലും യുവാക്കളിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഡിസൈന്‍ സവിശേഷതകള്‍ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിന് ഒരു വിദഗ്‌ദ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം, സോഷ്യല്‍ മീഡിയ ഫീച്ചറുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം പരിഹരിക്കുന്നതിനായി മാനസികാരോഗ്യ പരിഹാര ഫണ്ട് രൂപീകരിക്കണം തുടങ്ങിയവയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.