തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2026 (കെസിഎൽ) ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ മുഖംതിരിച്ച് മലയാളി താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ് കന്നി കിരീടം ചൂടിയ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് ആരാധകരെ അമ്പരപ്പിച്ച സംഭവങ്ങൾ അരങ്ങേറിയത്.
ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ സഹഉടമയും മെന്ററുമായ ശ്രീശാന്ത് ഫെയർ പ്ലേ അവാർഡ് ഏറ്റുവാങ്ങാനായി വേദിയിലെത്തുകയും സഞ്ജുവിന് മുന്നിലൂടെ പോയി മറ്റുള്ളവർക്കെല്ലാം ഹസ്തദാനം നൽകി. ലീഗ് അംബാസഡറായ സഞ്ജുവിനെ ശ്രീശാന്ത് കണ്ടില്ലെന്ന് നടിച്ചു കടന്നുപോവുകയായിരുന്നു. ട്രോഫിയുമായി വേദിയിലുണ്ടായിരുന്ന സഞ്ജുവും ശ്രീശാന്തിനെ മൈൻഡ് ചെയ്തില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടോ എന്ന ചർച്ചകൾ കായികലോകത്ത് സജീവമായിട്ടുണ്ട്.
ശ്രീശാന്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സഞ്ജു കേരള ടീമിൽ അരങ്ങേറുന്നത്. രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിനെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും ശ്രീശാന്താണ്. മുൻകാലങ്ങളിൽ സഞ്ജുവിനായി കെസിഎയോട് പോരടിച്ച് സസ്പെൻഷൻ വരെ ശ്രീശാന്ത് നേരിട്ടിട്ടുണ്ട്. ഇരുവരുടെയും ആത്മബന്ധത്തിൽ വൻ വിള്ളലുണ്ടായെന്ന സൂചനയാണോ കെസിഎൽ വേദി നൽകുന്നതെന്ന സംശയത്തിലാണ് ആരാധകർ. വിഷയത്തിൽ താരങ്ങൾ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















