Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

Published by
പി.ആര്‍. ശിവശങ്കര്‍

ജിഡിപി എന്നത് ഒരു വലിയ, അത്ര സരളമല്ലാത്ത സാമ്പത്തിക കണക്കുകൂട്ടലിന്റെ ഉല്‍പ്പന്നമാണ്. ഇന്നും സാധാരണക്കാര്‍ക്ക് അത് അത്രകണ്ട് മനസ്സിലായി തുടങ്ങിയിട്ടില്ല. അതുകൊണ്ട് അത്തരം കണക്കുകള്‍ തെറ്റാണെന്നു വരുത്തി ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ താരതമ്യേന എളുപ്പവുമാണ്. പക്ഷേ വീട്ടുചെലവ്, സോപ്പ് ഫേസ് ക്രീം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കാര്‍, ബൈക്ക്, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന, ജിഎസ്ടി വരുമാനം, യുപിഐയുടെ വളര്‍ച്ച എന്നിവ നോക്കിയാല്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ വികസന കണക്കുകള്‍ ഏതൊരാള്‍ക്കും മനസിലാകും.

2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഭാരതത്തിന്റെ യഥാര്‍ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 7.8% വളര്‍ന്നു. റിസര്‍വ് ബാങ്ക് പ്രവചിച്ച ഏഴ് ശതമാനത്തെ മറികടന്നായിരുന്നു ഈ നേട്ടം. മിക്ക സാമ്പത്തിക വിദഗ്ധരും 7.1 7.4% മാത്രമാണ് പ്രതീക്ഷിച്ചത് .

എന്നാല്‍ പ്രതിപക്ഷം പറയുന്നത് ‘ജനങ്ങളുടെ കൈയ്യില്‍ പണമില്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു, ഭാരത സമ്പദ്വ്യവസ്ഥ മരിച്ചു” എന്നൊക്കെയാണ്. അപ്പോള്‍ ഈ വാഹനങ്ങളും മറ്റും ആരാണ് വാങ്ങുന്നത്? അംബാനിയും അദാനിയും മാത്രം മോദി സര്‍ക്കാരിനെ രക്ഷിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുകയാണ് എന്നാണോ മനസ്സിലാക്കേണ്ടത് ? ലളിതമായി പറഞ്ഞാല്‍ രാജ്യം ഉല്‍പ്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് 7.8% കൂടി. വില കൂടി കൂട്ടിയാല്‍ 10.3% എന്ന വളര്‍ച്ചാനിരക്കിലെത്തും.

ഇത് സാധാരണ ഭാഷയില്‍ എന്താണ്?

വിമാനം എല്ലാവരുടെയും യാത്രാ മാര്‍ഗ്ഗം അല്ല. പക്ഷേ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം 42 കോടി കടന്നു. അതായത് മധ്യവര്‍ഗവും ടൂറിസവും ബിസിനസ് യാത്രയും ഭാരതത്തില്‍ വേഗത്തില്‍ വളരുന്നു എന്നര്‍ത്ഥം. കഴിഞ്ഞ മാസങ്ങളില്‍ ഇന്ധനവിലയും വിമാനക്കമ്പനികളുടെ ശേഷി കുറവും, ചില കമ്പനികളുടെ തകര്‍ച്ചയും കാരണം വളര്‍ച്ച മന്ദഗതിയിലായി; അത് മറച്ചുവെക്കേണ്ടതില്ല. അതേസമയം സാധാരണക്കാരന്റെ ആശ്രയമായ ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു- 741 കോടി യാത്രികര്‍. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ചതാണ് എന്നതില്‍ തര്‍ക്കമില്ല എന്നാണ്. അതുപോലെയാണ് ഇരുചക്ര വാഹന വില്‍പ്പനയും. ഗ്രാമത്തിന്റെയും നഗരത്തിലെ സാധാരണ കുടുംബത്തിന്റെയും ബാരോമീറ്ററാണ് ഈ വാഹനം. 2026 സാമ്പത്തിക വര്‍ഷത്തില്‍ 2.17 കോടി വാഹനം വിറ്റു. സ്‌കൂട്ടര്‍ വില്‍പ്പന 81 ലക്ഷം കടന്നു (+18.5 ശതമാനം അധിക വില്‍പ്പന). സാധാരണക്കാര്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ പണമില്ലെങ്കില്‍ ഈ കണക്ക് ഇത്ര വര്‍ധിക്കുമായിരുന്നോ? മാത്രമല്ല ഈ കണക്കുകള്‍ thehindubusinessline.com എന്ന പ്രഖ്യാപിത ബിജെപി /മോദി സര്‍ക്കാര്‍ വിരുദ്ധ മാധ്യമത്തിലൂടെയാണ് പുറത്തുവന്നത് എന്നത് ഈ കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ സാധ്യതയുള്ള പ്രതിപക്ഷ – ദിമാഗി നക്‌സലുകള്‍ക്കും കനത്ത തിരിച്ചടിയാകും. കാര്‍ വില്‍പ്പന 46.43 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. ഇത് രാജ്യത്തെ മധ്യവര്‍ഗ്ഗം പ്രതീക്ഷയിലും, സാമ്പത്തികമായി മികച്ച നിലയിലും ആണെന്നതിന്റെ സൂചനയല്ലേ?

ട്രാക്ടര്‍ വില്‍പ്പനയാണ് ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നേരിട്ടുള്ള വളര്‍ച്ചയുടെ മികച്ച അടയാളം. കര്‍ഷകന് വരുമാനമില്ലെങ്കില്‍, കൈയ്യില്‍ അധിക പണമില്ലെങ്കില്‍ അവര്‍ ട്രാക്ടര്‍ വാങ്ങില്ല. സാമ്പത്തിക വര്‍ഷം 26 ല്‍ ആദ്യമായി ട്രാക്ടര്‍ വില്‍പ്പന 10 ലക്ഷം എന്ന മാന്ത്രിക സംഖ്യ കടന്നു. മഴ, മികച്ച വിളവ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയില്‍ വന്ന കുറവ്, വളത്തിന്റെ വിലക്കുറവും ലഭ്യത സുലഭമായതും, സര്‍ക്കാരിന്റെ മികച്ച വിപണി ഇടപെടലും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉണര്‍ന്നതും കര്‍ഷകര്‍ നൂതന സാങ്കേതിക വിദ്യയുള്ള, കൂടുതല്‍ മൈലേജുള്ള ട്രാക്ടറുകള്‍ വാങ്ങി എന്നത് ഗ്രാമീണ കാര്‍ഷിക വ്യവസ്ഥയുടെയും രാജ്യം വളര്‍ച്ചയുടെ പാതയില്‍ ആണെന്നതിന്റേയും ഉത്തമ ഉദാഹരണങ്ങളാണ്.

കുടുംബ ചെലവ് സര്‍വേ (2023-24) പറയുന്നതെന്ത്?

ഗ്രാമത്തില്‍ ഒരാള്‍ ഒരു മാസം ശരാശരി 4,122 രൂപ ചെലവഴിക്കുന്നു, നഗരത്തില്‍ ഇത് 6,996 രൂപയുമാണ്. ഗ്രാമത്തിന്റെ വളര്‍ച്ച (+9%) നഗരത്തേക്കാള്‍ അല്പം കൂടുതല്‍ ഈ കാലയളവില്‍ എത്തിയെന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തമായ നിലയിലാണെന്നതിന്റെ സൂചനയാണ്. നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം ചുരുങ്ങുകയാണ്. എഫ്എംസിജി കമ്പനികളും പല പാദങ്ങളായി ഗ്രാമീണ വില്‍പ്പന നഗരത്തേക്കാള്‍ വേഗത്തിലാണെന്ന് പറയുന്നു. അവരുടെ കഴിഞ്ഞകാല ബാലന്‍സ് ഷീറ്റുകള്‍ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഈ കണക്കുകള്‍ നമുക്ക് mospi.gov.in എന്ന വെബ്‌സൈറ്റില്‍ ആര്‍ക്കും ലഭ്യമാണെന്നിരിക്കെ എന്തിനാണ് ജനങ്ങളെ പ്രതിപക്ഷവും, മലയാള മാധ്യമങ്ങളും നുണപറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനെതിരായി ചിന്തിപ്പിക്കുന്നതും? ദിമാഗി നക്‌സലുകളുടെ, അവരുടെ പ്രചാരകന്മാരുടെ ഒരു നയമാണിത്. നുണ പ്രചാരണങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയും, സര്‍ക്കാരിലുള്ള വിശ്വാസ്യതയും ആദ്യം തകര്‍ക്കുക. അതാണ് മോദി വിരുദ്ധ മാധ്യമങ്ങളും, ചില കപട-രാജ്യവിരുദ്ധ സാമ്പത്തിക വിദഗ്ധരും നിരന്തരം ചെയ്തുവരുന്നതും .

യുപിഐ വഴി ഒരു മാസം 245 കോടി രൂപയുടെ ഇടപാട് നടന്നു എന്നത് സൂചിപ്പിക്കുന്നത് ചായക്കട മുതല്‍ കാര്‍ഷിക വിപണി വരെ ഉണര്‍ന്നു എന്നാണ്. സമ്പന്നവും, ചാലകശേഷിയില്ലാത്തതുമായ സമ്പദ്വ്യവസ്ഥയില്‍ ഇത്രയും ഇടപാട് നടക്കില്ല എന്നറിയാന്‍ വലിയ സാമ്പത്തിക ജ്ഞാനമോ, ഉന്നത വിദ്യാഭ്യാസമോ വേണ്ട. ഈ കണക്കുകളെല്ലാം രാജ്യത്തെ പ്രധാന സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളായ ഇക്കണോമിക്‌സ് ടൈംസ് , ബിസിനസ് ലൈന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ഇവര്‍ നുണപ്രചാരണം നടത്തുന്നത്? ആ നുണ പ്രചാരണങ്ങള്‍ക്ക് എന്തിനാണ് മാതൃഭൂമി പോലുള്ള മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ പേജില്‍ ഇടം നല്‍കുന്നത്?

വൈദ്യുതി, കയറ്റുമതി, ഫാക്ടറി ഉല്‍പ്പാദനം-കണക്കുകള്‍ പറയുന്നത് ഇതേ വളര്‍ച്ചാ ഗാഥ തന്നെയാണ്. വീട്ടിലെ ഫാന്‍ തിരിയുന്നുണ്ടോ, റോഡുകള്‍ ഉയരുന്നുണ്ടോ, ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടോ അതാണ് യഥാര്‍ത്ഥ വളര്‍ച്ചയുടെ മറ്റൊരു പ്രധാന സൂചിക . ജൂണ്‍ 2026-ല്‍ ഭാരതത്തിന്റെ വൈദ്യുതി ഉല്‍പ്പാദനശേഷി 549 ഗിഗാവാട്ടാണ് . 2014-ന് ശേഷം ഏകദേശം 325 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ഭാരതം കൂട്ടിച്ചേര്‍ത്തു; മുമ്പ് വൈദ്യുതി കുറവുള്ള രാജ്യമായിരുന്നു, ഇപ്പോള്‍ പീക്ക് ഡിമാന്‍ഡ് 270.8 ഗിഗാവാട്ട് വരെ നിറവേറ്റി. സോളാര്‍ ഉള്‍പ്പെടെ ഫോസില്‍ അല്ലാത്ത ശേഷി 300 ഗിഗാവാട്ട് കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 55 ഗിഗാവാട്ടിലധികം പുതിയ ശേഷി ഭാരതം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ഏകദേശം 9% കൂടി. ഫാക്ടറി നടക്കുന്നില്ലെങ്കില്‍ ഇത്ര വൈദ്യുതി വേണ്ടിവരില്ല. energyandcleanair.org എന്ന വെബ്സൈറ്റില്‍ ഈ കണക്കുകള്‍ ആര്‍ക്കും ലഭ്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് ഇതൊന്നും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാത്തത്.

കയറ്റുമതിയിലും കുതിപ്പ്

കയറ്റുമതിയിലും ഭാരതത്തിന്റെ നേട്ടം മികച്ചതാണ്. ഉദാഹരണത്തിന് സാമ്പത്തിക വര്‍ഷം 26ല്‍ ചരക്കും സേവനവും കൂട്ടി 863 ബില്യണ്‍ ഡോളര്‍ സര്‍വ്വകാല റെക്കോര്‍ഡ് വര്‍ദ്ധനവാണിത്. ചരക്ക് കയറ്റുമതി 441.8 ബില്യണ്‍ ഡോളര്‍. ഈ വര്‍ഷം ഏപ്രില്‍-ജൂലൈയില്‍ ചരക്ക് കയറ്റുമതി 17% കൂടി (173.8 ബില്യണ്‍ ഡോളര്‍). ഇറക്കുമതിയും കൂടുന്നു എന്നത് സൂചിപ്പിക്കുന്നത് ആഭ്യന്തര വിപണിയുടെ വളര്‍ച്ച തന്നെയാണ്. എണ്ണ, സ്വര്‍ണം, യന്ത്രങ്ങള്‍ എന്നിവയാണ് നമ്മള്‍ കൂടുതലായി ഇറക്കുമതി ചെയ്തതെന്നതും അത്ര മോശമായ രേഖപ്പെടുത്തലല്ല . അതുകൊണ്ട് വ്യാപാരക്കമ്മിയുണ്ട്; അത് മറച്ചുവെക്കേണ്ടതില്ല. പക്ഷേ ഇറക്കുമതി കൂടുന്നത് പലപ്പോഴും ഫാക്ടറിക്കും നിര്‍മാണത്തിനും വേണ്ട അസംസ്‌കൃത വസ്തുവും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുകൂടിയാണ്. ഇത് ദീര്‍ഘകാല സമ്പദ്‌വ്യവസ്ഥക്കു ഗുണകരവുമാണ്. സേവന കയറ്റുമതി (ഐടി, ബിസിനസ് സേവനം) ഭാരതത്തിന്റെ നിര്‍ണായക ശക്തിയാണ്. കാര്‍ഷിക മേഖല പോലെ ഇത് അഭ്യസ്തവിദ്യരായ ഭാരതീയ യുവാക്കളുടെ പ്രധാന കര്‍മ്മരംഗമാണ് ( അവലംബം m.economictimes.com ) ഇതില്‍ നമ്മള്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരുമാണ്. എഐ സാങ്കേതിക വിദ്യയിലും ഈ നേട്ടം നിലനിര്‍ത്താനായാല്‍ ഭാരതം ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്തു അധികം വൈകാതെ എത്തുമെന്നതില്‍ സംശയമില്ല.

നിര്‍മാണമേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഈ വര്‍ഷത്തെ ഒന്നാം പാദത്തില്‍ മേഖല 9.2% വളര്‍ച്ച കൈവരിച്ചു. സിമന്റ് ഉല്‍പ്പാദനം 8-9 ശതമാനവും സ്റ്റീല്‍ ഉല്‍പ്പാദനം ഏകദേശം 5 ശതമാനവും വളര്‍ന്നു. നിലവില്‍ ലോകത്ത് സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്. വൈദ്യുതോപകരണങ്ങള്‍, വ്യവസായ യന്ത്രങ്ങള്‍ എന്നിവയുടെ വിപണി സജീവമായതോടെ പുതിയ ഫാക്ടറികളും വീടുകളും റോഡുകളും വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. റോഡുകളും റെയില്‍വേയും വീടുകളും നിര്‍മിക്കപ്പെടുന്നില്ലെങ്കില്‍ സിമന്റും ഇരുമ്പും ഇത്രയധികം വിറ്റഴിക്കപ്പെടില്ല എന്ന് വ്യക്തമാണ്. (അവലംബം: mospi.gov.in)

രാജ്യം വളരുന്നതില്‍ ജനം സന്തുഷ്ടരാണ്. പക്ഷെ ഈ വളര്‍ച്ച ചിലര്‍ക്ക് മാത്രം പിടിക്കുന്നില്ല . അവര്‍ ഭാരതം വളരുന്നില്ല എന്ന് തെളിയിക്കുവാനുള്ള ശ്രമത്തിലാണ്. ഇവിടെ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നും മെയ്‌ക്ക് ഇന്‍ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയം ആണെന്നും തെളിയിക്കാനുള്ള തീവ്രശ്രമത്തിലുമാണ്. ഭാഗ്യവശാല്‍ അവരെല്ലാം അത് എഴുതി ഉണ്ടാക്കുന്നതും, മറ്റുള്ളവര്‍ വായിക്കുന്നതും എല്ലാം ഇവിടെ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണിലും, കമ്പ്യൂട്ടറുകളിലും ആണെന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ വികസന സന്ദേശം.