തിരുവനന്തപുരം: പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ വിവിധ അദ്ധ്യാപക തസ്‌തികളിലേക്കുള്ള സെപ്‌റ്റംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം നീട്ടാൻ ശുപാർശ ചെയ്‌തത്.
2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രൈമറി സ്‌കൂൾ മുതലുള്ള എച്ച്എസ്എസ്ടി അദ്ധ്യാപകർക്കായുള്ള 18 റാങ്ക്‌ലിസ്റ്റുകളാണ് പരിഗണനയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റം തുടങ്ങിയ നടപടികളുടെ ഭാഗമായി ഒഴിവുകൾ കണ്ടെത്തി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാൻ കാലതാമസം നേരിട്ടു. അതുമൂലം ഉദ്യോഗാർത്ഥികളുടെ നിയമനാവസരങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് മനസിലാക്കിയതിനാലാണ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കോടതികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക. സംസ്ഥാനത്ത് ലഹരി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണിത്. നേരത്തെ തിരുവനന്തപുരത്തും എറണാകുളത്തും കോടതികൾ തുടങ്ങിയിരുന്നെങ്കിലും എട്ട് പേരെ മാത്രമാണ് സ്ഥിരമായി നിയമിച്ചിരുന്നത്. ഇനിമുതൽ അത് 11 ആയി ഉയർത്തും. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്‌ടിക്കുമെങ്കിലും ലഹരിക്കേസുകളുടെ വിചാരണ എളുപ്പത്തിൽ തീർപ്പാക്കുന്നതിനുവേണ്ടിയാണ് തീരുമാനം’- മുഖ്യമന്ത്രി പറഞ്ഞു.
മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉടൻ തീരുമാനമുണ്ടാകും. ജിഎസ്ടിയിൽ വലിയ തട്ടിപ്പ് നടന്നു. ആഭ്യന്തരവകുപ്പ് ഉടൻ എസ്ഐടിയിൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
















