തൃശൂര്‍: ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ആഘോഷത്തോടെയുളള യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് സുഹൃത്തുക്കളെല്ലാം വേര്‍പിരിയാതെ മടങ്ങി. കയ്‌പ്പമംഗലത്തുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ എട്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇവരുടെ വേര്‍പാട് താങ്ങാനാകാതെയുളള ബന്ധുക്കളുടെ കരച്ചിലാണ് ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഴങ്ങിയത്. ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലല്ലോ എന്ന് തകര്‍ന്ന മനസുമായി അലമുറയിടുന്ന അമ്മമാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ രാവിലെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാനും നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും ജില്ലാ കലക്റ്റര്‍ ശിഖ സുരേന്ദ്രന്‍ ആശുപത്രിയിലെത്തി മേല്‍നോട്ടം വഹിച്ചു. അഞ്ച് പേരുടെ മൃതദേഹം ഉച്ചയോടെ തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. ശേഷിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയമുറയ്‌ക്കാണ് കൈമാറിയത്. കെ.കെ. വത്സരാജ് എംഎല്‍എ, റൂറല്‍ ജില്ല പോലീസ് മേധാവി മുഹമ്മദ് നദിമുദ്ദീന്‍ എന്നിവരും ആശുപത്രിയിലും ദുരന്ത സ്ഥലത്തും എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ദാരുണമായ അപകടത്തിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പകര്‍ത്തി പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നാടിന്റെ നൊമ്പരക്കാഴ്ചയായി മാറുകയാണ്.ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ആഘോഷത്തോടെ യാത്ര തുടങ്ങിയ എട്ടുപേരും നിമിഷങ്ങള്‍ക്കകം ഓര്‍മ്മയായി മാറിയെന്ന വാര്‍ത്ത സുഹൃത്തുക്കള്‍ക്കും കോളജ് അധികൃതര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
ഡിണ്ടിഗലിലെ പ്രശസ്തമായ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡിണ്ടിഗലില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ സാധാരണയായി പാലക്കാട്, പാലിയേക്കര ടോള്‍ പ്ലാസ വഴി ദേശീയപാതയിലൂടെയാണ് എത്തേണ്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഗുരുവായൂര്‍, തൃപ്രയാര്‍ വഴി തീരദേശ പാതയിലൂടെയാണ് കൈപ്പമംഗലത്തേക്ക് എത്തിയത്. ഈ വഴി ഇവര്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വഴിതെറ്റി ഇവിടേക്ക് എത്തിയതാണോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇടിയുടെ പ്രകമ്പനത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. മുന്‍വശം ലോറിക്കടിയിലേക്ക് അമര്‍ന്നുപോയ അവസ്ഥയിലായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ പുറത്തെടുത്തത്. എന്നാല്‍, ഈ വിനോദയാത്രയെക്കുറിച്ച് കോളേജ് അധികൃതര്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം.
അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ സ്വന്തനിലയില്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത് പുറപ്പെട്ടതാണെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. പുലര്‍ച്ചെ കേരള പോലീസ് വിളിച്ച് വിവരമറിയിച്ചപ്പോഴാണ് ദാരുണമായ ദുരന്തത്തെക്കുറിച്ച് തങ്ങള്‍ അറിയുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും കടുത്ത അനാസ്ഥയാണ് എട്ട് യുവജീവനുകള്‍ പൊലിയാന്‍ ഇടയാക്കിയതെന്ന രോഷത്തിലാണ് പ്രദേശവാസികള്‍. ദേശീയപാതയുടെ ഒന്നാമത്തെ ട്രാക്കില്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാതെ ചരക്ക് ലോറി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രിസമയങ്ങളില്‍ വേഗതയിലെത്തുന്ന വാഹനങ്ങള്‍ക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വലിയ ലോറികള്‍ കൃത്യമായി കാണാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
അപകടം നടന്ന പനമ്പിക്കുന്ന് സെന്ററിന് വെറും 100 മീറ്റര്‍ മാത്രം അകലെയാണ് മുന്‍പ് സിനിമാ താരം കൊല്ലം സുധി കാറപകടത്തില്‍ മരണപ്പെട്ടത്. നിരന്തരം അപകടങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. തകര്‍ന്ന കാറിന്റെ ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം സഞ്ചരിച്ച കൃത്യമായ പാത കണ്ടെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയിലെ നിയമവിരുദ്ധ പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും വഴിവിളക്കുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാനും ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കും.
















