
പാലക്കാട് : ചിറയിൻകീഴ് കൂട്ടയടി സംഭവത്തെ ന്യായീകരിച്ച് പാർട്ടിയിൽ നടപടിക്ക് വിധേയനായ പാളയം പ്രദീപ്. താൻ ഇപ്പോഴും രമ്യാ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫ് ആണെന്നും അക്കാര്യം തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രമ്യ ഹരിദാസ് എംപിയായിരിക്കെ അവരുടെ സ്റ്റാഫായിരുന്നു എന്നതിന് ഡൽഹിയിൽ നിന്ന് ശമ്പളം വന്നതിന് തെളിവുണ്ട്. ഇപ്പോൾ അവർക്ക് വെക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഒഴികെയുള്ള രണ്ട് സ്റ്റാഫുകളിൽ ഒരാൾ താനാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള തെളിവ് തരും. താൻ ആലത്തൂരിൽ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നപ്പോഴാണ് ആദ്യമായി ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് എംപിയുണ്ടാകുന്നത്.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎ ആയതിൽ എന്റെ വിയർപ്പും ബുദ്ധിയുമുണ്ട്. പാർട്ടിക്ക് എന്ത് നടപടിയും എടുക്കാം. എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം. ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. വീട്ടിൽ പോയി സജാദിനെ കണ്ട് സംസാരിച്ചിരുന്നു. നേരത്തെയും രണ്ടോ മൂന്നോ പ്രാവശ്യം ഇത് പോലെ സജാദ് എഴുതിയിരുന്നു. ചിരിച്ചു കളിച്ചാണ് വീട്ടിൽ പോയത് . സംസാരത്തിനിടെ വാക്കുതർക്കം ഉണ്ടായി എന്നത് സത്യമാണ്. തെറ്റിദ്ധാരണയുടെ പുറത്താണത് . പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കുന്നുണ്ട്.
ഇപ്പോൾ ആ വീടുമായി നല്ല ബന്ധമുണ്ട്. ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹത്തിന്റെ മകളോടോ, ഭാര്യയോടോ മോശമായി പെരുമാറിയിട്ടില്ല. മകളെകൊണ്ട് കുറിപ്പ് വായിപ്പിച്ചിട്ടില്ല. രമ്യാ ഹരിദാസ് ഡൽഹിയിലേക്ക് മുങ്ങിയെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. കോൺഗ്രസ് നേതൃത്വം എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വമാണ് രമ്യക്ക് ടിക്കറ്റ് എടുത്ത് നൽകിയത്. രമ്യ ഹരിദാസിനെ സഹായിച്ചത് ഒരു കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു. കോൺഗ്രസിനെ സഹായിക്കാൻ ആർക്ക് വേണ്ടിയും രംഗത്തുണ്ടാകും“ പ്രദീപ് പറഞ്ഞു.