Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 01:01 pm IST
inONAPPATHIPP 2026
സ്‌പോർട്‌സ്

പന്ത് വലുതായകഥ

പി.എസ്. സ്വരാജ്
(9074187744)

ഒരൊറ്റ ഗോൾ മതി ഈ ലോകം കീഴടക്കാൻ. എത്ര വലിയ മത്സരമായാലും എതിർ ടീം നേടുന്നതിനെക്കാൾ ഒരു ഗോൾ അധികം നേടിയാൽ മത്സരം സ്വന്തം. അതൊരു ലോകകപ്പ് ഫൈനൽ ആണെങ്കിൽ പോലും അത്രയും ലളിതമായി അവസാനിപ്പിക്കാം, കിരീടം നേടാം. കണക്കുകൾ പറയുമ്പോൾ നിസ്സാരം, പക്ഷെ ആ ലോക കിരീടത്തിലേക്കെത്തിപ്പെടാനുള്ള പ്രയത്നം ചെറുതല്ല. വടക്കേ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടന്ന ഫിഫ ലോകകപ്പ് 2026 ഇക്കഴിഞ്ഞ ജൂൺ 11ന് ആരംഭിച്ച് ജൂലൈ 19ന് 39 ദിവസംകൊണ്ട് പൂർത്തിയായപ്പോൾ യൂറോപ്പിൽ നിന്നെത്തിയ സ്പെയിൻകാർ ന്യൂജേഴ്സി നഗരമദ്ധ്യത്തിലെ മൈതാനത്ത് നിന്നുകൊണ്ട് ലോകം കാൽക്കീഴിലാക്കി. ലോക ഫുട്ബോളിൽ പൂർണത പുൽകിയൊരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുന്ന ലാഘവത്തിൽ ക്രിയാത്മകമായ കാൽപന്ത് കളിയിലൂടെ കഥ കഴിച്ചപ്പോൾ വിജയിച്ചത് എന്നേക്കും നിലനിൽക്കേണ്ട സുന്ദരമായ ഫുട്ബോൾ കഥ. അങ്ങനെ സ്പെയിൻ രണ്ടാം ലോക കിരീടം നേടിയ ചരിത്രയാത്ര ഒരു കഥയായി ജനിക്കുകയാണ്.

കഥാപരിസരവും പശ്ചാത്തലവും

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലോകകപ്പ് ഫുട്ബോൾ ആണ് കഴിഞ്ഞുപോയത്. ടീം എണ്ണം കൊണ്ടും മത്സര വേദികൊണ്ടും ആതിഥേയത്വം വഹിച്ച രാജ്യങ്ങളുടെ കണക്കുകൊണ്ടുമെല്ലാം ഏറ്റവും വലിയ ലോകകപ്പ്.

48 ടീമുകൾ അഥവാ രാജ്യങ്ങൾ

യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ യുവേഫയിൽ നിന്നും 16 രാജ്യങ്ങൾ. ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷൻ കാഫിന് കീഴിലുള്ള പത്ത് കൂട്ടർ. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന് കീഴിലുള്ള ഒമ്പത് ടീമുകൾ. വടക്കേ അമേരിക്ക ഉൾപ്പെടുന്ന കോൻകകാഫിലെ ആറ് രാജ്യക്കാർ. തെക്കേ അമേരിക്കയിൽ നിന്നുള്ള ആറ് ടീമുകൾ. ഒഷ്യാന ഫുട്ബോൾ ഫെഡറേഷന് കീഴിലെ ഒരേയൊരു പ്രതിനിധിയും ലോകകപ്പ് 2026ൽ പങ്കാളികളായി.

യുവേഫ

സ്പെയിൻ
ഇംഗ്ലണ്ട്
ഫ്രാൻസ്
നോർവേ
പോർച്ചുഗൽ
സ്വിറ്റ്സർലൻഡ്
ക്രൊയേഷ്യ
ബെൽജിയം
നെതർലൻഡ്സ്
ജർമനി
സ്വീഡൻ
ഓസ്ട്രിയ
ചെക്ക് റിപ്പബ്ലിക്
ബോസ്നിയ ഹെർസെഗോവിന
സ്‌കോട്ട്ലൻഡ്
തുർക്കി

കാഫ്

മൊറോക്കോ
സെനഗൽ
ഈജിപ്ത്
ഘാന
ഐവറികോസ്റ്റ്
കെപ് വെർദെ
അൾജീരിയ
ടുണീഷ്യ
ഡി ആർ കോംഗോ
ദക്ഷിണാഫ്രിക്ക

എഎഫ്സി

ജപ്പാൻ
ഇറാൻ
ദക്ഷിണ കൊറിയ
സൗദി അറേബ്യ
ഓസ്ട്രേലിയ
ഉസ്ബെക്കിസ്ഥാൻ
ഇറാഖ്
ജോർദാൻ
ഖത്തർ

കൊൻമെബോൽ

അർജന്റീന
ബ്രസീൽ
കൊളംബിയ
ഇക്വഡോർ
പരാഗ്വേ
ഉറുഗ്വേ

ഒഎഫ്സി

ന്യൂസിലൻഡ്

ആദ്യമായി അവസരം ലഭിച്ചവർ

ജോർദാൻ
കെപ് വെർദെ
കുറസാവോ
ഉസ്ബെക്കിസ്ഥാൻ

വേദികൾ

അമേരിക്ക-11

ന്യൂജേഴ്സി, ഡാളസ്, ലോസ് ആഞ്ചലസ്, കൻസാസ് സിറ്റി, സാന്റ ക്ലാര, ഹൂസ്റ്റൺ, ഫിലാഡെൽഫിയ,ഷീട്ടിൽ, മയാമി, ഫോക്സ്ബറോ, അറ്റ്ലാന്റ

മെക്സിക്കോ- 3

മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗഡലാജാറ

കാനഡ- 2

വാൻകൂവർ, ടൊറൊന്റോ

കോൻകകാഫ്

2018ൽ നടന്ന വോട്ടെടുപ്പിൽ ലോകകപ്പ് ആതിഥേയത്വ അവകാശം കോൻകകാഫ് നേടിയെടുത്തതിനൊപ്പം ടീം എണ്ണം വിപുലപ്പെടുത്തുന്നത് കണക്കിലെടുത്ത് ഒന്നിലേറെ രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനമുണ്ടായിരുന്നു. 2002ൽ ഏഷ്യയിൽ നടന്ന ലോകകപ്പിന് ജപ്പാനും കൊറിയയും സംയുക്തമായി ആതിഥ്യമരുളിയ ശേഷം ഒന്നിലേറെ രാജ്യങ്ങളിൽ ലോകകപ്പ് സംഘടിപ്പിക്കുന്നത് നിർത്തിവച്ചിരുന്ന തീരുമാനം ഫിഫ പിൻവലിച്ചു. ഇതോടെ അമേരിക്ക, മെക്സിക്കോ, കാനഡ ടീമുകൾ ആതിഥേയരായതിന്റെ ബലത്തിൽ യോഗ്യത ഉറപ്പാക്കി.
പാനമ, ഹെയ്തി, കുറസാവോ ടീമുകളാണ് യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പിനെത്തിയവർ. ഇതിൽ കുറസാവോ പുതുക്കകാരായിവന്നവരാണ്.

ഫൈനലിസിമ റദ്ദാക്കപ്പെട്ട
സാഹചര്യം

വൻകരയിലെ ജേതാക്കൾ കിരീടത്തിനായി കൊമ്പുകോർക്കുന്ന ഫൈനലിസിമ പോരാട്ടം റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ലോകകപ്പ് വിരുന്നെത്തിയത്. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനെതിരെ ആരംഭിച്ച യുദ്ധ പശ്ചാത്തലത്തിലാണ് മാർച്ചിൽ ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഫൈനലിസിമ റദ്ദാക്കിയത്. ആ കളി നടന്നിരുന്നെങ്കിൽ 2024ൽ കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീനയും അതേ വർഷം യുറോ കപ്പ് നേടിയ സ്പെയിനും തമ്മിലായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. വെടിക്കോപ്പുകളുടെ പുകപടലത്താൽ മേഘാവൃതമായ മദ്ധ്യേഷ്യൻ സാഹചര്യത്തിൽ ഖത്തറിൽ മത്സരം സംഘടിപ്പിക്കൽ അപ്രാപ്യമായിരുന്നു. ഇതിന്റെ പരിഹാരമെന്നോണം ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും തന്നെ നേർക്കുനേർ പോരാട്ടം ഒത്തുവന്നത് കാലം കരുതിവച്ച കാവ്യനീതിയോ യാദൃശ്ചികമോ സംശയത്തിന് ഉത്തരമില്ല. കളി കാണാൻ യുദ്ധം നിർത്തിവച്ച ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് ആ യുദ്ധം നിർത്തിയത് ലോകം കണ്ടെ എക്കാലത്തെയും വലിയ ഫുട്‌ബോൾ മാന്ത്രികന്റെ മാസ്മരിക പ്രകടനം കാണാനായിരുന്നു. ഇപ്പോൾ യുദ്ധം കാരണം കളി റദ്ദാക്കിയ സാഹചര്യത്തെ കാലയവനികയ്‌ക്കപ്പുറമിരുന്ന് ആ മാന്ത്രികൻ കാണുന്നുണ്ടായിരിക്കാം. അതിനാലാകാം ഇങ്ങനെയൊരു ലോകകപ്പ് ഫൈനൽ ഒത്തുവന്നത്, കലിയെ മറന്ന് കളിയെ സ്‌നേഹിക്കുന്നവർക്ക് ഇങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ല. ഒരു പക്ഷേ ഫൈനലിസിമ നടന്നിരുന്നെങ്കിൽ അന്നു തന്നെ ഈ രണ്ട് ടീമുകളുടെയും മേന്മയും പോരായ്‌മയും ലോകം ലോകകപ്പിന് വളരെ മുമ്പേ തിരിച്ചറിയുമായിരുന്നു.
നാല് വർഷം മുമ്പ് തുടക്കത്തിലേ സൗദി അറേബ്യയോടേറ്റ തിരിച്ചടിയിൽ നിന്നും. ഓരോ മത്സരത്തെയും ഫൈനലിന് സമാനമായി കണ്ട് പൊരുതി കയറിയ അർജന്റീന ഒടുവിൽ സമ്മർദത്തിന്റെ പരകൊടിയിൽ തൊടുത്ത പെനാൽറ്റി ഷൂട്ടൗട്ടിനെ വരെ മറികടന്ന് നേടിയ കിരീടത്തിലേക്കുള്ള യാത്രയ്‌ക്ക് കൃത്യമായൊരു ആസൂത്രണത്തിന്റെയും കളിപദ്ധതിയുടെയും വിശേഷങ്ങളും പ്രത്യേകതകളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ തവണ വടക്കേ അമേരിക്കയിൽ ഇറങ്ങുമ്പോൾ അർജന്റീന ടീമിന്റെ ശരാശരി പ്രായം പോലും 30 വയസായിരുന്നു. കളത്തിലെ കാഴ്‌ച്ചകളിൽ നിന്നും വ്യക്തമാകുന്ന കുറേ കാര്യങ്ങൾ നിസാരമായിരുന്നില്ല. അർജന്റൈൻ ടീമിൽ ആർക്കും തന്നെ ഒരു ശരാശരി സ്പ്രിന്റ് പോലും നടത്തിയില്ല. അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. നിന്നുകൊണ്ടുപോലും അത്ഭുതം കാട്ടാൻ ശേഷിയുള്ളൊരാൾ ടീമിലുണ്ടായിരുന്നു. അയാളുടെ നിയന്ത്രണത്തെ, മാന്ത്രികതയെ മാത്രം ആശ്രയിച്ചാണ് അവർ ഫൈനൽ വരെ എത്തിയത് പോലും. ഫലമോ ലോകം കണ്ട മോശം ഫൈനലുകളിലൊന്ന്. ഖത്തറിലെ ഫൈനലിൽ അർജന്റീന കിരീടം ഉയർത്തിയപ്പോൾ യുവതാരത്തിനുള്ള ട്രോഫി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ് അമേരിക്കിയലെ ഫൈനലിൽ മത്സരം മുഴുമിക്കും മുമ്പേ കളിയിൽ നിന്നും പുറത്താക്കപ്പെട്ടു. റഫറിയെ ചീത്ത വിളിച്ചതിന് ആദ്യ മഞ്ഞകാർഡ് എതിർ താരത്തെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞകാർഡും നേടിയാണ് എൻസോ പുറത്തായത്. ഈ ഒരു താരം അർജന്റീന ടീമിനെ മൊത്തത്തിൽ പ്രതിനിധാനം ചെയ്യുകയായിരുന്നു. കളത്തിൽ മേന്മ നേടാനാകാതെ വരുമ്പോൾ ഫൗൾ പ്ലേ അടക്കമുള്ള ധിക്കാരപരമായ രീതി അവലംബിക്കുന്നത് നിരാശയിൽ നിന്നുടലെടുക്കുന്ന പൊതു സ്വഭാവമാണ്. മനുഷ്യന്മാർ ദൈനം ദിന ജീവിതത്തിൽ പ്രയത്നിക്കാനാകാതെ വരുമ്പോളുണ്ടാകുന്ന നിരാശയിൽ നിന്നുണ്ടാകുന്ന കലഹങ്ങൾക്ക് സമാനമാണ് ഈ കളിക്കാഴ്‌ച്ചയും പകർന്നു നൽകുന്ന മോശം സന്ദേശം. ഇതിന്റെയെല്ലാം ഒരറ്റത്ത് ലയണൽ മെസി എന്ന ആശ്വാസ തുരുത്ത് മാത്രമാണ് അർജന്റീനയ്‌ക്കുണ്ടായിരുന്നത്. സ്‌കലോനി ഇത്തവണ മെസിയെ ആശ്രയിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്തില്ല, ചെയ്യാനുണ്ടായിരുന്നില്ല. അർജന്റീനയുടെ ഓരോ ഘട്ടവും ഇതേ രീതിയിലാണ് പുരോഗമിച്ചത് പക്ഷെ ഇതിനെ പിടിച്ചുകെട്ടാൻ ഫൈനൽ വരെ ആർക്കും സാധിച്ചില്ല. അതിന്റെ ഫുൾമാർക്ക് മെസിക്ക് മാത്രം അർഹതപെട്ടതാണ്.

മെക്സിക്കോ സിറ്റി മുതൽ
ന്യൂജേഴ്സി വരെ

മെക്സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സിക്കോ-ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. മൂന്ന് ചുവപ്പ് കാർഡ് കണ്ട മത്സരമായിരുന്നു ഇത്. ലോകകപ്പന്റെ ഉദ്ഘാടന മത്സരത്തിൽ അപൂർവ്വ കാഴ്‌ച്ചയായിരുന്നു ഇത്. മത്സരം 2-0ന് മെക്സിക്കോ സ്വന്തമാക്കി.

മൂന്ന് രാജ്യങ്ങളിലും വർണാഭമായ
ഉദ്ഘാടനക്കാഴ്‌ച്ച

മെക്സിക്കോ സിറ്റിയിലെ ആദ്യ മത്സരത്തിന് മുമ്പേ ഫിഫയുടെ പ്രത്യേകമായ ഉദ്ഘാടന പരിപാടികൾ ഉണ്ടായിരുന്നു. മൂന്ന് രാജ്യങ്ങളിലായി നടക്കുന്നതിനാൽ മൂന്ന് ഇടങ്ങളിലും പ്രത്യേകമായ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാം മത്സരം നടന്നത് കാനഡയും ബോസ്നിയയും തമ്മൽ ടൊറൊന്റോയിലായിരുന്നു. അവിടെയും പ്രത്യേകം ഉദ്ഘാടന പരിപാടികൾ നടത്തി. തൊട്ടതുത്ത മത്സരം അമേരിക്ക-പരാഗ്വേ. വേദി ലോസ് ആഞ്ചലസ്, അവിടെ നടന്ന പരിപാടികളോടെ ലോകകപ്പിനോടനുബന്ധിച്ച ഉദ്ഘാടന മാമാങ്കങ്ങൾ അവസാനിച്ചു.

ഗ്രൂപ്പ് പോരാട്ടങ്ങൾ

48 ടീമുകൾ 12 ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. ഓരോ ഗ്രൂപ്പിലും നാല് വിതം ടീമുകൾ. മുന്നിലെത്തുന്ന രണ്ട് ടീമുകൾ മറ്റൊന്നിനെയും ആശ്രയിക്കാതെ നേരിട്ട് നോക്കൗട്ടിലെത്താം. മൊത്തം ഗ്രൂപ്പുകളിൽ ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനകാർക്കും പ്രവേശിക്കാനാകും എന്ന വിധത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ മൂന്ന് കളിയും ജയിച്ച് മുന്നേറിയപ്പോൾ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും നോക്കൗട്ടിൽ കടന്നു.
ഗ്രൂപ്പ് ബിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം സ്വിറ്റ്സർലൻഡും കാനഡയും നോക്കൗട്ടിന് അർഹത നേടി.
ഗ്രൂപ്പ് സിയിൽ മൊറോക്കോയോട് സമനില പിടിച്ച ബ്രസീൽ സ്‌കോട്ട്ലൻഡിനെയും ഹെയ്തിയെയും തോൽപ്പിച്ച് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ഗ്രൂപ്പ് ഡിയിൽ നിന്ന് അമേരിക്ക, ഓസ്ട്രേലിയ ടീമുകൾ ഒന്നും രണ്ടും സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ഗ്രൂപ്പ് ഇയിൽ നിന്ന് നോക്കൗട്ടിലെത്തിയത് ജർമനിയും ഐവറി കോസ്റ്റും. മൂന്നിൽ രണ്ട് മത്സരങ്ങൾ ജയിച്ച ജർമനി ഇക്വഡോറിനോട് പരാജയപ്പെട്ടു.
ഗ്രൂപ്പ് എഫിൽ നെതർലൻഡ്സ്, ജപ്പാൻ ടീമുകൾ നോക്കൗട്ടിൽ ആദ്യ രണ്ട് സ്ഥാനക്കാരായി ഇടംപിടിച്ചു.
ഗ്രൂപ്പ് ജിയിൽ ബെൽജിയം ഒന്നാം സ്ഥാനക്കാരായപ്പോൾ ഈജിപ്ത് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു.
ഗ്രൂപ്പ് എച്ചിൽ നിന്ന് സ്പെയിൻ ഒന്നാമതായും കെപ് വെർദെ രണ്ടാമത്തെ ടീമായും നോക്കൗട്ടിന് അർഹത നേടി. ഗ്രൂപ്പിൽ ഉൾപ്പെട്ട മുൻ ലോക ജേതാക്കളായ ഉറുഗ്വേ ഒരു മത്സരം പോലും ജയിക്കാതെ രണ്ട് പോയിന്റ് മാത്രം നേടി മൂന്നാം സ്ഥാനക്കാരായി പുറത്തായി.
ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് മൂന്നിൽ മൂന്ന് കളികളും സ്വന്തമാക്കി നോക്കൗട്ടിലെത്തിയപ്പോൾ നോർവേ രണ്ടാം സ്ഥാനക്കാരി മുന്നേറി.
ഗ്രൂപ്പ് ജെയിൽ കളിച്ച എല്ലാ കളികളും ജയിച്ച് നിലവിലെ ജേതാക്കളായ അർജന്റീന നോക്കൗട്ടിൽ അർഹമായ സ്ഥാനം സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായി മുന്നേറിയത് ഓസ്ട്രിയ ആണ്.
ഗ്രൂപ്പ് കെയിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊളംബിയ പോർച്ചുഗലിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറി. പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിലെത്തി. കൊളംബിയ രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ പോർച്ചുഗൽ മൂന്നിൽ ഒരു കളി മത്രമേ ജയിച്ചുള്ളൂ.
ഗ്രൂപ്പ് എല്ലിൽ കളിച്ച മൂന്നിൽ രണ്ട് കളികൽ ജയിച്ചും ഒന്നിൽ സമനില വഴങ്ങിയും ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ക്രൊയേഷ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒന്നിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ പ്രവേശിച്ചു.

നോക്കൗട്ടിലെത്തിയ എട്ട് മികച്ച
മൂന്നാം സ്ഥാനക്കാർ

ഗ്രൂപ്പ് ബിയിൽ നിന്ന് ബോസ്നിയ, ഡിയിൽ നിന്ന് പരാഗ്വേ, ഇയിൽ നിന്ന് ഇക്വഡോർ, എഫിൽ നിന്ന് സ്വീഡൻ, ഐയിൽ നിന്ന് സെനഗൽ, ജെയിൽ നിന്ന് അൾജീരിയ, കെയിൽ നിന്ന് ഡിആർ കോംഗോ, എല്ലിൽ നിന്ന് ഘാന.

അട്ടിമറികളില്ല, പകരം
സുന്ദരമായ നിരവധി മുന്നേറ്റങ്ങൾ

2018ൽ റഷ്യയിലും 2022ൽ ഖത്തറിലും നിരവധി അട്ടിമറി പോരാട്ടങ്ങൾ കണ്ടു. എന്നാൽ 48 ടീമുകളായി എണ്ണം കൂടിയപ്പോൾ അട്ടിമറികൾ ഒന്നുപോലും ഉണ്ടായില്ല. പക്ഷെ നിരവധി മുന്നേറ്റങ്ങൾ കണ്ടു. ആഫ്രിക്കയിൽ നിന്നെത്തിയ കേപ് വെർദെ, സ്ഥിരതയാർന്ന പ്രകടനവുമായെത്തിയ മൊറോക്കോ, സൂപ്പർ താരം മുഹമ്മദ് സലാ ഉൾപ്പെട്ട ഈജിപ്ത്, ബ്രസീലിനെ ഞെട്ടിച്ച നോർവേ, ക്വാർട്ടർ വരെ മുന്നേറിയ സ്വിറ്റ്സർലൻഡ്, പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ ഡിആർ കോംഗോ എന്നിവയെല്ലാം ലോകകപ്പ് 2026ലെ മിന്നും നക്ഷത്രങ്ങളായാണ് വന്നുപോയത്.
കഥ വീണ്ടും രണ്ട് ടീമുകളിലേക്ക് ചുരുങ്ങുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. അതിശക്തമായി തുടങ്ങിയ വിറച്ചുവിറച്ച് ഒടുവിൽ മരവിച്ച് നിർജീവമായി ശ്വാസം നിലച്ചുപോയ നിലവിലെ ചാമ്പ്യൻമാരിലേക്കും ഞെട്ടലോടെ തുടങ്ങി ഓരോ കളിയിലും കരുത്തും മികവും എന്തെന്നും എങ്ങനെയെന്നും ലോകത്തിന് മനസ്സിലാക്കി ഒടുവിൽ ആധിപത്യപൂർവ്വം അർഹമായ നേട്ടത്തിലെത്തിയ സ്‌പെയിനിലേക്കും.

1. മെസി പട്ടാളത്തിന്റെ
തകർപ്പൻ തുടക്കം

അർജന്റീനയുടെ ഇത്തവണത്തെ തുടക്കം അതി ഗംഭീരമായിരുന്നു. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ 3-0ന് തോൽപ്പിച്ച്. വമ്പൻ വിജയം ആഘോഷിച്ചെങ്കിലും സൂപ്പർ താരം മെസി മാത്രമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത്. രണ്ടാം മത്സരത്തിൽ ഓസ്ട്രിയയെ 2-0ന് തോൽപ്പിച്ചപ്പോഴും ഗോൾ അവകാശി മെസി മാത്രമായിരുന്നു. മറ്റുള്ളവരാരും ഗോളടിക്കാതിരുന്നതല്ല. ശ്രമിച്ചിട്ട് നടക്കാതിരുന്നതാണ്. താരതമ്യേന ഈസിയായിരുന്നു അർജന്റീനയ്‌ക്ക് ഗ്രൂപ്പ് ഘട്ടം. അത്ര ശക്തരായ എതിരാളികൾ ആരും ഉണ്ടായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലെയും ടീമുകൾ ഗ്രൂപ്പ് ഘട്ടമായതിനാൽ ഇനിയും മത്സരങ്ങളുള്ളതിനാൽ അർജന്റീനയ്‌ക്കെതിരെ മരണക്കളി പുറത്തെടുക്കാൻ മിനക്കെട്ടില്ലെന്നതാണ് വാസ്തവം. മൂന്നാം മത്സരം ജോർദാനെതിരെ അർജന്റീന 3-1ന് ജയിച്ചു. മത്സരത്തിൽ ജോർദാൻ നേടിയ ഒരേയൊരു ഗോൾ അത്യുജ്ജ്വലമായിരുന്നു. അർജന്റീനയുടെ സർവ്വ പോരായ്‌മയും വിളിച്ചറിയിക്കുന്ന തരത്തിൽ അവസരം തുറന്നെടുത്തായിരുന്നു ലോകകപ്പിന്റെ കന്നിക്കാരായ ജോർദാൻ ആ ഗോൾ ആഘോഷിച്ചത്. അർജന്റീന തിരിച്ചടികൾ നേരിട്ടു തുടങ്ങിയ മത്സരം ഇതായിരുന്നു.

2 . വിരോചിതമായി
വൊസീഞ്ഞയും കെപ് വെർദെയും

നോക്കൗട്ടിൽ ആദ്യ ഘട്ടം റൗണ്ട് ഓഫ് 32 ആയിരുന്നു. അർജന്റീനയ്‌ക്കെതിരാളികളായി കിട്ടിയത് കേപ് വെർദെയെ. ആദ്യ കളിയിൽ സ്‌പെയിനെ ഗോളില്ലാ സമനിലയിൽ പൂട്ടിയ അത്യുഗ്രൻ പ്രകടനത്തിലൂടെ തുടങ്ങിയ കേപ് വെർദെ ഗ്രൂപ്പ് ഘട്ടത്തിൽ ഉറുഗ്വേയെയും സൗദി അറേബ്യയെയും കൂടി സമനിലയിൽ പൂട്ടിയാണ് നോക്കൗട്ട് പാസെടുത്തത്. ആഫ്രിക്കൻ ഫുട്‌ബോളിൽ പോലും അധികം കേട്ടു കേൾവിയില്ലാത്ത ഈ ടീം നിശബ്ദപോരാട്ടത്തിലൂടെ നോക്കൗട്ടിലെത്തിയപ്പോൾ ഇവരുടെ ഗ്രൂപ്പിൽ ഒരു കാലത്തെ ചാമ്പ്യൻമാരായി വിലസിയ ഉറുഗ്വേ ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പ് പോരാട്ട വേദിയോട് വിട പറഞ്ഞു. ഒരു അട്ടിമറി പോലും നേരിടാതെ ഒരു ടീം ലോകകപ്പിന് പുറത്തായി. അവർ തോറ്റത് സ്‌പെയിനോട് മാത്രം. കഴിഞ്ഞ തവണ അർജന്റീനയെ കീഴടക്കിയ സൗദി അറേബ്യയും ഇക്കുറി പത്തിമടക്കി നാട്ടിലേക്ക് മടങ്ങി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മെസി നേടിയ ഗോളിൽ ആദ്യ പകുതി മുന്നിട്ടു നിന്ന അർജന്റീന രണ്ടാം പകുതിയിൽ ഗോൾ വഴങ്ങി. നിശ്ചിത സമയ മത്സരം സമനില പിടിക്കുന്നതിൽ കേപ് വെർദെ തുടർച്ചയായ നാലാം മത്സരത്തിലും വിജയിച്ചു. അധികസമയത്ത് ആദ്യം സ്‌കോർ ചെയ്ത അർജന്റീനയ്‌ക്കെതിരെ വീണ്ടും കേപ് വെർദെ സമനില പിടിച്ചു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേടിക്കൊണ്ട് സിഡ്‌നി ലോപസ് കബ്രാൽ ലോകത്തെ അത്ഭുതപ്പെടുത്തി. കോർണർ കിക്ക് തൊടുത്തുണ്ടായ കൂട്ടപൊരിച്ചിലിൽ ദാനഗോൾ നേടിക്കൊണ്ട് അർജന്റീന 3-2ന് പ്രീക്വാർട്ടറിലേക്ക് കടന്നുകൂടി. കരുത്തൻ സ്‌പെയിൻതാരങ്ങൾ മുതൽ സൂപ്പർ താരം ലിയോ മെസി വരെ നടത്തിയ ഗംഭീര ഓൺ ടാർഗറ്റ് ഷോട്ടുകൾക്ക് മുന്നിൽ പാറ പോലെ ഉറച്ചു നിന്ന കേപ് വെർദെ ഗോളി വൊസീന്യ 40-ാം വയസിൽ ലോകഫുട്‌ബോൾ പ്രേമികളുടെ ഹിറോയായി കളംവിട്ടു.

3. അടിച്ച ഗോൾ
 പിൻവലിപ്പിക്കപ്പെട്ട മത്സരം

പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്ക് എതിരാളികളായി കിട്ടിയത് ഈജിപ്തിനെ. ലോകകപ്പ് ഫുട്‌ബോളിൽ അടയാളപ്പെടുത്തലുകളൊന്നുമില്ലാതിരുന്ന സൂപ്പർ താരം മുഹമ്മദ് സലായുടെ നേതൃത്വത്തിൽ ഒരു മികച്ച ടീം ആണ് ഇത്തവണ വടക്കേ അമേരിക്കയിലെത്തിയത്. ഗ്രൂപ്പ് ജിയിൽ നിന്ന് ബെൽജിയത്തെയും ഇറാനെയും സമനിലയിൽ പൂട്ടിയ അവർ ന്യൂസിലൻഡിനെ തോൽപ്പിച്ച് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് റൗണ്ട് ഓഫ് 32ൽ എത്തിയത്. അവിടെ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താക്കി അർജന്റീനയ്‌ക്കെതിരെ പടപൊരുതാനിറങ്ങി. ശക്തമായ പോരാട്ടത്തിന്റെ 80 ശതമാനം സമയവും ഈജിപ്ത് കയ്യടക്കി. മത്സരം 78 മിനിറ്റിലെത്തുമ്പോൾ അർജന്റീനയ്‌ക്കെതിരെ 2-0ന്റെ ലീഡിൽ വിജയം ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പിന്നീട് മെസി എന്ന മാന്ത്രികന്റെ മാസ്മരിക നീക്കങ്ങളുടെ ബലത്തിൽ അർജന്റീന മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഈജിപ്തിനെ മറികടക്കുകയായിരുന്നു. അതിൽ ഒരു ഗോൾ മെസിയുടെ ഇടം കാലിൽ നിന്നും വലയിൽ കയറി. റഫറിയുടെയും വീഡിയോ അസിസ്റ്റന്റ് റഫറി(വാർ)യുടെയും നിരവധി വിവാദ തീരുമാനങ്ങൾ അകമ്പടി ചാർത്തിയാണ് മെസിയും കൂട്ടരും ഇക്കുറി ഫൈനൽ വരെ എത്തിയത്. അവയിൽ പലതിനെയും മുൻകാല കളിയിലെ സംഭവങ്ങളുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കാനും സാധിക്കുമായിരുന്നു. പക്ഷെ ഈജിപ്തിനെതിരായ പോരിൽ 58-ാം മിനിറ്റിൽ അർജന്റീനയ്‌ക്കെതിരെ മികച്ചൊരു ബിൽഡപ്പിലൂടെ നേടിയ ഗോൾ നിഷേധിച്ചത് ഫുട്‌ബോളിനോടുള്ള കടുത്ത കളങ്കമായി എന്നും നിലനിൽക്കും. അതിന് വീഡിയോ അസിസ്റ്റന്റ് റഫറി(വാർ) സംവിധാനം കൈക്കൊണ്ട നിലപാട് ന്യായമെന്ന് വിശേഷിപ്പിക്കാം എന്ന് മാത്രം. ഗോളിലേക്കുള്ള വഴി തുടങ്ങും മുമ്പേ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസ് വിധേയനാകേണ്ടിവന്ന ഫൗളിനെ അപ്പോഴൊന്നും അപ്പീൽ ചെയ്യാതെ ആ നീക്കം പത്തിലേറെ ടച്ചുകൾ കഴിഞ്ഞ് ഗോളായപ്പോൾ മാത്രം അപ്പീലിന് പോയത് വലിയ പാരമ്പര്യമുള്ള അർജന്റൈൻ മികവിന് യോജിക്കാത്തതായിമാറി.

4. ചരിത്രനേട്ടത്തോടെ
സ്വിസ്സ് പടിയിറക്കം

ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനോടും പുറത്താകുമെന്ന തോന്നലുണ്ടാക്കിയാണ് അർജന്റീന വിജയിച്ചത്. നിശ്ചിത സമയ മത്സരം 1-1ൽ കലാശിച്ചപ്പോൾ. അധികസമയത്തിലേക്ക് പോയി. ഒടുവിൽ 3-1ന് മത്സരം കൈക്കലാക്കി. 72 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടർ വരെയെത്തിയത്. ഇതിന് മുമ്പ് 1954ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലായിരുന്നു ആ മുന്നേറ്റം. ഗ്രൂപ്പ് ബിയിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയും സഹിയം ഏഴ് പോയിന്റോടെ ജേതാക്കളായി പ്രീക്വാർട്ടറിലെത്തിയ സ്വിസ്സ് പട റൗണ്ട് ഓഫ് 32ൽ കീഴടക്കിയത് അൾജീരിയയെ ആയിരുന്നു. പ്രീക്വാർട്ടറിൽ കൊളംബിയൻ പ്രതീക്ഷകളെ പെനാൽറ്റി ഷൂട്ടൗട്ടിൽ ചുട്ടെരിച്ചായിരുന്നു മുന്നേറ്റം. പോർച്ചുഗലിനെ രണ്ടാം സ്ഥാനക്കാരാക്കി ഗ്രൂപ്പ് കെയിൽ നിന്ന് ഏഴുപോയിന്റുമായി ജേതാക്കളായി നോക്കൗട്ടിൽ കടന്ന കൊളംബിയ റൗണ്ട് ഓഫ് 32ൽ ഘാനയെ 1-0ന് മറികടന്നാണ് പ്രിക്വാർട്ടറിൽ കളിച്ചത്. യോഗ്യതാ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ച രണ്ട് ടീമുകളിൽ ഒന്നായിരുന്നു കൊളംബിയ. പക്ഷെ അവരുടെ മുന്നേറ്റം തടഞ്ഞ സ്വിസ്സ് പടയും അർജന്റീനയെ കൊമ്പുകുത്തിക്കാനാകാതെ കീഴടങ്ങേണ്ടിവന്നു.

5. ടുഷേലിന്റെ കണക്കുകൾ
പിഴച്ചുപോയ സെമി

അർജന്റീനൻ താരങ്ങളുടെ മോശം കളി വളരെ വികൃതമായി തെളിഞ്ഞു കണ്ട മത്സരമായിരുന്നു ഇംഗ്ലണ്ടുമായുള്ള സെമി പോരാട്ടം. സിമിയോണിയും പരേദേസും കളിച്ചത് ഫുട്‌ബോളായിരുന്നില്ല ഇംഗ്ലണ്ടിന്റെ ഒന്നാന്തരം മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാമിനെ വരുതിയിലാക്കാനുള്ള പരുക്കൻ അടവുകളായിരുന്നു. ഒന്നിനെയും കൂസാതെ കളിച്ച ഇംഗ്ലണ്ട് 54-ാം മിനിറ്റിൽ അത്യുഗ്രൻ ഗോളോടെ 1-0ന് മുന്നിലെത്തി. മത്സരം പുരോഗമിക്കവെ ആക്രമണത്തിന്റെ വീര്യം കുറയ്‌ക്കാൻ ടുഷേൽ തീരുമാനിച്ചു. പ്രതിരോധത്തിൽ തളംകെട്ടി നിൽക്കാൻ ഇംഗ്ലീഷ് പടയോട് കോച്ച് ടുഷേൽ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനൊത്ത എതിരാളികളേ ആയിരുന്നില്ല അർജന്റീന എന്ന ഇംഗ്ലണ്ട് കോച്ചിന്റെ നിഗമനം നൂറ് ശതമാനവും ശരിയായിരുന്നു. പക്ഷെ എതിർ നിരയിൽ മെസി എന്നൊരു ഒറ്റയാൾ പട്ടാളത്തെ ഗൗനിച്ചില്ല. അയാൾക്ക് സ്‌പേസ് നൽകിയാൽ ആത്മഹത്യാപരമായിരിക്കുമെന്ന് തിരിച്ചറിയാൻ ടുഷേലിന് സാധിച്ചില്ല. എണ്ണം പറഞ്ഞ രണ്ട് അസിസ്റ്റുകളിലൂടെ മെസി എൻസോ ഫെർണാണ്ടസിനെക്കൊണ്ടും ലൗട്ടാരോ മാർട്ടിനെസിനെ കൊണ്ടും ഗോളടിപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന് പോലും തോൽപ്പിക്കാൻ സാധിക്കാതിരുന്ന ഡിആർ കോംഗോയെ തോൽപ്പിച്ചുകൊണ്ടാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് യാത്ര ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ(പ്രീക്വാർട്ടർ) ആതിഥേയരായ മെക്‌സിക്കൻ കുതിപ്പിന് പൂട്ടിട്ടു. ക്വാർട്ടറിൽ നോർവേയുടെ വെല്ലുവിളിയെ മറികടന്നാണ് സെമി പാസ് സ്വന്തമാക്കിയത്.

5. ആഞ്ചലോട്ടിയുടെ ചങ്കിടിപ്പും
നോർവേയുടെ മുന്നേറ്റവും

ഫുട്‌ബോളിലെ സുൽത്താൻ അഥവാ നെയ്‌മർ എക്കാലത്തുമെന്നപോലെ ഇത്തവണത്തെ ലോകകപ്പ് പടിവാതിൽക്കലെത്തുമ്പോഴും പരിക്കിന്റെ പിടിയിലായിരുന്നു. പരിപൂർണ ഫിറ്റല്ലാത്ത നെയ്‌മറിനെ ഉൾപ്പെടുത്തണമോ എന്ന് വലിയ ആശങ്കയായിരുന്നു ബ്രസീലിയൻ കോച്ച് കാർലോസ് ആഞ്ചലോട്ടിക്ക്. പക്ഷെ നെയ്‌മറുടെ സാന്നിധ്യം കാനറികൾക്ക് നൽകുന്നൊരു ഊർജ്ജമുണ്ട് അത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഫുട്‌ബോൾ ലോകം കണ്ടുശീലിച്ചതുമാണ്. ആ ഒരൊറ്റ വികാരം കണക്കിലെടുത്ത് ആഞ്ചലോട്ടി മനസ്സില്ലാ മനസ്സോടെയാണ് നെയ്‌മറെ ഉൾപ്പെടുത്തിയത്. കണിശക്കാരനായ ആഞ്ചലോട്ടിയുടെ ഈ ആത്മവിശ്വാസക്കുറവിനൊപ്പം നെയ്‌മറില്ലാത്ത ബ്രസീലിയൻ പടയ്‌ക്ക് മാനസികമായി മത്സരത്തിനൊരുങ്ങാൻ സാധിക്കില്ലായിരുന്നു എന്നൊരു പോരായ്‌മയും നിലനിൽക്കുന്നുണ്ടായിരുന്നു. ഈ കഥയുടെ ബ്രസീലിയൻ യാത്രയിൽ ഉടനീളം ടീമിന്റെ ഇടർച്ച പ്രകടമായി പ്രതിഫലിച്ചിരുന്നു. പ്രീക്വാർട്ടറിൽ ബ്രസീലിനെതിരെ നോർവേയ്‌ക്കായി എർലിങ് ഹാലൻഡ് നേടിയ മികച്ച രണ്ട് ഫിനിഷിങ്ങോടെ കാനറി പറവകളുടെ ചിറകറ്റു. നോക്കൗട്ടിലെ ആദ്യ റൗണ്ടിൽ ജപ്പാനെ തോൽപ്പിച്ചാണ് ബ്രസീൽ പ്രീക്വാർട്ടറിൽ നോർവേയ്‌ക്കെതിരെ ഇറങ്ങിയത്.

6. ഫൈനലിനായുള്ള
അർജന്റൈൻ ഒരുക്കം

കേപ് വെർദെ, ഈജിപ്ത്, സ്വിറ്റ്‌സർലൻഡ്, ഒടുവിൽ ഇംഗ്ലണ്ടിനെയും തീർത്ത് അർജന്റീന ഫൈനലിനൊരുങ്ങി. ഈ ഒരുക്കത്തിനും മുമ്പേ ഫൈനലിൽ അവരുടെ എതിരാളികൾ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സെമിയിൽ ഫ്രാൻസിനെ വീഴ്‌ത്തിയായിരുന്നു സെപിയന്റെ ഫൈനൽ പ്രവേശം. ഫ്രാൻസിനെതിരായ മത്സരത്തിന് മുമ്പേ ലോകം വാഴ്‌ത്തിയിരുന്നു. ഇതാണ് യഥാർത്ഥ ഫൈനൽ എന്ന്. എന്തെന്നാൽ അത്രമാത്രം ശക്തരായിരുന്നു ഫ്രാൻസ്. എന്നാൽ കാളപ്പോരിന്റെ നാട്ടിൽ നിന്ന് സ്ഥിരതയോടെ എത്തിയ സ്പാനിഷ് വീരൻമാർക്ക് മുന്നിൽ ഫ്രഞ്ച് കരുത്ത് ഞെരിഞ്ഞമരുകയായിരുന്നു. ഫൈനലിലേക്കെത്തിയ സ്പാനിഷ് കഥയുടെ തുടക്കം വലിയൊരു ഞെട്ടലിൽ നിന്നായിരുന്നു.

സ്‌പെയിൻ

1 ഫേവറിറ്റുകളായെത്തി
ഞെട്ടിക്കൊണ്ട് തുടങ്ങി

ലോകകപ്പ് തുടങ്ങും മുമ്പ് സാധ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫ്രാൻസായിരുന്നെങ്കിൽ രണ്ടാമത്തെ ടീം ആയിരുന്നു സ്‌പെയിൻ. പക്ഷെ ആദ്യ മത്സരത്തിൽ കേപ് വെർദെയ്‌ക്കെതിരെ ജയിക്കാനാകാതെ പോയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. രണ്ടാം മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ ഗംഭീര വിജയം നേടി. മൂന്നാം മത്സരത്തിൽ ഉറുഗ്വേയെയും തോൽപ്പിച്ച് ഗ്രൂപ്പ് എച്ചിൽ നിന്നും ജേതാക്കളായി നോക്കൗട്ടിലേക്ക്. ലോകകപ്പിലെ ഓരോ കളിയിലും സ്‌പെയിൻ എതിരാളികളെ വെറുതെ തോൽപ്പിക്കുകയായിരുന്നില്ല. നിർവീര്യമാക്കുകയായിരുന്നു. ഈ ഗണത്തിൽ അവർക്ക് മെരുങ്ങാതെ പോയ ടീം ആയിരുന്നു കേപ് വെർദെ. മറ്റൊരു ടീം വഴിയേ വരുന്നുണ്ട്. അവരുമായി കണ്ടുമുട്ടിയ കഥയാണ് ഈ ലോകകപ്പിന്റെ യഥാർത്ഥ ഫൈനൽ എന്നും വിശേഷിപ്പിക്കാം.

2 ഓസ്ട്രിയയെ തകർത്ത് മുന്നോട്ട്

റൗണ്ട് ഓഫ് 32ൽ സ്‌പെയിൻ ആദ്യം നേരിട്ടത് കരുത്തരായ ഓസ്ട്രിയയെ ആയിരുന്നു. അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പ് ജെയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായെത്തിയ ഓസ്ട്രിയ. സ്‌പെയിൻ 3-0ന് ഓസ്ട്രിയൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

3 പ്രീക്വാർട്ടർ അഥവാ ഫൈനൽ

ആദ്യ മത്സരത്തിൽ സ്‌പെയിന് കേപ് വെർദെയ്‌ക്കെതിരെ ഒരു ഗോൾ പോലും നേടാൻ സാധിക്കാതെ വിഷമിച്ചെങ്കിൽ അതിന് ഉത്തരവാദി വൊസീന്യ എന്ന കരുത്തൻ ഗോൾ കീപ്പർ മാത്രമായിരുന്നു. എന്നാൽ പിന്നീട് സ്‌പെയിൻ ഈ ലോകകപ്പിൽ ഏതെങ്കിലും തരത്തിൽ വെല്ലുവിളി അറിഞ്ഞെങ്കിൽ അത് പോർച്ചുഗലുമായി മാത്രമാണ്. സ്പാനിഷ് നിരയുമായി കിടപിടിക്കുന്ന പോരാട്ടത്തോടെയാണ് പോർച്ചുഗൽ കീഴടങ്ങിയത്. പരമാവധി സമയം പന്തടക്കം സൂക്ഷിക്കാൻ ശ്രമിക്കുന്ന സ്‌പെയിനെതിരെ 44 ശതമാനവും പന്ത് കൈവശംവച്ച് പൊരുതിയ പോർച്ചുഗൽ 434 പാസുകൾ നൽകി. പത്ത് മുന്നേറ്റങ്ങൾ നടത്തി. മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടുകളും ഉതിർത്തു. അതിൽ ഒന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ ഷോട്ട് ആയിരുന്നു. പക്ഷെ സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യുവെന്തെ കരുതിവച്ച വജ്രായുധം മിക്കെൽ മെറിനോ പകരക്കാരനായി ഇറങ്ങി നിശ്ചിത സമയം തീരാൻ മിനിറ്റുകളുള്ളപ്പോൾ പോർച്ചുഗൽ കൂട്ടിൽ പൂത്തിരി പൊട്ടിച്ചു. ഈ ഒരൊറ്റ ഗോളിൽ പോർച്ചുഗൽ ടീമും ലോകത്തിന്റെ സൂപ്പർ താരവും പ്രതീക്ഷകളറ്റ് കണ്ണീരോടെ നിന്നു.

3. റോബർട്ടോയ്‌ക്ക് പിഴച്ചതിവിടെ

സാധ്യതയിൽ മുമ്പ് രണ്ട് ടീമുകളുടെ കാര്യമേ പറഞ്ഞിരുന്നുള്ളൂ. മൂന്നാമത്തെ ടീം അത് പോർച്ചുഗലായിരുന്നു. റോബർട്ടോ മാർട്ടിനെസ് കോച്ചായുള്ള പോർച്ചുഗൽ. എണ്ണം പറഞ്ഞ കുറേ താരങ്ങളാൽ സമ്പന്നമായ ടീം. പക്ഷെ ടീമിനകത്ത് ഒത്തിണക്കം സൃഷ്ടിക്കുന്നതിൽ കോച്ച് പരാജയപ്പെട്ടു. നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ലോക കിരീടം ഉയർത്തുന്നതിനെ അംഗീകരിക്കാൻ മടിച്ചിരുന്ന ടീമിനകത്തെ ചില തുരുത്തുകൾ ഒന്നാന്തരം ടീമിന്റെ മുന്നേറ്റത്തിന് വിനയായികുകായിയരുന്നു. നിർണായക പോരാട്ടത്തിന് പോലും ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ടീമിനകത്തെ നീറ്റൽ വലിയ പ്രതിസന്ധിയായിമാറി.

4 ഒരേയൊരു ഗോൾ വഴങ്ങിയിട്ടും
തളർന്നില്ല

ബെൽജിയത്തിനെതിരെയായിരുന്നു സ്‌പെയിന്റെ ക്വാർട്ടർ പോരാട്ടം. ഈ മത്സരത്തിൽ മാത്രമാണ് സ്‌പെയിൻ ലോകകപ്പിൽ ഗോൾ വഴങ്ങിയത്. ആദ്യ പകുതിയിൽ സ്‌പെയിൻ 1-0ന് മുന്നിട്ട് നിന്ന ശേഷമായിരുന്നു അത്. പ്രതിരോധത്തിൽ കോട്ട കെട്ടി നിൽക്കേണ്ടി വന്ന ബെൽജിയം നടത്തിയ മികച്ചൊരു നീക്കത്തിന്റെ ഒടുവിൽ നടത്തിയൊരു ഹൈബോൾ ക്രോസ് ഗോളിൽ കലാശിക്കുകയായിരുന്നു. കസ്റ്റാഗ്നെ നൽകിയ പാസിൽ ചാൾസ് ഡി കാറ്റെല്ലയർ ഹെഡ്ഡറിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. ഈ സമനില ഗോളിനെ മറികടക്കാൻ സ്‌പെയിൻ പല ശ്രമങ്ങൾ നടത്തിയിട്ടും സാധിച്ചില്ല. ഒടുവിൽ ഫ്യുവെന്തെ ഒരിക്കൽ കൂടി പകരക്കാരനായി മിക്കെൽ മെറിനോയെ ഇറക്കി. 88-ാം മിനിറ്റിൽ ഒരു ലോങ് റേഞ്ചറിൽ നിന്നും ഗോളിടുയെ സേവ് ശ്രമത്തിൽ നിന്നുണ്ടായ റീബൗണ്ടിനെ മെറിനോ വലയിലെത്തിച്ചു.
റൗണ്ട് ഓഫ് 32ൽ സെനഗലിനെയും പ്രീക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെയും കീഴടക്കിയാണ് ബെൽജിയം ക്വാർട്ടർ പോരിനെത്തിയത്. സ്‌പെയിന്റെ ആക്രമണത്തെ പ്രതിരോധിച്ചു നിന്നും ഒരു ഗോൾ അടിക്കാൻ സാധിച്ചു എന്നതിനപ്പുറം ഒന്നും അവകാശപ്പെടാനില്ലാതെ ബെൽജിയം മടങ്ങി. അവരെ സ്പാനിഷ് നിര പറഞ്ഞയച്ചു.

5 ഫ്രഞ്ച് കരുത്തിനെ ശ്വാസം
മുട്ടിച്ചു കൊമ്പുകുത്തിച്ചു

ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമായിരിക്കുമെന്ന വിലയിരുത്തലുകളെ കാറ്റിൽ പറത്തിയാണ് സ്‌പെയിൻ ഫ്രാൻസിന്റെ കഥ അവസാനിപ്പിച്ചത്. കളികണക്കുകളിൽ ഫ്രാൻസ് ഏതാനും മുന്നേറ്റങ്ങളും ഓൺ ടാർഗറ്റുകളുമൊക്കെ ഉതിർത്തതായി കാണാം പക്ഷെ അവയൊന്നും സ്പാനിഷ് നിരയ്‌ക്ക് ഒരു ഭീഷണി പോലുമേശിയില്ല. 2-0ന് ഫ്രഞ്ച് പ്രതീക്ഷകൾ സ്‌പെയിൻ അവസാനിപ്പിച്ചു.

5.1 ദെഷാംപ്‌സിന്റെ തിരിച്ചടി

മികച്ച ടീം ആയിരുന്നു ഫ്രാൻസ് അടിമുടി ലോകകപ്പ് സ്വന്തമാക്കാൻ ഏറ്റവും അർഹതയുള്ള നിര. പക്ഷെ മത്സരത്തിന്റെ ഗതി അനുസരിച്ച് കളിയെ പാകപ്പെടുത്തുന്ന തന്ത്രം മെനയുന്നതിന് പകരം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി മാത്രമാണ് ഫ്രഞ്ച് കോച്ച് ദിദിയെ ദെഷാംപ്‌സിനുണ്ടായിരുന്നത്. 2022ൽ ഖത്തറിൽ അർജന്റീനയ്‌ക്കെതിരായ മത്സരം തുലച്ചതിന്റെ കാരണവും ഇതു തന്നെയായിരുന്നു. പ്രതിരോധം മുതൽ മുന്നേറ്റം വരെ ക്രിയാത്മകമായി പൊരുതുന്ന സ്പാനിഷ് നിരയ്‌ക്കെതിരെ ത്രൂഔട്ട് അറ്റാക്ക് എന്ന ശൈലി അവലംഭിച്ച ദെഷാംപ്‌സിന്റെ ശൈലിയെ സ്പാനിഷ് പട ചുരുട്ടിക്കെട്ടുകയായിരുന്നു.

5.3 തുടക്കം മുതൽ
ത്രസിപ്പിച്ചുകൊണ്ട് മുന്നേറി ഒടുവിൽ

ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തൻ ടീമുകളെയാണ് ഫ്രാൻസിന് എതിരാളികളായി കിട്ടിയത്. എല്ലാ മത്സരങ്ങളിലും വിജയം കൊയ്ത് നോക്കൗട്ടിൽ. ആദ്യ കടമ്പയിൽ വമ്പൻ സ്വീഡനെ 3-0ന് തകർത്തു. രണ്ടാം മത്സരത്തിൽ കണ്ടത് പരാഗ്വേയെ. ജർമൻ പ്രതീക്ഷകളെ ഷൂട്ടൗട്ടിൽ ഞെരിച്ചുകളഞ്ഞ പരാഗ്വെയെ 1-0ന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ. സാധ്യതാ പട്ടികയിലെ ടീമുകളിൽ ഒന്നായിരുന്ന നെതർലൻഡ്‌സിനെ റൗണ്ട് ഓഫ് 32ൽ ഷൂട്ടൗട്ടിൽ കീഴടക്കി. പ്രീക്വാർട്ടറിൽ കാനഡയെയും മറികടന്നാണ് ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടാനെത്തിയത്. ഫ്രഞ്ച് വീര്യത്തിന് മുന്നിൽ മൊറോക്കോ 0-2ന് കീഴ്‌പ്പെട്ടു. ഒടുവിൽ സ്‌പെയിന് മുന്നിൽ നീറി പിടഞ്ഞ് കിലിയൻ എംബാപ്പെയും ഒലിസെയും ഡെംബെലെയും ബാർകോളയും ചൗമേനിയും തുറാമും കൊനാറ്റെയും ഹെർണാണ്ടസുമെല്ലാം നിരാശരായി കളം വിട്ടു.

6 എതിരാളികൾക്കായുള്ള
കാത്തിരിപ്പും കഴിഞ്ഞ്

ഫ്രാൻസിനെ തീർത്ത് ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സ്‌പെയിൻ അവസാന കഥയ്‌ക്കായി ഒരുക്കം തുടങ്ങിയത്. അപ്പോഴേക്കും അറ്റ്‌ലാന്റയിൽ മെസിയുടെ മികവിൽ അർജന്റീന ഇംഗ്ലണ്ടിന്റെ കഥ തീർത്തിരുന്നു. ഫൈനലിന് അവർക്കൊരുങ്ങാൻ ഒരൊറ്റ വഴി മാത്രം മതിയായിരുന്നു. പഠിക്കാൻ ഒരു പാഠമേ ഉണ്ടായിരുന്നുള്ളു. രണ്ട് പതിറ്റാണ്ടിലേറെയായി ലോകം കണ്ടുകൊണ്ടിരിക്കുന്ന മെസിയെന്ന മാന്ത്രികനെ പൂട്ടാനുള്ള പാഠം. പക്ഷെ ഫ്യുവെന്തെയിലെ തന്ത്രജ്ഞനിൽ മെസിയെ പൂട്ടുകയെന്ന അജണ്ട തന്നെ മാറ്റി വച്ചു. അങ്ങനെ സംഭവിച്ചാൽ അത് പൊളിക്കാനുള്ള താക്കോൽ ആ മാന്ത്രികനിലുണ്ടാകുമെന്ന് അവർക്ക് തീർച്ചയായിരുന്നു. പകരം അയാളെ നോക്കുകുത്തിയായി മൈതാനത്ത് നിർത്താനുള്ള മാർഗമാണ് ഫൈനൽ വരെയുള്ള മൂന്ന് ദിവസങ്ങൾ സ്‌പെയിൻ പഠിച്ചുകൊണ്ടിരുന്നത്. അതിലേക്കുള്ള കഥയ്‌ക്ക് മുമ്പ് രണ്ട് കൂട്ടരും മുഖാമുഖം നിൽക്കുന്ന ഏഴാം കവാടത്തിലേക്ക് യാത്ര തിരിക്കാം.

7-ാം കവാടത്തിൽ രണ്ട് കൂട്ടരും

അതെ, ഗ്രൂപ്പ് ഘട്ടം എന്ന അറയ്‌ക്ക് ശേഷമുള്ള ബലമേറിയ ആറ് നോക്കൗട്ട് കോട്ടകൾ താണ്ടി രണ്ട് ടീമുകൾ സ്വർണ കിരീടത്തിനായുള്ള എഴാം കവാടത്തിൽ മുഖാമുഖം വന്നു നിൽക്കുകയാണ്. ന്യൂജേഴ്‌സിയിൽ ഒരു കൂട്ടത്തിലെ പത്ത് പേർ കളം നിറഞ്ഞപ്പോൾ കാവൽക്കാരൻ സമ്പൂർണ വിശ്രമത്തിലായിരുന്നു. മറ്റൊരു കൂട്ടത്തിലെ പത്ത് പേർ കാഴ്‌ച്ചക്കാരായി ഒരാൾക്ക് മാത്രമേ പണി ഉണ്ടായിരുന്നുള്ളൂ. അയാളുടെ പേര് എമിലിയാനോ മാർട്ടിനെസ്. വെറുതെ നിന്ന് പൊറുതിമുട്ടിയ ഒരാൾ ധിക്കാരം കാട്ടി ഇടയ്‌ക്ക് വച്ച് പുറത്തേക്കുള്ള ചുവന്ന പാസും വാങ്ങി സ്ഥലം കാലിയാക്കി. ഇതോടെ പണിയെടുക്കാൻ സാധിക്കാതെ വന്നവരുടെ കൂട്ടത്തിലെ എണ്ണം ഒമ്പതായി അഥവാ പത്തായി ചുരുങ്ങി. ആ ചെറിയ വലിയ വിശേഷത്തോടെ കഥ പൂർത്തിയാകുകയാണ്.

കലാശ കഥ

മെസിയെ കാഴ്‌ച്ചക്കാരനാക്കി
സ്പാനിഷ് പട കപ്പടിച്ചു

ഫൈനൽ സ്വന്തമാക്കാൻ സ്പാനിഷ് പട തുടക്കം മുതൽ ഒരൊറ്റ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തി- പന്ത് പരമാവധി സമയം കൈവശം വച്ച് പൊരുതി, ഒപ്പം അവരുടെ കാൽക്കീഴിൽ നിന്ന് പന്ത് പോയാൽ പോലും അത് ലയണൽ മെസിയിലേക്ക് എത്തിക്കാൻ അർജന്റൈൻ താരങ്ങളെ അനുവദിക്കാതെ ശ്രദ്ധിച്ചു. ഇതോടെ കളിയുടെ 75 ശതമാനം വിജയവും സ്പാനിഷ് പടയ്‌ക്കൊപ്പമായി. മത്സരം 112 മിനിറ്റ് പിന്നിട്ട ശേഷമാണ് മെസിക്ക് കഴിഞ്ഞ കുറേ മത്സരങ്ങളിലേത് പോലെ കാൽക്കൽ പന്തെത്തിയത്. പിന്നീടത്തെ ഏതാനും നിമിഷങ്ങൾ കൊണ്ട് മെസി നടത്തിയ നീക്കങ്ങളുടെ ഫലമായാണ് അർജന്റീനയുടെ ഭാഗത്ത് നിന്ന് മത്സരത്തിൽ മൂന്ന് ഷോട്ടുകളെങ്കിലും ഉണ്ടായത്.
ആദ്യ പകുതിയിൽ സ്പാനിഷ് പട ചില ശ്രമങ്ങൾ നടത്തിയതല്ലാതെ മുന്നേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. പകരം ഒരു വീക്ഷണമെന്നപോലെ ജാഗ്രത കാട്ടാനാണ് ശ്രദ്ധിച്ചത്. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ കുക്കുറേയയിൽ തുടങ്ങി റോഡ്രി വഴി ഓൽമോ, റൂയിസ് എന്നിവരിലൂടെ യാമാൽ വഴിക്കാണ് ഗോൾ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിനെതിരെ ടൂർണമെന്റിൽ ആദ്യമായി അർജന്റീന പ്രതിരോധത്തിൽ അതീവ ശ്രദ്ധയോടെ കളിക്കുന്നതാണ് കണ്ടത്. മെസിയിലേക്ക് പന്തെത്തുന്നതിന് കാവൽ നിന്നുകൊണ്ട് ഇടത് വിങ്ങർ കുക്കുറേയ ആണ് നീക്കങ്ങളുടെ പ്രഭവ കേന്ദ്രമായി വഴിതിരിച്ചുവിട്ടത്. കുക്കുറേയയുടെ പതിവ് രീതിക്ക് ഇടത് പാർശ്വത്തിലൂടെയുള്ള ശ്രമങ്ങൾക്ക് മുതിർന്നാൽ മെസിയുടെ കാൽക്കലേക്ക് പന്തെത്തുമെന്ന് അപകടം തിരിച്ചറിഞ്ഞ സ്പെയിൻ പതുക്കേ ഗതി തിരിച്ച് റോഡ്രി വഴി വലത് ഭാഗത്ത് കൂടി വഴിതെളിക്കുകയായിരുന്നു. അർജന്റൈൻ പ്രതിരോധം ശക്തമായി പൊരുതിയതും സ്പാനിഷ് നിരയിലെ മികച്ചൊരു നമ്പർ നയൻ പൊസിഷൻ താരത്തിന്റെ അഭാവം കാരണം സ്പാനിഷ് ശ്രമങ്ങൾക്ക് പൂർണത ഉണ്ടായില്ല. അർജന്റീന പ്രതിരോധമുയർത്തിയ സമ്മർദ്ദത്തിനിടെ പായിച്ച ഓൺ ടാർഗറ്റ് ഷോട്ടുകളെല്ലാം ദുർബലമായിരുന്നു. നിശ്ചിത സമയ മത്സരം തീരും മുമ്പ് നേടിയെടുത്തൊരു ഫ്രീക്കിക്ക് ഒരു സാധ്യതയായിരുന്നു. മികച്ച ഷോട്ട് പക്ഷെ എമി മാർട്ടിനെസ് തട്ടികയറ്റി.

ഒടുവിൽ തന്ത്രം മാറ്റി
വിജയത്തിലേക്ക്

മത്സരം അധിത സമയത്തിലേക്ക് കടന്നു. താരങ്ങളെ മാറ്റി പരീക്ഷിച്ചിട്ടും ഷോട്ടുകളുടെ ശക്തി കൂട്ടിയിട്ടും പണി നടക്കാതെ വന്നതോടെ സ്പാനിഷ് പട നടത്തിയ ചെറിയൊരു പരീക്ഷണം വജയത്തിൽ കലാശിച്ചു. മുന്നേറ്റ താരങ്ങളും മധ്യനിര താരങ്ങളും ചേർന്ന് നടത്തുന്ന ശ്രമങ്ങളെ സമർത്ഥമായി നേരിട്ട അർജന്റൈൻ പ്രതിരോധ നിരയ്‌ക്കും ഗോളിക്കുമെതിരെ യമാൽ ബാക്ക് പാസ് നൽകി പ്രതിരോധ താരം പോറോയെ കൊണ്ട് ഒരു ഹൈബോൾ കളിപ്പിച്ചു. പോറോ കൃത്യമായി ദൗത്യം നിറവേറ്റി. അർജന്റൈന് ഗോൾ മുഖം പ്രതീക്ഷിക്കാതെയെത്തിയ മികച്ചൊരു ക്രോസ് ഏകപക്ഷീയമായ ആ വിജയഗോളിൽ കലാശിക്കുകയായിരുന്നു.

ആ ഒരു ഗോളിൽ എല്ലാം ശുഭം

106-ാം മിനിറ്റിൽ ഏഴാം നമ്പർ താരം ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്‌പെയിൻ ലോകകപ്പിന്റെ ഹീറോകളായി. കഥ തുടങ്ങുമ്പോൾ പറഞ്ഞതു പോലെ ഈ ഒരൊറ്റ ഗോൾ ധാരാളം മതിയായിരുന്നു ആറര കിലോയോളം സ്വർണം കൊണ്ടുണ്ടാക്കിയ കൊച്ചു കിരീടം സ്വന്തമാക്കാൻ. അതെ സ്‌പെയിൻ ലോക ഫുട്‌ബോൾ 2026ന്റെ വീരനായകൻമാർ.

കഥാന്ത്യം കലിപ്പുമായി പരേദേസ്

കളിയിലായാലും ജീവിതത്തിലായാലും വീഴ്‌ച്ചകളും പാളിച്ചകളും സ്വാഭാവികം. അപ്പോഴൊന്നും എങ്ങനെയാകാരുത് എന്ന് ലോകത്തിന് കാട്ടിത്തന്നുകൊണ്ടാണ് അർജന്റീന താരങ്ങൾ മത്സരത്തിനിടയിലും മത്സരശേഷവും മൈതാനം കൈയ്യടക്കിയത്. അനാവശ്യമായ ഫൗളുകൾക്കും മോശം പെരുമാറ്റത്തിനും പുറമെ കളി കഴിഞ്ഞ് സ്പാനിഷ് താരങ്ങളെ ആക്രോശിച്ച് ആക്രമിച്ച് ലിയാൻഡ്രോ പേരേദേസ്. അയാളെ പിന്തിരിപ്പിക്കേണ്ടതിന് പകരം പ്രോത്സാഹിപ്പിച്ച് പിന്നാലെ കൂടി സഹപരിശീലകൻ റോബർട്ടോ അയാള. ഒടുവിൽ ലോക ചാമ്പ്യൻമാർക്ക് കിരീടം സമ്മാനിക്കുമ്പോൾ പുറംതിരിഞ്ഞു നിന്ന് ടീം ഒന്നടങ്കം അനാദാരവ് കാട്ടിക്കൊണ്ടുള്ള മര്യാദകേടിനും ന്യൂജേഴ്‌സിയിലെ മൈതാനം സാക്ഷിയായി.

വീണ്ടും എംബാപ്പെ

തുടർച്ചയായി രണ്ടാം ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലും ഏറ്റവും ഗോൾ നേടിയ താരത്തിനുള്ള സ്വർണ പാദുകം ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ സ്വന്തമാക്കി. ലയണൽ മെസി(അർജന്റീന-8), ഹാരി കെയ്ൻ(ഇംഗ്ലണ്ട്-7), ജൂഡ് ബെല്ലിങ്ങാം(ഇംഗ്ലണ്ട്-7) എന്നിവരുടെ വെല്ലുവിളി മറികടന്ന് ലോകകപ്പിലാകെ 10 ഗോളുകൾ നേടിക്കൊണ്ടാണ് എംബാപ്പെ ടോപ്പ് ആയത്. ഗോളുകൾക്ക് പുറമെ നാല് അസിസ്റ്റുകളും ചേർത്ത് 14 ഗോളുകളുടെ ഭാഗമാകാൻ എംബാപ്പെയ്‌ക്ക് സാധിച്ചു.

പുരസ്‌കാര പെരുമയിലും
സ്പാനിഷ് നിര
റോഡ്രി
ഫുട്ബോൾ ഗോളിലേക്കുള്ള പ്രയാണം തുടങ്ങുന്ന പോയിന്റാണ് ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷൻ. സ്പാനിഷ് ടീമിന്റെ ആ സ്ഥാനത്താണ് റോഡ്രിയുടെ നില. സ്പെയിൻ എതിരാളികളെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുകുയം എതിർ ഗോൾ മുഖത്തേക്കുള്ള ആക്രമണങ്ങൾക്ക് തുടക്കമിടുകയും ചെയ്യുന്നതിൽ റോഡ്രിയുടേത് നിർണായക റോൾ ആയിരുന്നു. ഇടത് വശത്ത് കുക്കുറേയയെയും മധ്യഭാഗത്ത് ഓൽമോയെയും കൂട്ടുപിടിച്ചാണ് റോഡ്രി സ്പാനിഷ് മുന്നേറ്റങ്ങൾ ചലിപ്പിച്ചുകൊണ്ടിരുന്നത്. ടൂർണമെന്റിൽ ഫേവറിറ്റുകളായിരുന്ന ഫ്രാൻസ് ടീമിനെ ഗോൾ മുഖത്തേക്ക് അടുപ്പിക്കാതെ കാത്ത പ്രതിരോധ മിടുക്കിന്റെ അമരക്കാരനും ഇതേ റോഡ്രിയായിരുന്നു. ഇതിന്റെ മികവായാണ് ലോകകപ്പിന്റെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം റോഡ്രിയിലേക്കെത്തിയത്.

ഉനായി സിമോൺ

സ്പാനിഷ് ഗോൾ വല കാത്ത ഉനായി സിമോൺ ആണ് ലോകകപ്പ് 2026ൽ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഉനായി പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം ഗംഭീരമായി അതിജയിച്ചു. ലോകകപ്പിൽ കളിച്ച എട്ട് മത്സരങ്ങളിലായി സ്പെയിൻ ആകെ വഴങ്ങിയത് ഒരു ഗോൾ മാത്രമാണ്. അതിന്റെ മേന്മ ഉനായി സിമോണിനും അവകാശപ്പെടാനുണ്ട്. ഈ ലോകകപ്പിൽ പത്ത് സേവുകളാണ് താരം നടത്തിയത്.

കുബാർസി

സ്പാനിഷ് ടീമിലെ 19കാരൻ സെന്റർ ബാക്ക്. പ്രതിരോധ ദൗത്യം തികവാർന്ന് നടപ്പാക്കുമ്പോൾ ഗോൾ ക്രിയേഷനിലേക്ക് മികച്ച സംഭവാനയൊരുക്കാൻ ശേഷിയുള്ള താരം. ഈ മികവാണ് താരത്തെ ലോകകപ്പിന്റെ യങ് പ്ലേയർ പുരസ്‌കാരത്തിന് അർഹനാക്കിയത്. 46 ഡിഫെൻസീവ് കോൺട്രിബൂഷനുകളാണ് താരത്തിന്റെ പേരിലുള്ളത്. എട്ട് ചാൻസുകളാണ് ഒരുക്കിയെടുത്തത്. താരത്തിന്റെ പാസ് അക്യുറസി 96 ശതമാനമാണെന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് മത്സരങ്ങളിൽ ഏഴ് ക്ലീൻഷീറ്റുകൾ.

വിതച്ചത് കൊയ്യും കാലം

സ്പാനിഷ് ഫുട്‌ബോൾ രണ്ടായിരങ്ങളുടെ പകുതിയിൽ തുടങ്ങിയ കടിനാദ്ധ്വാനമാണ് 2010ലും ഇപ്പോൾ രണ്ടാം കിരീടത്തിലും എത്തിനിൽക്കുന്നത്. ഇത്തവണത്തെ കിരീടനേട്ടത്തെ വെറുമൊരു ജയം എന്നതിലുപരി ഫുട്‌ബോളിനെ പകരം വയ്‌ക്കാനില്ലാത്തൊരു നിലയിൽ പ്ലേയ്‌സ് ചെയ്താണ് സ്പാനിഷ് ടീം അമേരിക്കിയൽ നിന്നും വണ്ടി കയറിയത്. അത്രമാത്രം ക്രിയാത്മകമായിരുന്നു ആ കളി മികവ്.

കാലം ഫ്യുവെന്തെയ്‌ക്ക് മുന്നിൽ
ചിരിക്കുന്നു

കളിക്കാരനായും കോച്ചായും മോശപ്പെട്ട ഭൂതകാലം പറയാനുള്ള ഫുട്ബോൾ കോച്ചാണ് ഇന്ന് ലോക ജേതാക്കളുടെ വിജയശിൽപ്പിയായിരിക്കുന്ന ലൂയിസ് ഡി ലാ ഫ്യുവെന്തെ. സ്പെയിൻ ടീമിന് ഇത്രയും ഗംഭീരമായൊരു ലോക കിരീടം സമ്മാനിച്ച ഫ്യുവെന്തെയുടെ മികവിന് അത്ഭുതം ഒട്ടുമില്ല. കാരണം ഈ സ്പാനിഷ് പടയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിനൊപ്പമാണ് ഫ്യുവെന്തെ ഫുട്ബോൾ മാനേജർ കരിയറിൽ ക്ലച്ച് പിടിക്കുന്നത്.
1970കൾക്കൊടുവിൽ സ്പാനിഷ് ടീം അത്ലറ്റിക് ബിൽബാവോയുടെ രണ്ടാംനിര ടീമിൽ പ്രതിരോധ താരമായി ഇടംപിടിച്ചുകൊണ്ടാണ് കളി ജീവിതം ആരംഭിക്കുന്നത്. പിന്നെ ബിൽബാവോയിലേക്ക് പ്രമോഷൻ കിട്ടി. പിന്നീട് സെവിയയ്‌ക്കും അലാവസിനും വേണ്ടി ബൂട്ടുകെട്ടി. ഒന്നര പതിറ്റാണ്ടിനിടെ കളിക്കാൻ അവസരം കിട്ടിയത് 348 മത്സരങ്ങളിൽ മാത്രം. അടിച്ച ഗോളുകൾ 12. അന്താരാഷ്‌ട്ര കരിയറിൽ സ്പെയിന്റെ അണ്ടർ 18, 21, 1988 ഒളിംപിക് ടീമുകളിലെല്ലാം ചേർന്ന് ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. സീനിയർ ടീമിൽ ഒട്ടും അവസരം കിട്ടിയില്ല.
പിൽക്കാലത്ത് മാനേജരായി ശ്രമം നടത്തി. മുൻപ് കളിക്കാരനായെത്തിയ അത്ലറ്റിക് ബിൽബാവോയിൽ രണ്ട് തവണ കോച്ചായി അവസരം നേടിയെടുത്തു. പക്ഷെ ഒന്നും ചെയ്യാനായില്ല. ഏറ്റവും ഒടുവിൽ 2011ൽ അലാവെസിന്റെ ചുമതല കൈവന്നെങ്കിലും മാസങ്ങൾക്കകം പുറത്താക്കുകയായിരുന്നു.
2013ഓടെ ക്ലബ്ബ് ഫുട്ബോൾ മോഹങ്ങൾ അവസാനിപ്പിച്ച ഫ്യുവെന്തെ സ്പാനിഷ് ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്പെയിൻ അണ്ടർ19 ടീം പരിശീലകനായതോടെ ഫ്യുവെന്തെയുടെ കാലവും മാറി. 2015ൽ ടീമിന് അണ്ടർ 19 യൂറോ കിരീടം നേടിക്കൊടുത്തു. 2018ൽ സ്പെയിൻ അണ്ടർ 21 ടീം പരിശീലകനായതോടെ ടീമിന്റെ മികവ് തുടർന്നു. അവിടെയും യൂറോ കിരീടനേട്ടം ആവർത്തിച്ചു. പിന്നീട് ടോക്കിയോ ഒളിംപിക്സിനുള്ള സ്പെയിൻ ടീമിന്റെ ചുമതല ഫ്യുവെന്തെയ്‌ക്കായിരുന്നു. ടീമിന് സ്വർണം നേടിക്കൊടുത്ത് പുതിയ നാഴികക്കല്ല് താണ്ടി.

ഒടുവിൽ സീനിയർ ടീം ചുമതലയിൽ

2022 ലോകകപ്പിന്റെ ക്വാർട്ടറിൽ സ്പെയിൻ പരാജയപ്പെട്ട് പുറത്തായതോടെയാണ് സ്പെയിൻ കോച്ചായിരുന്ന ലൂയിസ് എൻറിക്വെയെ മാറ്റി പുതിയ ആളായി സ്പാനിഷ് ഫുട്ബോൾ ലൂയിസ് ഫ്യുവെന്തെയെ നിയോഗിച്ചു. അവിടെ തുടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ വിജയഗാഥ. പത്ത് വർഷത്തോളം ഫ്യൂവെന്തെ പരിശീലിപ്പിച്ച കൗമാരക്കാരാണ് പിന്നീട് സ്പെയിൻ ടീമിൽ ഇടം കണ്ടെത്തിക്കൊണ്ടിരുന്നത്. ഇവർക്കെല്ലാം ഫ്യുവന്തെയെ നന്നായി വർഷങ്ങളായി അറിയാം. അതിന്റെ രസതന്ത്രം ടീമിന്റെ മികവിന്റെ അടിത്തറയായി, അത് ഫൈനൽ വരെ തുടർന്നു. ആ വഴിയിൽ പിന്നിട്ട കിരീടനേട്ടങ്ങൾ 2023 യുവേഫ നേഷൻസ് ലീഗ്, 2024 യൂറോ കപ്പ് എന്നിവ. ഇക്കൊല്ലം മാർച്ചിൽ നടക്കാനിരുന്ന ഫൈനലിസിമ്മ സംഭവിച്ചിരുന്നെങ്കിൽ അതും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഷോക്കേസിൽ ഇരുന്നേനെ.
ഒരുകാലത്ത് പ്രതിരോധ താരമായി ഒന്നുമാകാതെ പോയ ഫ്യുവെന്തെ ഈ ലോകകപ്പിൽ ഉടനീളം ഒരേയൊരു ഗോൾ മാത്രം വഴങ്ങി റിക്കാർഡ് സ്ഥാപിച്ച ടീമിന്റെ മാസ്റ്റർ ആയി തുടരുകയാണ്, തുടർച്ചയായി 38 മത്സരങ്ങളിൽ സ്പെയിനിനെ തോൽവി അറിയിക്കാതെതുടർന്നുകൊണ്ട്  ഫ്യൂവെന്തെ ദിനങ്ങളുടെ അശ്വമേധം തുടരുകയാണ്. പിടിച്ചുകെട്ടാൻ ആരുമില്ലാത്ത കാളകൂറ്റൻമാരുടെ കുതിപ്പ് തടയാൻ ഇനിയൊരു ടീം തയ്യാറായി വന്നിട്ടുവേണം. ഫ്രാൻസിനായി സിദാനെത്തുന്നു, ഇംഗ്ലണ്ടിനെ കൂടുതൽ മിനുക്കാൻ തുഷേൽ പദ്ധതിയിട്ടു കഴിഞ്ഞു, ലോകകപ്പിലേറ്റ അപ്രതീക്ഷിത നിരാശകൾ നെതർലൻഡ്സിന് മറികടക്കണം. കാത്തിരിക്കാം സപ്തംബറിൽ തുടങ്ങുന്ന യുവേഫ നേഷൻസ് ലീഗിന്റെ പുതിയ അധ്യായം വരെ. ആഞ്ചലോട്ടിയുടെ ബ്രസീലിയൻ യാത്രയുടെ മികവ് ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നും പ്രതീക്ഷിക്കാം, എല്ലാറ്റിനും അപ്പുറം മെസിയില്ലാത്തൊരു അർജന്റീനയുടെ സ്ഥിതയും കാണേണ്ടൊരു കാഴ്‌ച്ച തന്നെയായിരിക്കും. ആഫ്രിക്കൻ ഫുട്‌ബോളിന്റെ പുരോഗതികൾ ശക്തിപ്പെടുത്തുന്നതും അത് അറേബ്യൻ രാജ്യങ്ങളിലൂടെ ഏഷ്യയിലേക്കും വ്യാപിക്കുന്നതും ലോക ഫുട്‌ബോളിന്റെ മികച്ച കാഴ്‌ച്ചയാകുമെന്ന് പ്രതീക്ഷിക്കാം.

Tags: sportsMessi#Onappathipp2026#PanthuValuthayaKatha#PSSwaraj#WorldCupFootBall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.