Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Published by
സതീഷ് കരുംകുളം

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര ആഴക്കടല്‍ തുറമുഖത്തുനിന്നും കരമാര്‍ഗം (റോഡ്, റെയില്‍ വഴി) കണ്ടെയ്‌നറുകള്‍ കയറ്റാനും ഇറക്കാനും പ്രമുഖ ചരക്കുനീക്ക കമ്പനികള്‍ രംഗത്ത്. എന്നാല്‍, തുറമുഖം പ്രവര്‍ത്തനസജ്ജമായി മാസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി മാറി. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് തുറമുഖ കവാടം കടത്തിവിട്ട രണ്ട് കണ്ടെയ്‌നറുകളുമായി എംഎസ്‌സിയുടെ പതിനാലായിരത്തില്‍പ്പരം കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബെറില്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഫ്രാന്‍സിനെയും തുര്‍ക്കിയെയും ലക്ഷ്യമാക്കി യാത്ര തിരിക്കും. ഇതൊഴിച്ച് കൂടുതല്‍ ചരക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ഒരു നിശ്ചയവും ഏജന്‍സികള്‍ക്കില്ല.

നിലവിലെ രണ്ട് കണ്ടെയ്‌നറില്‍ ഒതുങ്ങാതെ കയറ്റിറക്ക് തുടരണമെങ്കില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഇനിയുള്ള ഉല്പന്നങ്ങള്‍ കയറ്റി അയക്കുന്നത് സുഗമമാക്കാന്‍ കഴിയില്ലെന്ന വാദത്തിലാണ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനികള്‍. കയറ്റി അയച്ച ഉല്പന്നങ്ങളുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കിയായിരിക്കും കാര്യങ്ങളുടെ മുന്നോട്ടുള്ള പോക്കെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രമുഖ വ്യാപാരികളും കമ്പനികളും വിഴിഞ്ഞം വഴി ചരക്കുകള്‍ എത്തിക്കാന്‍ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും, അനുയോജ്യമായ റോഡ്- റെയില്‍ കണക്റ്റിവിറ്റിയുടെ അഭാവം വന്‍ തിരിച്ചടിയാവുകയാണ്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് നിര്‍മാണം, റോഡുകളുടെ വീതികൂട്ടല്‍ എന്നിവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ചരക്കുമായി വരുന്ന കൂറ്റന്‍ ട്രെയിലറുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്തില്ല ഇതുകൂടാതെ വിഴിഞ്ഞത്തെയും ബാലരാമപുരം റെയില്‍വേ സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ടണല്‍ പാതയുടെ പണികള്‍ മന്ദഗതിയിലാണ്. ഇവിടെയെത്തുന്ന കണ്ടെയ്‌നറുകള്‍ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ലൊജിസ്റ്റിക്‌സ്, വെയര്‍ ഹൗസിങ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു.

Recent Posts