
ന്യൂദല്‍ഹി: ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ കരുത്തോടെ കുതിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ജപ്പാന്‍, വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി. ജാപ്പനീസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയാണ് (ജെസിആര്‍എ) ഭാരതത്തിന്റെ വായ്‌പത്തിരിച്ചടവ് ശേഷി, താഴ്ന്ന സുരക്ഷിത നിക്ഷേപത്തില്‍ (BBB+) നിന്ന് ഉയര്‍ന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് (A) സോവറിങ് റേറ്റ് ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയിലും ഭാരതം മെച്ചപ്പെട്ട ജിഡിപി നിലനിര്‍ത്തുന്നതാണ് ഇതിനു കാരണം. ഏഴു ശതമാനത്തിലേറെയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച.
ഒരു രാജ്യത്തിന്റെ സാമ്പത്തിക കരുത്തിന് അന്താരാഷ്‌ട്ര തലത്തില്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോറാണ് സോവറിങ് റേറ്റ്. ഇതനുസരിച്ചാണ് അന്താരാഷ്‌ട്ര തലത്തില്‍ രാജ്യങ്ങള്‍ നിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ ജിഡിപി, വരുമാനവും ചെലവും തമ്മിലെ അന്തരം, സര്‍ക്കാര്‍ കടം, വിദേശ കടങ്ങള്‍ വീട്ടാനും ഇറക്കുമതിച്ചെലവുകള്‍ താങ്ങാനുമുള്ള ശേഷി, വിലക്കയറ്റ നിരക്കും ബാങ്കിങ് മേഖലയിലെ നിയന്ത്രണ സംവിധാനങ്ങളും എന്നിവ വിലയിരുത്തിയാണ് റേറ്റിങ് തീരുമാനിക്കുക. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, ജിഎസ്ടി എന്നിവ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമാക്കിയെന്നും ജെസിആര്‍എ വിലയിരുത്തി.
2026 മാര്‍ച്ചില്‍ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 1.8 ശതമാനമായി കുറഞ്ഞു. ഭാരതം 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചു.