
കോഴിക്കോട്: പൊതുസേവന രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പി.പി. മുകുന്ദന്‍ സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരത്തിന് അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. വി. നാരായണനെ തെരഞ്ഞെടുത്തു. ബിജെപിയുടെ മുതിര്‍ന്ന നേതാവും സംഘടനാ ശില്‍പ്പിയുമായിരുന്ന അന്തരിച്ച പി.
പി. മുകുന്ദന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വനവാസി മേഖലയായ അട്ടപ്പാടിയില്‍ വര്‍ഷങ്ങളായി സാധാരണക്കാര്‍ക്കും പ്രത്യേകിച്ച് വനവാസി വിഭാഗങ്ങള്‍ക്കും മികച്ച ആരോഗ്യസേവനം ലഭ്യമാക്കുന്നതില്‍ ഡോ. വി. നാരായണന്‍ നല്‍കിയ നേതൃത്വവും സമര്‍പ്പണവും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
അട്ടപ്പാടി മേഖലയിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാര സമിതി വിലയിരുത്തി. 25,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും 10ന് വൈകിട്ട് നാലിന് കോഴിക്കോട് അളകാപുരിയില്‍ നടക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരകനും ദക്ഷിണ ക്ഷേത്രിയ കാര്യകാരി സദസ്യനുമായ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ഗുരുവായൂരപ്പന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സുമതി ഹരിദാസ്, ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, എഴുത്തുകാരി രജനി സുരേഷ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ഡോ. സുമതി ഹരിദാസ്, സേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, അംഗം പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.