കൊല്ലം: പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് പൂയപ്പള്ളി സ്വദേശികളായ കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. പൂയപ്പള്ളി സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് വിഷയത്തിൽ ഇടപെടുകയും ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും പോലീസിന് എഴുതി നൽകിയിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ തടാകക്കരയിലെത്തിയ ഇരുവരുടെയും ബാഗുകൾ കരയിൽ നിന്ന് പോലീസ് കണ്ടെടുത്തു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.











