Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Published by
ആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ട

ശ്ലോകം- 15
ധവളം നിലാവിനുടെ നിറമാര്‍ന്നവള്‍, മുടിയില്‍
മണിചന്ദ്രലേഖയണിയുന്നോള്‍
വരദാഭയം സ്ഫടികജപമാല പുസ്തകവു –
മഴകോടെടുത്ത കരമുടയോള്‍
ഇവളെസ്സദാ തൊഴുതു തെളിയുന്ന ധന്യനതി-
കുതുകം മൊഴിഞ്ഞിടുവതഖിലം
മധുരം മധുക്ഷീരമധുമുന്തിരിക്കനിക –
ളിതു നിന്റെ സമ്മാനമമ്മേ!

ശ്ലോകം- 16
കവിഹൃദയകമലവനമതിലരുണരുചിയൊഴുകി –
യരുണകലയൊടു വിലസുമമ്മേ
ചിലരധികഭക്തിയൊടു ഭവതിയെ ഭജിച്ചു ഹൃദി
സരസഗുണവചനകല നേടും
മതിതെളിയുമവര്‍മൊഴിയിലതിയുവതി സരസ്വതിയു-
മമിതരസലാസ്യവടിവോടെ
പ്രണയഭരമലര്‍മഴയിലകമലിയുമളവിലവര്‍
സകലജനസൗഭാഗ്യമരുളും

ശ്ലോകം- 17
വാക്കിന്‍ ജനിത്രികള്‍ വശിന്യാദിദേവതകള്‍
രാകേന്ദുകാന്തമധുമുഖികള്‍
ചേര്‍ന്നെപ്പൊഴും പരിലസിക്കുന്നൊരംബികയെ –
യോര്‍മ്മിച്ചിടുന്ന സുകൃതാംഗന്‍
വാഗ്‌ദേവിതന്‍വദനകമലം മുകര്‍ന്ന രസ-
മാവോളമേറ്റ നിജ കാവ്യ –
പ്പൂന്തേന്‍ നുകര്‍ന്നു മധുപന്മാര്‍ മഹത്തുകള്‍
പറന്നാര്‍ത്തിടും കളികള്‍ കാണും