പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തും. മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ റൂട്ടുകളും സമയക്രമവും പുനഃക്രമീകരിക്കണമെന്നതടക്കമുള്ള ശുപാർശകളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നതാണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ, തങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസരിച്ചുള്ള പരിഹാരങ്ങൾ റിപ്പോർട്ടിലില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
















