വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ, മാനസിക സമ്മർദം , വിഷാദം , സന്താനങ്ങൾ മൂലം ദുരിതം, ബന്ധുജനകലഹം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം . വ്യാഴപ്രീതിക്കായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം . കൂടാതെ വ്യാഴപ്രീതികരമായ മന്ത്രം നിത്യവും ജപിക്കുന്നതും ദോഷപരിഹാരമാണ്.
വിഷ്ണുഭജനത്തോടെ വ്യാഴാഴ്ചദിവസം വ്രതം അനുഷ്ഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ പരിഹാരമാർഗം. ഈ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ സന്താനലബ്‌ധി, സന്താനങ്ങൾക്ക് ഉയർച്ച, സാമ്പത്തിക ഉന്നമനം, ഭാഗ്യവർധന എന്നിവയാണ് ഫലം
12 അല്ലെങ്കിൽ 16 വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങൾ പോലെ മനഃശുദ്ധി , ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. പിറ്റേന്ന് ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം എടുക്കാം.
വ്രതദിനത്തിൽ കഴിയാവുന്നത്ര തവണ ‘ഓം നമോ നാരായണായ’ മന്ത്രം ജപിക്കുക. മഹാവിഷ്ണു പ്രീതികരമായ മാർഗമാണ് വസ്ത്രദാനം- പ്രധാനമായും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ. അന്നേദിവസം ഭവനത്തിൽ പാൽപായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമത്രേ.
















