Kerala

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനുമായി കേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരും നാളികേര വികസന ബോര്‍ഡും നല്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ 50 വര്‍ഷം മുമ്പ് 65 ശതമാനം സ്ഥലങ്ങളിലും തെങ്ങു കൃഷിയായിരുന്നു. എന്നാല്‍ അഞ്ചു പതിറ്റാണ്ടു കൊണ്ട് നാം വളരെ പിന്നാക്കം പോയി. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തെങ്ങുകൃഷി തോട്ടവിളയായാല്‍ മാത്രമെ കേരളത്തിലും തെങ്ങു കൃഷിക്ക് പുരോഗതി കൈവരുകയുള്ളു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഗവേഷണത്തിനുമായി നാളികേര വികസന ബോര്‍ഡ് ഒരു പാര്‍ക്ക് ഉണ്ടാക്കിയാല്‍ അതിനുള്ള എല്ലാ സഹായവും ഭൂമിയും വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ.് ഇതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

നാളികേര കര്‍ഷകര്‍ക്കും തെങ്ങുകൃഷിക്കും വേണ്ട എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര കൃഷിമന്ത്രി രാംനാഥ് ഠാക്കൂര്‍ പറഞ്ഞു. കേരളത്തിന്റെ ഏതാവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കോക്കനട്ട് റിസര്‍ച്ച് പാര്‍ക്ക് വേണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിന് മറുപടിയെന്നോണം കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉപയോഗശൂന്യമെന്ന് കരുതി തള്ളിക്കളയുന്ന നാളികേരത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് പാത്രങ്ങളും കലാരൂപങ്ങളും നിര്‍മിക്കുന്ന കലാകാരന്മാരെയും കര്‍ഷകരെയും അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നാളികേര കൃഷി പുനരുദ്ധാരണത്തിനുള്ള പൂര്‍ണ പിന്തുണ ലഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തിയതായും നീര പദ്ധതി പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അത് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സ്‌കീം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അവാര്‍ഡ് ജേതാക്കളെ കുറിച്ച് ബോര്‍ഡ് തയാറാക്കിയ ലഘു ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. നാളികേര വികസന ബോര്‍ഡും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്നു സംപ്രേഷണം ചെയ്യുന്ന നന്മ നിറഞ്ഞ നാളികേരം എന്ന റേഡിയോ പരമ്പരയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സുബ്ബ നാഗരാജന്‍, ബോര്‍ഡ് മെമ്പര്‍ എം.കെ. രാഘവന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ സംസാരിച്ചു. നാളികേര വികസന ബോര്‍ഡ് സിഇഒ ദീപ ഡി. നായര്‍, കേന്ദ്ര ഹോര്‍ട്ടിക്കള്‍ച്ചര്‍ കമ്മിഷണര്‍ ഡോ. പ്രഭാത് കുമാര്‍, മുഖ്യനാളികേര വികസന ഓഫീസര്‍ ഡോ. ഹനുമന്ത് ഗൗഡ, ബോര്‍ഡ് സെക്രട്ടറി പ്രമോദ് കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം നാളികേര കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ നാളികേര ഉത്പാദക സംഘങ്ങളുടെയും സംരംഭകരുടെയും സ്റ്റാളുകള്‍ സമ്മേളന നഗരിയില്‍ ഒരുക്കിയിരുന്നു.