Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Published by
അനീഷ് അയിലം

ന്യൂദല്‍ഹി: കേരള ഹൗസില്‍ ഉദ്യോഗസ്ഥമാര്‍ തമ്മില്‍ കയ്യാങ്കളി. കേരള ഹൗസിലെ സ്ഥലംമാറ്റപ്പെട്ട ലാ ഓഫീസര്‍ ആക്രമിച്ചെന്ന് ലാ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതി. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിട്ടും ഓഫീസ് ഒഴിയാത്തതിനാല്‍ ലാ ഓഫീസറുടെ ഓഫീസ് പൂട്ടിയെടുത്ത് അഡീഷണല്‍ റിസഡന്റ് കമ്മീഷണര്‍. ഇന്നലെ രാവിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസിലെത്തിയ മുന്‍ ലാ ഓഫീസര്‍ അസഭ്യവര്‍ഷവും കയ്യേറ്റവും നടത്തിയെന്നും പരാതി.

കേരള ഹൗസിലെ നിയമ വിഭാഗം മേധാവിയായിരുന്ന അഡീഷണല്‍ ലാ സെക്രട്ടറി ഗ്രാന്‍സി.ടി.എസ്സ് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയെ ആക്രമിച്ചെന്നാണ് പരാതി. ഗ്രാന്‍സിയെ അടിയന്തരമായി സ്ഥലം മാറ്റിക്കൊണ്ട് ഓഗസ്റ്റ് 5ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഗ്രാന്‍സിയുടെ പ്രവര്‍ത്തനവും പെരുമാറ്റവും അച്ചടക്കവും അതൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലംമാറ്റം. ഇതനുസരിച്ച് ഓഗസ്റ്റ് 19ന് ഗ്രാന്‍സി തിരുവനന്തപുരത്ത് ജോയിന്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ കേരള ഹൗസിലെ ഔദ്യോഗിക ചുമതല ഒഴിഞ്ഞ് തിരുവന്തപുരത്ത് എത്താന്‍ തയാറായിട്ടില്ല. ഇതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയത്.

ഗ്രാന്‍സിയെ സ്ഥലംമാറ്റിയതോടെ ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിക്കായി ലാ വിഭാഗത്തിന്റെ ചുമതല. ഡെപ്യൂട്ടി സെക്രട്ടറി ഫലുകളില്‍ തീരുമാനം എടുത്തതോടെ കഴിഞ്ഞദിവസം ഔദ്യോഗികചുമതലിയില്ലാത്ത ഗ്രാന്‍സി, ഡെപ്യൂട്ടി സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫയലുകള്‍ തന്നെ കാണിക്കുന്നില്ലെന്നും തന്റെ അനുമതിയില്ലാതെ വാഹനം ദുരുപയോഗം ചെയ്യുന്നുവെന്നും മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസ്. കൂടാതെ ഓഫീസിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററും ഗ്രാന്‍സി പിടിച്ചെടുത്തു. ഇത് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓഫീസ് പൂട്ടിയെടുക്കാന്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഇന്നലെ രാവിലെ കേരള ഹൗസില്‍ എത്തിയ ഗ്രാന്‍സി തന്റെ സാധനങ്ങള്‍ ഒഫീസിലുണ്ടെന്നും അത് എടുക്കാന്‍ ഓഫീസ്  തുറന്ന് നല്‍കണമെന്നും ആവശ്യപ്പെട്ട് ക്ഷുഭിതയായി. പിന്നാലെയാണ് ഡെപ്യൂട്ടിസെക്രട്ടറിയുടെ ഓഫീസിലെത്തിയ ഗ്രാന്‍സി അസഭ്യവര്‍ഷം നടത്തിയതും കയ്യാങ്കളിയിലേക്ക് നീങ്ങിയതും. കേരള ഹൗസ് റസിഡന്റ്‌സ് കമ്മീഷണര്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറി ഷന്മുവതി പരാതി നല്‍കിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളഹൗസില്‍ അധികാരത്തര്‍ക്കം രൂക്ഷമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പിന്തുണയോടെയാണ് ഗ്രാന്‍സി കേരള ഹൗസില്‍ തുടരുന്നതെന്നാണ് സൂചന. രാജ്യ തലസ്ഥാനത്തുള്ള കേരളത്തിന്റെ ലയിസണ്‍ ഓഫീസിലെ അധികാരത്തര്‍ക്കം സുപ്രീംകോടതിയിലെ കേസുകളെ ഉള്‍പ്പെടെ സാരമായി ബാധിക്കുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് വന്നിട്ടും നിയമവകുപ്പിലെ തമ്മിലടിയും അധികാരത്തര്‍ക്കവും സംസ്ഥാനത്തിന് ആകെ നാണക്കേടായിരിക്കുകയാണ്.

Recent Posts