Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജംഷഡ്പൂര്‍: വലിയ വിജയങ്ങളിലേക്ക് വേഗത്തില്‍ ഓടിയെത്തിയ ആളല്ല അങ്കിത ഭഗത്. എന്നാല്‍ ഓരോ ചുവടും അളന്നുമുറിച്ച്, പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, സ്വന്തം കഴിവിനെ നിരന്തരം മിനുക്കിയെടുത്ത് അവര്‍ ഇന്ന് ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തയായ റിക്കര്‍വ് ആര്‍ച്ചര്‍മാരില്‍ ഒരാളായി വളര്‍ന്നു.

ശാന്തമായ ഭാവവും കഠിനാധ്വാനവുമാണ് അന്താരാഷ്‌ട്ര അമ്പെയ്‌ത്ത് വേദിയില്‍ അങ്കിതയെ വേറിട്ടുനിര്‍ത്തുന്നത്.
പ്രതിസന്ധികളെ അതിജീവിച്ച ബാല്യം. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന അങ്കിതയുടെ കായികജീവിതം മൂന്നാം വയസ്സില്‍ യോഗയിലൂടെയാണ് തുടങ്ങിയത്. യോഗാസനയില്‍ ദേശീയ ചാമ്പ്യനായ അങ്കിത പിന്നീട് ബാഡ്മിന്റണും ഹാന്‍ഡ്‌ബോളും കളിച്ചുനോക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ വലിയ തടസ്സമായി. ഒടുവില്‍ 2008ല്‍ അച്ഛനോടൊപ്പം ഒരു അമ്പെയ്‌ത്ത് മത്സരം കാണാന്‍ പോയതാണ് അവരുടെ ജീവിതത്തിന്റെ വഴിത്തിരിവായത്. വിലകൂടിയ അത്യാധുനിക ഒളിംപിക് റിക്കര്‍വ് ഉപകരണങ്ങള്‍ വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാല്‍, പരമ്പരാഗത തടി വില്ലുകള്‍ ഉപയോഗിക്കുന്ന ‘ഇന്ത്യന്‍ റൗണ്ട്’ വിഭാഗത്തിലാണ് അങ്കിത തുടക്കത്തില്‍ പരിശീലിച്ചത്. ഇടംകൈയ്യന്‍ താരമായതിനാല്‍ അനുയോജ്യമായ വില്ലുകള്‍ കണ്ടെത്താനും ഏറെ കാത്തിരിക്കേണ്ടിവന്നു. എങ്കിലും ആറ് വര്‍ഷത്തോളം പൂര്‍ണ്ണ സമര്‍പ്പണത്തോടെ അവര്‍ പരിശീലനം തുടര്‍ന്നു.

12 വര്‍ഷം മുമ്പ് തുടങ്ങിയ കരിയര്‍ കഥ

2014ല്‍ ജംഷഡ്പൂരിലെ പ്രശസ്തമായ ടാറ്റാ ആര്‍ച്ചറി അക്കാദമിയില്‍ ചേര്‍ന്നതോടെയാണ് അങ്കിത ആദ്യമായി ആധുനിക റിക്കര്‍വ് വില്ല് കൈയിലെടുക്കുന്നത്. ധര്‍മ്മേന്ദ്ര തിവാരി, പൂര്‍ണിമ മഹാതോ തുടങ്ങിയ പ്രമുഖ പരിശീലകരുടെ കീഴില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നു. ഏഷ്യന്‍ ഗെയിംസ് മുന്‍ മെഡല്‍ ജേതാവ് ജയന്ത താലൂക്ദാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും അവരുടെ കളിശൈലിയെ കൂടുതല്‍ കൃത്യതയുള്ളതാക്കി. ദിവസവും മുന്നൂറോളം അമ്പുകള്‍ എയ്തു പരിശീലിക്കുന്ന അങ്കിതയ്‌ക്ക് ഇപ്പോള്‍ അമ്പെയ്‌ത്ത് കേവലം ഒരു കായികവിനോദമല്ല, ജീവിതം തന്നെയാണ്.

ഷാങ്ഹായ് വേള്‍ഡ് കപ്പില്‍ പത്ത് തവണ ഒളിംപിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെയും ഫൈനലില്‍ ചൈനയെയും അട്ടിമറിച്ച് ഭാരത വനിതാ ടീം നേടിയ ചരിത്ര സ്വര്‍ണ്ണത്തില്‍ അങ്കിത നിര്‍ണായക പങ്കുവഹിച്ചു. 2021ല്‍ ഗ്വാട്ടിമാലയിലും പാരീസിലും സ്വര്‍ണ്ണം നേടിയ ടീമിലും അവരുണ്ടായിരുന്നു. പാരീസ് ഒളിംപിക്‌സിലെ മിക്‌സഡ് ടീം ഇനത്തില്‍ ധീരജ് ബൊമ്മദേവരയ്‌ക്കൊപ്പം മത്സരിച്ച അങ്കിത നാലാം സ്ഥാനത്തെത്തി.

കപ്പിനും ചുണ്ടിനുമിടയില്‍ മെഡല്‍ നഷ്ടമായെങ്കിലും ഭാരതത്തിന് വലിയ പ്രതീക്ഷ നല്‍കിയ പ്രകടനമായിരുന്നു അത്. ഷൂട്ടിങ് ലൈനില്‍ നിന്ന് അമ്പെയ്യാനുള്ള സമയം 20 സെക്കന്‍ഡില്‍ നിന്ന് 15 സെക്കന്‍ഡായി കുറഞ്ഞത് കൂടുതല്‍ ചിന്തിച്ചു സമയം കളയാതെ കൃത്യതയോടെയും വേഗത്തിലും പ്രവര്‍ത്തിക്കാന്‍ സഹായിച്ചുവെന്ന് അങ്കിത ഓര്‍ക്കുന്നു. കഠിനാദ്ധ്വാനവും ആത്മവിശ്വാസവുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അങ്കിത വിശ്വസിക്കുന്നു. യുവതാരങ്ങളെ അണിനിരത്തി ഭാരത അമ്പെയ്‌ത്ത് പടയൊരുങ്ങുമ്പോള്‍ ടീമിന്റെ പ്രധാന അമരക്കാരി എന്ന ഉത്തരവാദിത്തവും ഇപ്പോള്‍ അങ്കിതയ്‌ക്കാണ്. ഏഷ്യന്‍ ഗെയിംസ് 2026ലും വരാനിരിക്കുന്ന 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ഭാരതത്തിനായി സുവര്‍ണ്ണ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് അങ്കിത തന്റെ അമ്പുകളെ നിരന്തരം മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്.

Recent Posts