ശ്രീമദ് ഗോലോകാനന്ദ സ്വാമികളുടെ കൂടെയാണ് ഞാന്‍ ആദ്യമായി ബേലൂര്‍ മഠത്തിലേക്ക് പോകുന്നത്. ശ്രീ ശാരദാദേവിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കുവാനായിരുന്നു ആ യാത്ര. ബേലൂര്‍ മഠത്തിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അന്ന് ഞങ്ങള്‍ക്ക് മേദിനിപൂരില്‍ ഇറങ്ങേണ്ടിവന്നു. അവിടത്തെ ശ്രീരാമകൃഷ്ണ മഠത്തില്‍ ഏകദേശം അര്‍ദ്ധരാത്രിയോടെയാണ് എത്തിയതെങ്കിലും, വിഭവസമൃദ്ധമായ ഭക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചു. അവിടുത്തെ ആശ്രമാധ്യക്ഷനും ഗോലോകാനന്ദ സ്വാമികളും ബേലൂരിലെ ട്രെയിനിങ് സെന്ററില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. മേദിനിപ്പൂരില്‍ നിന്നും ഞങ്ങള്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മസ്ഥലമായ കമാര്‍പുക്കൂറും അവിടെ നിന്ന് ശാരദാദേവിയുടെ ജന്മസ്ഥലമായ ജയറാംവാടിയും സന്ദര്‍ശിച്ചു. അതിനുശേഷമാണ് ബേലൂര്‍ മഠത്തില്‍ എത്തിയത്. അന്താരാഷ്‌ട്ര സമ്മേളനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. അവരെല്ലാം കാണാന്‍ ആഗ്രഹിക്കുന്നത് ശ്രീമദ് രംഗനാഥാനന്ദ സ്വാമികളെയാണ്. ശ്രീരാമകൃഷ്ണ മഠത്തിന്റെയും, മിഷന്റെയും അന്നത്തെ പരമാധ്യക്ഷന്‍. ഗോലോകാനന്ദ സ്വാമികള്‍ക്ക് ആ മഹാത്മാവിനെ പെട്ടെന്ന് കാണാന്‍ സാധിച്ചു. അപ്പോള്‍ രംഗനാഥാനന്ദ സ്വാമിജി പറഞ്ഞു: ”നിങ്ങളുടെ ആശ്രമത്തില്‍ ഒരു രാജീവ് ഉണ്ടല്ലോ, ഇരിങ്ങാലക്കുടക്കാരന്‍, അയാള്‍ എഴുതിയ ‘ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍’ ഞാന്‍ വായിച്ചുതീര്‍ത്തതേയുള്ളു.” അതുകേട്ട് സ്വാമികള്‍ക്ക് അത്ഭുതമായി. സ്വാമി രംഗനാഥാനന്ദ സ്വാമികളോട് പറഞ്ഞു ”രാജീവ് എന്നോടൊപ്പം വന്നിട്ടുണ്ട്.” രംഗനാഥാനന്ദ സ്വാമികളുടെ മറുപടി ഇങ്ങനെയായിരുന്നു;
”എന്നാല്‍ അയാളോട് എന്നെ കാണാന്‍ പറയൂ.”
അപ്പോള്‍ ഞങ്ങള്‍ കുറച്ചു മലയാളികള്‍ നീണ്ട നിരയുടെ ഒടുവില്‍ നില്‍ക്കുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ഗോലോകാനന്ദ സ്വാമികള്‍ വന്ന് ഇക്കാര്യം പറയുന്നത.് അങ്ങനെയാണ് രംഗനാഥാനന്ദ സ്വാമികളെ ആ തിരക്കിനിടയിലും എനിക്ക് കാണാന്‍ കഴിഞ്ഞത്. അത് സ്വാമികളെ കാണുന്ന അവസാനത്തെ കാഴ്ചയായിരുന്നു; അതും ഗോലോകാനന്ദ സ്വാമികള്‍ മൂലം. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ കേന്ദ്രമായ ബേലൂര്‍ മഠത്തിലേക്കുള്ള ആദ്യ യാത്രയെ അവിസ്മരണീയമാക്കിയത് ഗോലോകാനന്ദ സ്വാമികളുടെ സാന്നിധ്യമായിരുന്നു. ഇതുപോലെയുള്ള എത്രയെത്ര സ്മരണകള്‍ സ്വാമിജിയെപ്പറ്റി ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ശ്രീമദ് ഗോലോകാനന്ദ സ്വാമികള്‍
നിരണത്ത് മാന്നാട്ട് ശിവരാമന്‍ പിള്ളയുടെയും, കിടങ്ങന്നൂര്‍ തോമ്പില്‍ ജാനകിയമ്മയുടെയും മകനായി 1930-ല്‍ ജനനം. നാരായണപിള്ള എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം.
ആഗമാനന്ദ സ്വാമികളുടെ ആത്മീയ പ്രഭാഷണത്തില്‍ ആകര്‍ഷിക്കപ്പെട്ട്, അദ്ദേഹം കാലടിയിലെ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. നാരായണപിള്ളയുടെ സഹോദരീ ഭര്‍ത്താവിന്റെ ജ്യേഷ്ഠനായിരുന്ന നാണുപിള്ള അവിടത്തെ അന്തേവാസിയായിരുന്നു. അദ്ദേഹത്തെ കാണാന്‍ കാലടിയിലെത്തിയ കൊച്ചുനാരായണന്‍ ആശ്രവുമായി ബന്ധപ്പെടുകയും ക്രമേണ അവിടത്തെ അന്തേവാസിയായിത്തീരുകയും ചെയ്തു. തുടര്‍ന്ന് ചെന്നൈയിലെ മൈലാപ്പൂര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ ബ്രഹ്‌മചാരിയായി. ശ്രീരാമകൃഷ്ണ മഠത്തിന്റെ ഉപാധ്യക്ഷന്‍ കൈലാസാനന്ദ സ്വാമികളായിരുന്നു അന്ന് അവിടുത്തെ ആശ്രമാധ്യക്ഷന്‍. അദ്ദേഹത്തിന്റെ കീഴിലായിരുന്നു ആദ്യകാല ആത്മീയ ശിക്ഷണം. കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കലുള്ള വിജയാനന്ദാശ്രമവും, ആശ്രമ സ്ഥാപകനായിരുന്ന വിജയാനന്ദ ഗുരുദേവനുമായുള്ള, ബാല്യംമുതലേയുള്ള ആത്മബന്ധം, അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന് ഒരു ദിശാബോധം നല്‍കി.
ഗോലോകാനന്ദ സ്വാമികളുടെ സഹോദരീ പുത്രന്‍ കോമളനും, ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിയായിരുന്നു. പത്മനാഭാനന്ദ എന്നായിരുന്നു സംന്യാസ നാമം. അദ്ദേഹം പാറ്റ്‌നയിലുള്ള ശ്രീരാമകൃഷ്ണ മഠത്തിലായിരുന്നു ഏറെക്കാലം. ഈയടുത്താണ് സമാധി പ്രാപിച്ചത്. കാലടി, മൈലാപ്പൂര്‍, തിരുവനന്തപുരം, തിരുവല്ല, കൊയിലാണ്ടി, കോഴിക്കോട്, ഹരിപ്പാട് തുടങ്ങിയ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മിക്ക ആശ്രമങ്ങളിലും ഗോലോകാനന്ദ സ്വാമികള്‍ അധ്യക്ഷനായിരുന്നു.











