Kerala

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമം ചുമത്തിയാണ് ​രമ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ചിറയിൻകീഴ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് പേര്‍ക്കെതിരെയാണ് നടപടി. ജാമ്യമില്ലാ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ രമ്യ ഹരിദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

പ്രാദേശികമായി നടക്കാനിരുന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് രമ്യ പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു.  സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിലുള്ള പാനൽ മൂന്ന് സംഘങ്ങളായി മത്സരിക്കുന്ന സാഹചര്യമുണ്ടായെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കൺവൻഷനിലേക്കും ഫോട്ടോയെടുക്കുന്നതിനുമായി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ആരുടേയും പക്ഷംപിടിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതിൽ ബ്ലോക്ക് പഞ്ചായത്തംഗമായ സജാദിന് തന്നോട് വിയോജിപ്പുണ്ടായിരുന്നു. സജാദ് തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അത് സംസാരിച്ച് പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നും രമ്യ പറഞ്ഞു.

ചായകുടിച്ച് സംസാരിക്കാമെന്നുപറഞ്ഞ് സജാദ് തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. അവിടെവെച്ച് സംസാരിച്ചുകൊണ്ടിരിക്കേ, സജിത്ത് മുട്ടപ്പാലം ഒരുസംഘത്തേയും കൂട്ടിയെത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആദിഷാണ് തന്നെ ആദ്യം പിടിച്ചുതള്ളിയത്. കൈയിൽ പിടിച്ചുവലിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു. വന്നപോലെ തിരിച്ചുപോകില്ലെന്ന് സജിത്ത് ഭീഷണിപ്പെടുത്തിയെന്നും രമ്യ പറഞ്ഞൂ.

അതേസമയം, എംഎല്‍എ രമ്യ ഹരിദാസിനെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതിയിലാണ് സംഭവം. എംഎല്‍എ ആക്രമിച്ചെന്നാണ് പരാതി. ഇന്നലെയാണ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമാണ് പങ്കെടുത്തത്. ഇതിനിടെ എംഎൽഎയുടെ പിഎ പ്രദീപ് കരാറുകാരുമായി സംസാരിച്ചതാണ് തർക്കത്തിന് തുടക്കമായത്. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് പിഎ പ്രദീപും സജിത് മുട്ടപ്പലം എന്നയാളും തമ്മിൽ വാക്കുതർക്കമുണ്ടായി.

കരാറുകാരുമായുള്ള വിഷയത്തിൽ എംഎൽഎയുടെ പിഎ ഇടപെടുന്നതിനെ ചോദ്യം ചെയ്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സംഘവും സജാദിന്റെ വീട്ടിലെത്തി മർദിച്ചെന്നാണ് പരാതി.

Recent Posts