തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. പ്രാദേശികമായി നടക്കാനിരുന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് രമ്യ പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. തനിക്കെതിരായ ആക്രമണത്തിനെതിരേ പോലീസിൽ പരാതി നൽകുമെന്നും അവർ പ്രതികരിച്ചു.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിലുള്ള പാനൽ മൂന്ന് സംഘങ്ങളായി മത്സരിക്കുന്ന സാഹചര്യമുണ്ടായെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കൺവൻഷനിലേക്കും ഫോട്ടോയെടുക്കുന്നതിനുമായി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ആരുടേയും പക്ഷംപിടിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതിൽ ബ്ലോക്ക് പഞ്ചായത്തംഗമായ സജാദിന് തന്നോട് വിയോജിപ്പുണ്ടായിരുന്നു. സജാദ് തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അത് സംസാരിച്ച് പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നും രമ്യ പറഞ്ഞു.
കോഴിക്കടയിൽവെച്ചായിരുന്നു ആദ്യം സംസാരിച്ചത്. തുടർന്ന് ചായകുടിച്ച് സംസാരിക്കാമെന്നുപറഞ്ഞ് സജാദ് തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. അവിടെവെച്ച് സംസാരിച്ചുകൊണ്ടിരിക്കേ, സജിത്ത് മുട്ടപ്പാലം ഒരുസംഘത്തേയും കൂട്ടിയെത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആദിഷാണ് തന്നെ ആദ്യം പിടിച്ചുതള്ളിയത്. കൈയിൽ പിടിച്ചുവലിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു. വന്നപോലെ തിരിച്ചുപോകില്ലെന്ന് സജിത്ത് ഭീഷണിപ്പെടുത്തിയെന്നും രമ്യ പറഞ്ഞൂ.
തിരഞ്ഞെടുപ്പ് സമയത്ത് സജിത്ത് കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ മാറ്റിനിർത്തേണ്ടിവന്നിട്ടുണ്ടെന്നും രമ്യ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത പാളയം പ്രദീപ് തന്റെ സ്റ്റാഫംഗമാണ്. അതുകൊണ്ടാണ് അദ്ദേഹം യോഗത്തിനെത്തിയത്. അത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
അതേസമയം രമ്യ ഹരിദാസിനും പാളയം പ്രദീപിനും എതിരെ പരാതി കോൺഗ്രസ് നേതാവ് സജാദ് പരാതി നൽകി. വീട് കയറി ആക്രമിച്ചുവെന്നാണ് ആരോപണം. കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റാണ് പരാതി നൽകിയത്. പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത കരാറുകാരുടെയും ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപ് സംസാരിച്ചത് ചോദ്യംചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശിക കോൺഗ്രസ് നേതാവ് ചോദ്യംചെയ്ത് രംഗത്തെത്തി. ഇത് ചോദ്യംചെയ്ത് എംഎൽഎ ഉൾപ്പെടെ ഉള്ളവർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതിനിടെയാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
















