
കോഴിക്കോട്: ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനച്ചെലവിലും തൊഴിലാളികളുടെ ജീവിതച്ചെലവിലും ഉണ്ടായ വര്‍ദ്ധനവിനനുസരിച്ച് ഓട്ടോറിക്ഷചാര്‍ജ് വര്‍ദ്ധിപ്പിക്കാത്തതിലും മലപ്പുറം കൊണ്ടോട്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ആര്‍ടിഒ ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കുമെന്ന് ഓള്‍ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഓട്ടോറിക്ഷ ചാര്‍ജ് പരിഷ്‌കരിച്ചിട്ട് നാലര വര്‍ഷമായി. ഈ കാലയളവില്‍ ഓട്ടോകളുടെ പ്രവര്‍ത്തനച്ചെലവിലും തൊഴിലാളികളുടെ ജീവിതച്ചെലവിലും ഉണ്ടായ വര്‍ദ്ധനവ് കേരളത്തിലെ 10 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളേയും 40 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളേയും പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കയാണെന്ന് യൂണിയന്‍ വിലയിരുത്തി.
എംവിഡി ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി സിഎഫ് നല്‍കാതെ ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്ത് ഒരു ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം ആര്‍ടിഒ ഓഫീസുകളില്‍ നടക്കുന്ന അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണെന്നും യൂണിയന്‍ സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കസ്തൂരി ദേവന്‍ അധ്യക്ഷത വഹിച്ചു.