Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Published by
പ്രള്‍ഹാദ് ജോഷി

വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും സമൂഹത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന മഹത്തായ പ്രയാണമായാണ് ഭാരതീയ സംസ്‌കാരത്തില്‍ വിദ്യാഭ്യാസം എക്കാലവും വീക്ഷിക്കപ്പെട്ടിട്ടുള്ളത്. ചുറ്റുപാടുകളെയും ലോകത്തെയൂം ആഴത്തില്‍ മനസ്സിലാക്കാന്‍ വിജ്ഞാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അദ്ധ്യാപകനാകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗദര്‍ശനമേകി പഠനത്തിന് വ്യക്തമായ ലക്ഷ്യവും ദിശാബോധവും നല്‍കുന്നു. പുരാതന ഗുരുകുല സമ്പ്രദായം മുതല്‍ ഇന്നത്തെ അത്യാധുനിക ക്ലാസ് മുറികള്‍ വരെ, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന് വിദ്യാഭ്യാസത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ഈ മഹത്തായ ബന്ധത്തെയും അദ്ധ്യാപകരുടെ മൂല്യവത്തായ സംഭാവനകളെയും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണ് അധ്യാപക ദിനം.

മഹാനായ പണ്ഡിതനും തത്ത്വചിന്തകനും അധ്യാപകനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് അദ്ധ്യാപക ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മഹത്വവും അദ്ധ്യാപകന് സമൂഹത്തിന്റെ പുരോഗതിയില്‍ വഹിക്കാനാകുന്ന നിര്‍ണായക പങ്കും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.

നമ്മുടെ പൗരാണിക പാരമ്പര്യത്തില്‍, പഠിതാവിനെ അറിവിലേക്കും ജ്ഞാനത്തിലേക്കും നയിക്കുന്ന വഴികാട്ടിയെന്ന നിലയിലാണ് അദ്ധ്യാപകനെ ആദരിച്ചിരുന്നത്. ‘ഗുരു ദേവോ ഭവഃ’ എന്ന മഹത്തായ ദര്‍ശനം അദ്ധ്യാപകനെ ദൈവതുല്യനായി കണ്ട് ആദരിക്കണമെന്ന ഭാരതീയ സംസ്‌കാരത്തിന്റെ ആഴത്തിലുള്ള മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. അറിവ് പകര്‍ന്നുനല്‍കുന്നതില്‍ മാത്രം അദ്ധ്യാപകന്റെ ഉത്തരവാദിത്തം പരിമിതമായിരുന്നില്ല; വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, സദാചാരം, ധാര്‍മ്മിക മൂല്യങ്ങള്‍, ഉത്തരവാദിത്തബോധം എന്നിവ വളര്‍ത്തിയെടുക്കുന്നതിലും അദ്ധ്യാപകര്‍ നിര്‍ണായക പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ, ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിനുതകുന്ന ഒരു പ്രക്രിയയായാണ് വിദ്യാഭ്യാസത്തെ നമ്മുടെ പൗരാണിക പാരമ്പര്യം വിവക്ഷിച്ചിരുന്നത്.
ഗുരുശിഷ്യ പരമ്പര, അഥവാ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പരമ്പരാഗത ബന്ധം, ഇന്നും ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. കേവലം അക്കാദമിക അറിവ് പകര്‍ന്നുനല്‍കുന്നതില്‍ ഒതുങ്ങുന്നതല്ല അദ്ധ്യാപകന്റെ പങ്ക്; വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വ്യക്തിവികാസത്തിലും അദ്ധ്യാപകന്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വിദ്യാര്‍ത്ഥികളെ ശരിയായ പാതയിലേക്ക് നയിക്കുകയും, അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിയുകയും, താല്‍പ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകര്‍ അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നു. അദ്ധ്യാപകരുടെ ഉപദേശവും പിന്തുണയും ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുകയും, കഴിവുറ്റവരും വിജയശാലികളും ഉത്തരവാദിത്തബോധമുള്ളവരുമായ വ്യക്തികളായി വളരാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ, അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ആത്മബന്ധം വിജ്ഞാന വിനിമയത്തിനപ്പുറം, യുവതലമുറയുടെ ജീവിതത്തെയും സ്വഭാവത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന ശക്തമായ ബന്ധമായി തുടരുന്നു.

ഭാരതത്തിന്റെ ദീര്‍ഘവും സമ്പന്നവുമായ വിദ്യാഭ്യാസ ചരിത്രത്തിലുടനീളം ഈ മഹത്തായ പാരമ്പര്യത്തിന്റെ സുവ്യക്തമായ അടയാളങ്ങള്‍ കാണാം. തക്ഷശില, വിക്രമശില, നളന്ദ തുടങ്ങിയ പുരാതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിച്ചിരുന്നു. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, ഭാഷാശാസ്ത്രം, ജീവശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ആഴത്തിലുള്ള പഠനത്തിനും ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും ഈ സ്ഥാപനങ്ങള്‍ വേദിയൊരുക്കി. ലോകത്തിന്റെ വിജ്ഞാനപാരമ്പര്യത്തിന് ഭാരതം നല്‍കിയ അമൂല്യമായ സംഭാവനകളുടെ ഉജ്ജ്വല പ്രതീകങ്ങളാണ് ഈ പുരാതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.

മനുഷ്യജീവിതത്തില്‍ അറിവിനുള്ള അതുല്യമായ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധ്യമായിരുന്നു ഈ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ കാതല്‍. കാര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും, പ്രത്യക്ഷമായതിന്റെ അതിരുകള്‍ക്കപ്പുറം ചിന്തിക്കാനും, വിവേകപൂര്‍വവും ചിന്തിച്ചുറപ്പിച്ചതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും അറിവ് മനുഷ്യനെ പ്രാപ്തനാക്കുന്നു. ഈ വിജ്ഞാനയാത്രയില്‍ അദ്ധ്യാപകന്റെ പങ്ക് അതീവ നിര്‍ണായകമാണ്. കേവലം വിവരങ്ങള്‍ പകര്‍ന്നുനല്‍കുന്നതില്‍ ഒതുങ്ങാതെ, വിവരങ്ങളില്‍ നിന്ന് യഥാര്‍ത്ഥമായ അറിവിലേക്കും, അറിവില്‍ നിന്ന് ആഴത്തിലുള്ള അവബോധത്തിലേക്കും, ആത്യന്തികമായി വിവേകപൂര്‍ണമായ ജ്ഞാനത്തിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്ന വഴികാട്ടിയാണ് അദ്ധ്യാപകന്‍.

21-ാം നൂറ്റാണ്ടിലെ അവസരങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ തക്കവണ്ണം ഭാരതം സ്വന്തം വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഈ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, വികസിതവും വിജ്ഞാനാധിഷ്ഠിതവുമായ രാഷ്‌ട്രമായി ഭാരതത്തെ ഉയര്‍ത്താനുള്ള യാത്രയില്‍ വിദ്യാഭ്യാസത്തിന് കേന്ദ്രസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020). പഠിതാവിനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്ന നയം, വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തോടൊപ്പം ആശയങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിനും സര്‍ഗ്ഗാത്മകത ഉണര്‍ത്തുന്നതിനും അനുഭവാധിഷ്ഠിത പഠനത്തിനും നൈപുണ്യവികസനത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതോടൊപ്പം, ഭാരതീയ ഭാഷകളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും നിര്‍മ്മിതബുദ്ധി, കോഡിംഗ്, റോബോട്ടിക്സ് തുടങ്ങി അതിവേഗം വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളെ പരിചയപ്പെടുത്തി ഭാവിയുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ അനായാസം ലഭ്യമാക്കുകയും പുതിയ അറിവുകള്‍ സ്വന്തമാക്കുന്നതിനുള്ള സാധ്യതകള്‍ അഭൂതപൂര്‍വമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, വിവരങ്ങളുടെ ലഭ്യതയ്‌ക്ക് അപ്പുറം അവയെ ശരിയായ രീതിയില്‍ മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ആവശ്യമായ ദിശാബോധവും മാനവിക കാഴ്ചപ്പാടും നല്‍കുന്നത് അദ്ധ്യാപകരാണ്. വിദ്യാര്‍ത്ഥികളെ ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ ആശയങ്ങള്‍ അന്വേഷിക്കാനും കാര്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും നേടിയ അറിവ് ജീവിതത്തില്‍ പ്രയോഗിക്കാനും ഒരു അദ്ധ്യാപകന്‍ പ്രചോദിപ്പിക്കുമ്പോഴാണ് ആധുനികമായ സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ച ഒരു ക്ലാസ് മുറി യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താകുന്നത്.

ഇന്നത്തെ അധ്യാപകര്‍ നൂതന അധ്യാപനരീതികളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പഠനത്തെ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമാക്കുന്നു. അതോടൊപ്പം, ഓരോ വിദ്യാര്‍ത്ഥിയുടെയും താല്‍പ്പര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ലക്ഷ്യങ്ങളെ ക്ലാസ് മുറിയിലെ അനുഭവങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു.

വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അദ്ധ്യാപകന്റെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ന് പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ്, വിവിധ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ തോതില്‍ വിവരങ്ങള്‍ അനായാസം ലഭ്യമാണ്. എന്നാല്‍, ലഭിക്കുന്ന വിവരങ്ങളെ വിവേകപൂര്‍വം വിലയിരുത്താനും, ശരിയും തെറ്റും തിരിച്ചറിയാനും, ആശയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനും, പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും, നേടിയ അറിവ് ഉത്തരവാദിത്തത്തോടെ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുന്നത് അദ്ധ്യാപകരാണ്. അപ്രകാരം വിദ്യാഭ്യാസം കേവലം വിവരശേഖരണത്തിനുള്ള മാര്‍ഗമാകാതെ, വിവേകപൂര്‍വമായ തീരുമാനമെടുക്കാനുള്ള കഴിവും ആത്മവിശ്വാസവും സദാചാരബോധവും ഉത്തരവാദിത്തബോധവും വളര്‍ത്തുന്ന ഒരു സമഗ്രമായ പ്രക്രിയയായി മാറുന്നു.

സമൂഹത്തിന്റെ പുരോഗതിക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള, ചിന്താശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിലും അദ്ധ്യാപകര്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

ഭാവി ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി നിരന്തരം പറഞ്ഞിട്ടുണ്ട്. ‘വികസിത് ഭാരത് 2047’ എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഭാരതത്തിന്റെ വികസനയാത്രയില്‍ യുവാക്കളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു; അധ്യാപകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ഭാവിയുടെ അടിത്തറ പാകപ്പെടുന്നത്. ഭാവിസജ്ജമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ അറിവും നൈപുണ്യങ്ങളും മൂല്യബോധവും യുവാക്കളില്‍ വളര്‍ത്തുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

പുരാതന ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് ഇന്നത്തെ ഡിജിറ്റല്‍ ക്ലാസ് മുറികളിലേക്കുള്ള നമ്മുടെ വിദ്യാഭ്യാസയാത്ര, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെയും പുതിയ സാധ്യതകളെയും സ്വാംശീകരിച്ചുകൊണ്ടുതന്നെ പാരമ്പര്യ മൂല്യങ്ങളും വിജ്ഞാനപൈതൃകവും എങ്ങനെ സംരക്ഷിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

കാലം മാറുന്നതിനനുസരിച്ച് പഠനരീതികളും വിദ്യാഭ്യാസ ഉപാധികളും സാങ്കേതികവിദ്യകളും മാറിയിട്ടുണ്ടെങ്കിലും, അറിവ് നേടുന്നതിന്റെ പ്രാധാന്യവും പഠനത്തോടുള്ള പ്രതിബദ്ധതയും വിദ്യാര്‍ത്ഥികളെ ശരിയായ പാതയിലേക്ക് നയിക്കുന്ന അദ്ധ്യാപകന്റെ മഹത്തായ പങ്കും ഇന്നും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളായി തുടരുന്നു. വികസിതവും വിജ്ഞാനപൂരിതവുമായ ഭാവിയിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തില്‍ ആത്മവിശ്വാസത്തോടെ പങ്കാളികളാകാനും ഉതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിച്ചുകൊണ്ട് ഈ സമ്പന്നമായ പൈതൃകത്തെ നമുക്ക് മുന്നോട്ട് നയിക്കാം.