
കോട്ടയം: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനത്തുനിന്ന് ഉടന്‍ രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ജനപ്രതിനിധിയായി തുടരാന്‍ മാണി സി. കാപ്പന് അര്‍ഹതയില്ല. കോടതി ശിക്ഷ വിധിച്ച സ്ഥിതിക്ക് അദ്ദേഹം സ്വയം ഒഴിയാന്‍ തയ്യാറാകണം. ഷോണ്‍ പറഞ്ഞു.
മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമലയും ആവശ്യപ്പെട്ടു. കാപ്പന്‍ ജനപ്രതിനിധിയായി തുടരുന്നത് ജനാധിപത്യ മര്യാദകള്‍ക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണെന്ന് വിഷ്ണു വഞ്ചിമല ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളില്‍ മുംബൈ ബോറിവലി കോടതിയാണ് പാലാ എംഎല്‍എ മാണി സി കാപ്പനെ ശിക്ഷിച്ചത്. നാല് കേസുകളിലായി 5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.