നടൻ ഇന്ദ്രൻസുമായി അഭിമുഖം
ഇന്ദ്രജാലം
വിനീത വേണാട്ട്
(9526181177)
നിറം മങ്ങിപ്പോയ ഒരു കുപ്പായത്തിൽ സ്വപരിശ്രമത്താൽ വിരിയിച്ചെടുത്ത അനേകായിരം വർണ്ണപ്പൂക്കൾ തുന്നിച്ചേർത്താൽ എങ്ങനെയിരിക്കും?. തീക്ഷ്ണാനുഭവങ്ങളുടെ സൂചിമുനക്കുത്തേറ്റ് ഉള്ളം വേദനിക്കുമ്പോഴും പുറമെ ചിരിയുടെ പട്ടുടുപ്പ് അണിയിച്ച് വസന്തം തീർക്കാൻ കഴിയുക. പിന്നെ അനുഭവങ്ങളെ മൗനമായി സാധകം ചെയ്ത് പതംവരുത്തി മറ്റൊരാളായി പകർന്നാട്ടം നടത്തുക. സമയവും കാലവും കടന്നുപോകുമ്പോൾ തൊട്ടതെല്ലാം പൊൻസൂചിപോലെ തിളക്കമുള്ളതാക്കുക. അത് എല്ലാവർക്കും സാധ്യമാകുന്ന സിദ്ധിയല്ല. ഒന്നിൽ മാത്രം തന്നെ തളച്ചിടാതെ വൈവിധ്യങ്ങളുടെ പരീക്ഷണശാലയായി സ്വയം വിട്ടുനൽകാൻ ചങ്കുറപ്പുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണത്. ജയപരാജയങ്ങൾക്കും ഇമേജുകൾക്കുമപ്പുറം ജീവിതമെന്നാൽ ഒരു സൂചിയുടെ ഇത്തിരിപ്പോന്ന ദ്വാരത്തിനുള്ളിലേക്ക് ഒരു നേർത്ത നൂലിനെ കയറ്റാൻ എത്രത്തോളം സൂക്ഷ്മതയും പരിശ്രമവും ആവശ്യമാണോ അതാണ് തന്റെ ജീവിതം എന്ന് അടയാളപ്പെടുത്തിയ വ്യക്തിയാണ് നടൻ ഇന്ദ്രൻസ്. അടുത്തറിയുന്തോറും അത്ഭുതപ്പെടുത്തുന്ന സാഗരതുല്യൻ. സപ്തതി നിറവിലെത്തിയ ഇന്ദ്രൻസുമായി വിനീത വേണാട്ട് നടത്തിയ അഭിമുഖം.
നാലാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിച്ച് കൈത്തൊഴിലായി തുന്നൽ പഠിക്കാൻ പോകേണ്ടിവന്ന ബാല്യകാലം മുതൽ ഇങ്ങോട്ടുള്ള ഓരോ ചുവടുവയ്‌പ്പിന്റേയും പ്രതിസ്വനം ഇന്ദ്രൻസിന്റെ മനസ്സിൽ ഇന്നും ഉയരുന്നുണ്ട്. സുരേന്ദ്രൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വീട്ടുകാരും കൂട്ടുകാരും സ്‌നേഹത്തിൽ ചാലിച്ച് അത് സുരയാക്കി. ആദ്യമായി അരങ്ങിലെത്തിയപ്പോൾ അൽപമൊന്ന് പരിഷ്‌കരിച്ച് അണിയറ പ്രവർത്തകർ കുമാരപുരം സുരൻ എന്ന് പേരിനെ പുനർനാമകരണവും ചെയ്തു.
കുമാരപുരം കാട്ട്‌കോവിലിലെ ഉത്സവത്തിനായി സുഹൃത്തുക്കൾ ഒക്കെച്ചേർന്ന് പരുവപ്പെടുത്തിയെടുത്ത ‘ഈ രക്തത്തിൽ എനിക്കും പങ്കുണ്ട് ‘ എന്ന നാടകത്തിൽ അത്തറും സെന്റും വാസനത്തൈലവും ഒക്കെ വിൽക്കുന്ന ഒരു മൊല്ലാക്കയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അഭിനയത്തിന്റെ തുടക്കം. തമാശക്കാരനായ മൊല്ലാക്കയെ കാണികളും ഏറ്റെടുത്തു. ആ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ചതിനുള്ള അഭിനന്ദനവും ഏറ്റുവാങ്ങിയാണ് അന്ന് വേദി വിട്ടത്. അങ്ങനെ ഓർത്തെടുത്താൽ തീരാത്തത്ര അനുഭവത്തിരകൾ ഓളം വെട്ടുന്ന, പ്രക്ഷുബ്ധതയ്‌ക്കൊടുവിൽ ശാന്തമാകുന്നൊരു കടൽ പോലെയുള്ള ഇന്ദ്രൻസിന്റെ നടന ജീവിതത്തിലേക്ക്.
? 1981 ൽ കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത ചൂതാട്ടം എന്ന സിനിമയിൽ ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് താങ്കളുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. അതേ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാൻ എത്തിയ സുരേന്ദ്രനിൽ നിന്ന് ഇന്ദ്രൻസ് എന്ന നടനിലേക്കുള്ള യാത്ര എപ്രകാരമായിരുന്നു
ആ കാലഘട്ടത്തെക്കുറിച്ച് കുറേ ഓർത്തെടുക്കാനു
ണ്ട്. അത് പറയാൻ തന്നെ ദിവസങ്ങൾ വേണ്ടി വരും. സിനിമയിൽ വസ്ത്രാലങ്കാര സഹായി ആയിട്ടായിരുന്നു തുടക്കം. തികച്ചും യാദൃച്ഛികമായാണ് ഞാൻ സിനിമയിൽ എത്തുന്നത്. അമച്വർ നാടകങ്ങളിൽ ഒക്കെ കൗമാരപ്രായത്തിൽ അഭിനയിച്ചിരുന്നു. അന്നേ സിനിമ എന്ന മോഹം മനസ്സിലുണ്ട്. ആ വഴിയിലേക്ക് അറിയാതെപോലും നടന്നടുക്കുമെന്ന പ്രതീക്ഷയില്ല. അച്ഛന്റെ ഒരു മാമിയുടെ മകനുണ്ട്, അപ്പുമാമൻ. പന്ത്രണ്ടാമത്തെ വയസ്സിൽ വീട്ടിലെ പ്രാരാബ്ധം കാരണം പഠനം മതിയാക്കി ആ മാമന്റെ തയ്യൽക്കടയിൽ തുന്നൽ പഠിക്കാൻ അമ്മ കൊണ്ടുചെന്നാക്കി. അവിടുത്തെ മേസ്തിരിമാരിൽ നിന്ന് ആ തൊഴിൽ പഠിച്ചെടുത്തു. എന്റെ അന്നത്തെ കോലം കണ്ട് അവർ എന്നെ കൊച്ചു ചെറുക്കാ എന്നാണ് വിളിച്ചിരുന്നത്. വീടിനടുത്തുള്ള മുരുകക്ഷേത്രമായ കാട്ട്‌കോവിലിലെ ഉത്സവത്തിന് നാടകം അവതരിപ്പിക്കാൻ ഞങ്ങൾ പിള്ളേർക്കും അവസരം കിട്ടി. ഈ രക്തത്തിൽ എനിക്കും പങ്കുണ്ട് എന്നായിരുന്നു നാടകത്തിന്റെ പേര്. കാണികൾക്കിടയിൽ നല്ല സ്വീകാര്യതയും കിട്ടി. നാടകം നടന്നത് ഒരു ശനിയാഴ്ചയായിരുന്നു. അന്ന് ഒരു കാരണവശാലും ലീവ് കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് ചോദിച്ചതുമില്ല. നാടകത്തിലെ അഭിനയത്തിന് അഭിനന്ദനം ഒക്കെ കിട്ടിയതിന്റെ ചിരിയും സന്തോഷവും പിന്നീട് കടയിൽ ചെന്നപ്പോൾ തീർന്നുകിട്ടി. കടയ്‌ക്കകത്ത് കയറിപ്പോകരുതെന്ന ഉഗ്രശാസനം. മാമനെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. അതോടെ മാമന്റെ കടയിൽ വേലയ്‌ക്ക് പോകുന്നത് നിർത്തി.
പിന്നീട് ജോലി തേടിയുള്ള അലച്ചിലായിരുന്നു. മേസ്തിരിമാർ പറഞ്ഞുകേട്ടിട്ടുള്ള പ്രധാന തയ്യൽ കടകളെല്ലാം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം പാളയത്താണ്. എങ്ങനെയവിടം വരെ എത്തിപ്പെടും എന്നറിഞ്ഞുകൂടാ. കൈയ്യിൽ ആകെയുള്ളത് പത്തുപൈസ. അതുകൊണ്ട് പാളയം വരെ പോകാം. തിരിച്ചുനടന്നു വരാം. അങ്ങനെ കണക്കുകൂട്ടി. പോകാനുള്ള മാർഗ്ഗം ചോദിച്ചുമനസ്സിലാക്കി പാളയത്തെത്തി. പല തയ്യൽകടകളിലും ജോലി അന്വേഷിച്ചു. ഒടുവിൽ ഒരു ജോലി തരപ്പെടുത്തി മടങ്ങി. പിന്നീട് പല കടകളിൽ മാറി മാറി ജോലി നോക്കി. നാടകത്തിന് വേണ്ടി ലീവെടുത്തതിന്റെ പേരിൽ അവസാനം നിന്ന തയ്യൽകടയിൽ നിന്നും പുറത്താക്കപ്പെട്ടു. അതോടെ മറ്റാരുടേയും കീഴിൽ ജോലി ചെയ്യാതെ സ്വന്തമായൊരു ടെയ്‌ലറിങ് ഷോപ്പ് തുടങ്ങാനുള്ള തീരുമാനത്തിലേത്തി. എല്ലാ സജ്ജീകരണങ്ങളോടും കൂടിയൊരു തയ്യൽക്കട തിരുവനന്തപുരം സിറ്റിയിൽ വാടകയ്‌ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞു. കെൽവിൻ ടെയ്‌ലേഴ്‌സ് എന്നായിരുന്നു പേര്. മൂന്ന് മാസത്തെ വാടക അഡ്വാൻസായി നൽകണം. അത് തരപ്പെടുത്തി നൽകി. കടയും തുടങ്ങി. വാടകയും ജോലിക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ളത്ര വരുമാനം കടയിൽ നിന്ന് കിട്ടിയില്ല. അങ്ങനെ ആ കടയങ്ങ് മതിയാക്കി. ജോലിയില്ലാതായതോടെ മനസ്സും മടുത്തു. ആർക്കും മുഖം കൊടുക്കാതായി. വായനശാലയായിരുന്നു അഭയം. നാട്ടിലെ ചങ്ങാതിമാരിലൊരാളായിരുന്നു മേക്കപ്പ് മാൻ മോഹൻദാസ് അണ്ണൻ. പലയിടത്തും എന്നെ തേടി ഒടുവിൽ വായനശാലയിൽ നിന്ന് കൈയ്യോടെ പൊക്കി. നീയൊരു സിനിമയിൽ വർക്ക് ചെയ്യാൻ പോണോ എന്നൊരു ചോദ്യമായിരുന്നു. മോഹൻദാസ് അണ്ണന്റെ സുഹൃത്ത് ലക്ഷ്മണൻ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി വർക്ക് ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തെ സഹായിക്കാൻ ഒരാൾ വേണം. എല്ലാം തയ്‌ക്കാൻ അറിയുന്ന ഒരാൾ. സമ്മതമാണെങ്കിൽ പിറ്റേന്ന് അദ്ദേഹത്തെ ചെന്നുകാണണം എന്ന് പറഞ്ഞ് മേൽവിലാസവും തന്ന് അണ്ണൻ പോയി. വരാം എന്ന് സമ്മതിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. പി
റ്റേന്ന് ഞാൻ ആ മേൽവിലാസം തിരക്കി ചെന്നു. സി.എസ്. ലക്ഷ്മണൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. എന്നെ സഹായി ആയി കൂടെക്കൂട്ടി. കെ. സുകുമാരൻ നായർ സംവിധാനം ചെയ്യുന്ന, പ്രേം നസീറും ജയഭാരതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം. സിനിമയുടെ വസ്ത്രാലങ്കാരം എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയത്തില്ല. അതുകൊണ്ടുതന്നെ പേടിയും തോന്നിയില്ല. കോസ്റ്റിയൂമർ കാരണം ചിത്രം മുടങ്ങി തലവേദനയുണ്ടാക്കരുതെന്ന് സംവിധായകൻ ലക്ഷ്മണൻ ചേട്ടനോട് പറയുന്നത് കേട്ടു. പേടി തോന്നിയില്ലെങ്കിലും അദ്ദേഹത്തിന് ഒരു ദോഷവും വരാതെ നോക്കണമെന്ന് ഉറപ്പിച്ചു. താരങ്ങൾ ഞാൻ തുന്നിയ വസ്ത്രങ്ങൾ അണിയുന്നത് സ്വപ്‌നം കണ്ടു. ആർട്ടിസ്റ്റുകൾ ഷൂട്ടിന് മുന്നേ തന്നെ ഡ്രസ്സ് ഇട്ടുനോക്കി. കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പിച്ച ശേഷമാണ് സുകുമാരൻ സാർ എന്നോട് ചിരിക്കാനും മിണ്ടാനും ഒക്കെ തുടങ്ങിയത്. പ്രേം നസീറിന്റെ സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഞാൻ തയ്ച്ച ബിസ്‌ക്കറ്റ് കളർ സഫാരി സ്യൂട്ടാണ് അദ്ദേഹം അണിഞ്ഞത്. ഞാൻ സ്വപ്‌നം കണ്ട് തുന്നിയ വസ്ത്രമണിഞ്ഞ് നസീറും ജയഭാരതിയും പപ്പുച്ചേട്ടനും ഒക്കെ അഭിനയിക്കുന്നതുകണ്ടപ്പോൾ വല്ലാത്തൊരു ആനന്ദമായിരുന്നു.
അതിനിടയിലാണ് സിനിമയിൽ എനിക്കും ഒരു സീൻ തന്നത്. ഞാൻ ചെയ്യേണ്ട ജോലി കൂടി ഏറ്റെടുത്ത് എന്റെ അഭിനയമോഹത്തെ സഫലമാക്കിയത് ലക്ഷ്മണൻ ചേട്ടനായിരുന്നു. കുതിരവട്ടം പപ്പുച്ചേട്ടനൊപ്പം പുളിയറക്കോണത്തെ ഒരു ചായക്കടയിലായിരുന്നു എന്റെ ആദ്യ സീൻ. അദ്ദേഹം നായക കഥാപാത്രത്തെ കുറ്റം പറയുമ്പോൾ അതിനെ എതിർത്ത് നായകന്റെ പക്ഷം പിടിക്കുന്ന നാട്ടുകാരന്റെ റോൾ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഡബ്ബിങ്. ഞാൻ അഭിനയിച്ച കഥാപാത്രത്തിനുവേണ്ടി സ്വന്തം ശബ്ദം നൽകാനും
ഭാഗ്യമുണ്ടായി. അങ്ങനെ ഞാൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ചൂതാട്ടം. ഇവിടെ ജീവിതം ആരംഭിക്കുന്നു എന്ന പേരായിരുന്നു ആദ്യം നൽകിയത്. റിലീസിന് മുമ്പാണ് അത് ചൂതാട്ടമായത്. പക്ഷേ ആദ്യമിട്ട പേര് എന്റെ ജീവിതത്തിലും അച്ചട്ടായി. അവിടം മുതലാണ് എന്റെ ജീവിതം ആരംഭിക്കുന്നത്.
? തുന്നൽ ജോലി ചെയ്യുമ്പോഴും നാടക അരങ്ങുകളിൽ സജീവമായിരുന്ന ഒരു കാലമുണ്ടല്ലോ. ആ ഓർമകൾ പങ്കിടാമോ
ഈ രക്തത്തിൽ എനിക്കും പങ്കുണ്ട് എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത് എന്ന് പറഞ്ഞല്ലോ. നാട്ടിലെ ഉത്സവത്തോട് അനുബന്ധിച്ച് കുട്ടിക്കൂട്ടങ്ങൾക്കും ഒരു അവസരം കിട്ടിയതാണ്. ആറ് കഥാപാത്രങ്ങളുള്ള ഒരു കുഞ്ഞു നാടകം. ഞങ്ങളെയെല്ലാം എഴുത്തിനിരുത്തിയ ലംബോധരൻ സാറ് അറിയപ്പെടുന്ന നാടകം എഴുത്തുകാരനും
പാട്ടെഴുത്തുകാരനുമൊക്കെയായിരുന്നു. അദ്ദേഹം എഴുതിയ നാടകമായിരുന്നു അത്. നാട്ടിൽ പിരിവെടുത്താണ് ഫണ്ട് കണ്ടെത്തിയത്. വയലിൻ മാത്രമായിരുന്നു ഏക സംഗീത ഉപകരണം. അന്ന് ആ വയലിൻ വായിച്ച മോഹൻ ആണ് പിൽക്കാലത്ത് മോഹൻ സിത്താരയായത്. തയ്യൽക്കടയിലെ തിരക്കുകൾ കാരണം രാത്രിയായിരുന്നു റിഹേഴ്‌സൽ. അത്തറൊക്കെ വിൽക്കുന്ന ഒരു മൊല്ലാക്കയുടെ വേഷമായിരുന്നു എനിക്ക്. ആളുകളെ രസിപ്പിക്കുന്ന കഥാപാത്രം. നന്നായി അവതരിപ്പിക്കാൻ സാധിച്ചുവെന്ന് പ്രേക്ഷക പ്രതികരണത്തിൽ നിന്ന് മനസ്സിലായി. സുരേന്ദ്രൻ എന്ന ഞാൻ അതോടെ കുമാരപു
രം സുരനായി, നാടകക്കാരനായി. പക്ഷേ ലീവെടുക്കാതെ നാടകം കളിക്കാൻ പോയതോടെ മാമന്റെ കടയിലെ ജോലിയും പോയി.
നാടകം കളിക്കാൻ വലിയ കൊതിയായിരുന്നു. പക്ഷേ അടുക്കളയിൽ അടുപ്പ് പുകയണം എങ്കിൽ വേലയ്‌ക്ക് പോയേ തീരു. നാട്ടിൽ തന്നെയുള്ള ഞങ്ങളുടെ സുഭാഷ് സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ വാർഷികത്തിൽ ഒരു ലഘുനാടകം അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അക്കാര്യത്തിൽ ക്ലബ്ബിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമൊന്നും വന്നില്ല. പക്ഷേ പിരിവിനും മറ്റും പോ
കണമെങ്കിൽ പിള്ളാർ സെറ്റ് വേണം താനും. ഒടുവിൽ ഞങ്ങളെ പിണക്കണ്ടല്ലോ എന്ന് കരുതി അവസരം തന്നു. ബി.എൽ. ധരന്റെ ദുഃഖഭൂമി എന്ന നാടകം കളിക്കാൻ തീരുമാനിച്ചു. ആദ്യദിനം നാടക മത്സരങ്ങളും രണ്ടാം നാൾ വാർഷിക പൊതുയോഗവും ആയിരുന്നു നിശ്ചയിച്ചിരുന്നത്. നാടക മത്സരം വിലയിരുത്തുന്ന ജഡ്ജിങ് കമ്മിറ്റിയിൽ ജോർജ്ജ് ഓണക്കൂർ സാറായിരുന്നു ചീഫ് ജഡ്ജ്. പൊതുയോഗത്തിന്റെ അന്ന് മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത് അടൂർ ഗോപാലകൃഷ്ണൻ സാറായിരുന്നു.
യോഗം നീണ്ടുപോയി. അതിനാൽ സമയം പോയി എന്ന കാരണം പറഞ്ഞ് എസ്.എസ്.എ.സി ജൂനിയർ ടീമിന്റെ നാടകം മാറ്റിവയ്‌ക്കുന്നു എന്ന അനൗൺസ്‌മെന്റ് വന്നു. സുഭാഷ് ക്ലബ്ബിലെ അണ്ണന്മാരുടെ നാടകമായ ശാന്തമേഖല വേദിയിൽ അരങ്ങേറുമ്പോൾ ഞങ്ങളുടെ മനസും നാടകത്തിന്റെ പേരുപോലെ തന്നെ ദുഃഖഭൂമിയായി. പക്ഷേ നാടകത്തിൽ പങ്കെടുക്കാനെത്തിയവരിൽ പലരുമായും ചങ്ങാത്തത്തിലായി. അങ്ങനെ സൗഹൃദം സ്ഥാപിച്ചവരിൽ ഒരാളായിരുന്നു അക്കാലത്ത് അമച്വർ നാടകങ്ങളിലൊക്കെ തിളങ്ങിനിന്ന ഹാസ്യനടൻ ആനയറ രാജൻ. അക്കാലത്ത് അടിയന്തരാവസ്ഥയെ വിമർശിക്കുന്ന ഒരു സിംബോളിക് നാടകമായിരുന്നു ബ്രഹ്മാർപ്പണം. മത്സരിച്ച വേദികളിലെല്ലാം മികച്ച ഹാസ്യനടനും
സംവിധായകനും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കിട്ടിയ നാടകം. അതിൽ ഹാസ്യനടനെ അവതരിപ്പിച്ചിരുന്നത് ആനയറയായിരുന്നു. പോലീസുകാരന്റെ വേഷം. രണ്ടുമൂന്ന് വേദികളിൽ ഞാൻ ആ നാടകം കണ്ടിട്ടുണ്ട്. ഡയലോഗുകളും ഏറെക്കുറെ അറിയാം. കുമാരപുരം സുരൻ എന്ന പേരിൽ ഞാൻ അറിയപ്പെട്ടുവരുന്ന സമയം കൂടിയാണത്. ഒരു ദിവസം സുഹൃത്തുക്കളായ ഗോപി അണ്ണനും എം.എ. കെനിയും അന്ന് ഞാൻ ജോലി ചെയ്തിരുന്ന യുണൈറ്റഡിൽ എന്നെ തേടിയെത്തി. പുത്തൻതോപ്പിലെ നാടകമത്സരത്തിൽ ബ്രഹ്മാർപ്പണം കളിക്കുന്നു. പോലീസുകാരന്റെ റോൾ ചെയ്യുന്ന ആനയറ രാജന് അന്ന് എന്തോ അസൗകര്യം. ആ റോൾ ഞാൻ ചെയ്യണം എന്ന് പറയാനുള്ള വരവായിരുന്നു അത്. എനിക്ക് ശബ്ദിക്കാൻ സാധിച്ചില്ല. ആ കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ളത്ര ശരീര വലിപ്പം എനിക്കില്ല. രാജൻ മെലിഞ്ഞ് വെളുത്ത് സുന്ദരനാ. സംഭാഷണത്തെക്കാൾ പ്രധാനമായിരുന്നു കഥാപാത്രത്തിന്റെ ശരീര ചലനങ്ങൾ. ഞാൻ രാജനെത്തന്നെ അനുകരിക്കാൻ തീരുമാനിച്ചു. അങ്ങനെ റിഹേഴ്‌സലൊക്കെ തകൃതിയായി. എല്ലാവരും എന്റെ അഭിനയം ആസ്വദിക്കുന്നുണ്ടെന്ന് ബോധ്യമായി. നാടക ദിവസം എത്തുന്നതിനായി അക്ഷമയോടെ കാത്തിരുന്നു. ആ ദിനം വന്നെത്തി. കഥാപാത്രമല്ലാതെ അന്ന് എന്റെ മനസ്സിൽ മറ്റൊന്നുമില്ല. മറ്റെല്ലായിടത്തും കിട്ടിയ സ്വീകാര്യത ആ നാടകത്തിന് പു
ത്തൻതോപ്പിലും ലഭിച്ചു. നാടകത്തിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പ്. ഓരോ ഫലപ്രഖ്യാപനത്തിന് ശേഷവും നിരാശ മാത്രം ശേഷിച്ചു. അന്ന് ആ നാടകത്തിന്റെ ജഡ്ജ്‌മെന്റ് കേട്ടു ഞാൻ തകർന്നു. എന്റെ ശരീരമായിരുന്നു ബ്രഹ്മാർപ്പണത്തെ പരാജയപ്പെടുത്തിയത്. പോലീസുകാരനായി അഭിനയിക്കാൻ ശാരീരിക യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതോടെ സംവിധായകൻ തോറ്റു. ഒപ്പം നാടകവും. ശാരീരിക യോഗ്യതയില്ലാത്ത നടൻ. നിശബ്ദം കരഞ്ഞ് ഞാൻ ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവഗണനയുടെ ഭാരവും പേറി നടന്നു. എന്റെ ശരീരത്തെക്കുറിച്ചുള്ള ആധിയെ മറികടക്കാൻ ജിമ്മിലുമൊക്കെ പോയിരുന്നു. പക്ഷേ ഒന്നും വർക്ക് ഔട്ട് ആയില്ല.
? സിനിമയിൽ സജീവമായ ശേഷം നാടക വേദികളിൽ എത്തിയിട്ടുണ്ടോ?. നാടക രൂപത്തിൽ വേദിയിൽ അവതരിപ്പിക്കണം എന്നാഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രമുണ്ടോ
ഇടയ്‌ക്കിടയ്‌ക്ക് ചെയ്തിട്ടുണ്ട്, അമച്വർ ഒക്കെയാ. ഇപ്പോഴും അങ്ങനെ മോഹമുണ്ട്. ഏതെങ്കിലും കൂട്ടുകാർ തയ്യാറായി വന്നുവിളിച്ചാൽ പോകും. ഇന്ന കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് പ്രത്യേകിച്ചൊരു ആഗ്രഹമൊന്നുമില്ല. കിട്ടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്നാ.
? ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ, ഡബ്ബ് ചെയ്തപ്പോൾ സങ്കോചം ഉണ്ടായിട്ടുണ്ടോ
പേടിയും വെപ്രാളവും പെട്ടെന്ന് നമുക്ക് പറ്റാത്ത വിയർക്കുകയും ഒക്കെ ചെയ്തിരുന്നു. മൂത്രമൊഴിക്കാൻ മുട്ടുകയുമൊക്കെ ചെയ്യും. ആദ്യമായിട്ടല്ലേ. ഒരുപാട് ആളുകൾ, ക്യാമറ, ലൈറ്റ് ഒക്കെ കാണുമ്പോൾ പേടിയുണ്ടായിരുന്നു. സിനിമയിൽ എന്റെ ആദ്യ സീൻ കുതിരവട്ടം പപ്പുച്ചേട്ടനൊപ്പമായിരുന്നു. സ്‌നേഹത്തോടെ എടാ മോനേ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ആ സ്‌നേഹം ആദ്യമായിട്ട് ക്യാമറയെ അഭിമുഖീകരിക്കാൻ പോകുന്നതിന്റെ പേടി അകറ്റി. എങ്ങനെയാണ് ആ അവസ്ഥയെ അതിജീവിച്ചതെന്ന് ഇപ്പോഴറിയില്ല. അതിങ്ങനെയൊക്കെ ഈ പറഞ്ഞ വികാരങ്ങളൊക്കെ എങ്ങനെയൊക്കെയോ മാറിപ്പോയിക്കാണും. ഇന്നും കഥാപാത്രമായി ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോഴും ഉള്ളിൽ ഒരാന്തലുണ്ട്. ചൂതാട്ടത്തിൽ എന്റെ ഭാഗം ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ഒരു ഇരുട്ട് മുറിയിൽ ഒറ്റയ്‌ക്ക് നിർത്തും. അഭിനയിച്ച സീൻ കാണിക്കും. നമ്മുടെ രംഗം എത്തുമ്പോൾ ഡയലോഗ് പറയണം. എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ഒടുവിൽ സുകുമാരൻ സാറ് അടുത്തുവന്നു നിന്നു. അദ്ദേഹം തോളിൽ തട്ടും. അന്നേരം ഞാൻ അഭിനയിച്ചപ്പോൾ പറഞ്ഞതുപോലെ തന്നെ പറഞ്ഞാൽ മതി എന്ന് പറഞ്ഞു. അദ്ദേഹം കൂടെ നിന്നപ്പോൾ കിട്ടിയ ധൈര്യമാണ് ഡബ്ബിങ് എന്ന ആ കടമ്പ കടത്തിയത്.
? തുടക്കം കോമഡി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ്. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, കാവടിയാട്ടം, മേലേപ്പറമ്പിൽ ആൺവീട്, പഞ്ചാബിഹൗസ്, അനിയൻബാവ ചേട്ടൻബാവ, മാന്നാർമത്തായി സ്പീക്കിങ്, പാർവ്വതിപരിണയം, കഥാനായകൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തവയാണ്. ഇന്നും പ്രേക്ഷകരെ ഓർത്തോർത്തു ചിരിപ്പിക്കുന്നവയാണ്. താങ്കളുടെ ഉള്ളിൽ ഒരു കൊമേഡിയൻ ഉണ്ടെന്ന് ആരാണ് തിരിച്ചറിഞ്ഞത്
അത് പറയാൻ കഴിയില്ല. നമ്മൾ ചെയ്യുന്നത് കോമഡിയാണോ സീരിയസാണോ എന്ന് ഒരു നടനോ നടിക്കോ പറയാൻ സാധിക്കില്ല. പ്രേക്ഷകരാണ് അത് തീരുമാനിക്കുന്നത്. ആ കഥാപാത്രം ഏത് ഗണത്തിൽപ്പെടുമെന്ന് കാണുന്നവരല്ലേ തീരുമാനിക്കേണ്ടത്, അത് ആർട്ടിസ്റ്റിന് മുൻകൂട്ടി അറിയാൻ പറ്റുകയില്ലായിരിക്കും.

? പത്മരാജൻ സാറിന്റെ മാസ്റ്റർ പീസ് ചിത്രങ്ങളായ മൂന്നാംപക്കം, നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ, ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ഒരുക്കിയപ്പോഴുള്ള അനുഭവം പങ്കുവയ്‌ക്കാമോ. ഞാൻ ഗന്ധർവൻ പോലൊരു ചിത്രത്തിന് കോസ്റ്റ്യൂം തയ്യാറാക്കുന്നതിന് മുമ്പ് റഫറൻസ് നടത്തിയിരുന്നോ. ഈ മേഖലയിൽ നേരിട്ടിട്ടുള്ള വെല്ലുവിളികൾ
ഏതൊരു സിനിമ ചെയ്യുമ്പോഴും ആ കാലഘട്ടവും കഥാപാത്രങ്ങളുടെ സ്വഭാവവും വസ്ത്രങ്ങളുടെ നിറവുമെല്ലാം പരസ്പരം ഒത്തുപോകേണ്ടതുണ്ട്; അതോടൊപ്പം സംവിധായകന്റെ അഭിരുചിയും അഭിനേതാക്കളുടെ അഭിപ്രായവും പരിഗണിക്കണം. എന്നാൽ, പത്മരാജൻ സാറിനെപ്പോലൊരു സംവിധായകന്റെ ചിത്രങ്ങളിൽ അതിനായി നമ്മൾ അധികം അലയേണ്ടി വരാറില്ല. കാരണം, കഥാപാത്രങ്ങളുടെ രൂപവും ഭാവവും കൃത്യമായി മനസ്സിൽ ഉറപ്പിച്ച ശേഷമായിരിക്കും അദ്ദേഹം നമ്മെ ചുമതല ഏൽപ്പിക്കുന്നത്
വസ്ത്രാലങ്കാര സഹായിയായിട്ടുള്ള എന്റെ രണ്ടാമത്തെ ചിത്രം വെളിച്ചമില്ലാത്ത വീഥിയായിരുന്നു. പിന്നീട് വേലായുധൻ കീഴില്ലത്തിന്റെ കീഴിൽ ചെയ്ത പടമാണ് തിടമ്പ്. ആത്മാർത്ഥതയും പ്രസരിപ്പുമാണ് വേലായുധൻ അണ്ണന്റെ സവിശേഷത. അദ്ദേഹം തന്നെ പ്രധാന വസ്ത്രാലങ്കാരകനായ ആദ്യത്തെ അനുരാഗം, ഒരു മാടപ്രാവിന്റെ കഥ, വിസ എന്നീ ചിത്രങ്ങളിലും സഹകരിച്ചു. ഞാൻ അസിസ്റ്റന്റ് കോസ്റ്റിയൂമറായി ജോലി ചെയ്ത അവസാന ചിത്രമായിരുന്നു വിസ. വസ്ത്രാലങ്കാരം-സുരേന്ദ്രൻ എന്ന ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ ആദ്യമായി തെളിഞ്ഞത് സമ്മേളനം എന്ന ചിത്രത്തിലാണ്. ഗോപീകൃഷ്ണൻ സാർ സംവിധാനം ചെയ്ത പ്രിൻസിപ്പൽ ഒളിവിൽ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരകനായി പ്രവർത്തിക്കുന്ന സമയത്താണ് ഷാജി സാറിനെ (ഷാജി. എൻ. കരുൺ) പരിചയപ്പെടുന്നത്. അദ്ദേഹമാണ് ആ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ. തുടർന്നാണ് ഷാജി സാറിന്റെ ‘പിറവി’യിൽ സഹകരിക്കുന്നത്. രാജ്യാന്തര ശ്രദ്ധനേടിയ ഒരു ചിത്രത്തിന്റെ ഭാഗമാകുന്നതും പിറവിയിലൂടെയാണ്. ഞാൻ അഭിനയത്തിലേക്ക് പൂർണമായും തിരിഞ്ഞപ്പോൾ ഷാജി സാർ ചെയ്ത ചിത്രങ്ങളുടെയെല്ലാം വസ്ത്രാലങ്കാരം നിർവഹിച്ചത് കസിൻ ജയനായിരുന്നു.
നൂറിലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തശേഷം ഞാൻ അഭിനയത്തിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ് എന്റെ കൂടെയുണ്ടായിരുന്ന ജയൻ ആ ജോലി ഏറ്റെടുക്കുന്നത്. പിന്നീട് ‘ഇന്ദ്രൻസ്-ജയൻ’ എന്ന പേരിൽ തന്നെയാണ് അദ്ദേഹം വസ്ത്രാലങ്കാര മേഖലയിൽ തുടർന്നത്. ആ പേരിൽ ചെയ്ത ചിത്രങ്ങൾക്ക് അദ്ദേഹത്തിന് തമിഴ് ഫിലിം അവാർഡും ദേശീയ പുരസ്‌കാരവുമൊക്കെ ലഭിക്കുകയുണ്ടായി. അദ്ദേഹം ഇപ്പോഴും ഈ മേഖലയിൽ സജീവമായി തന്നെയുണ്ട്. ഞാൻ വസ്ത്രാലങ്കാരം ചെയ്തിരുന്ന തുടക്കകാലത്ത് ‘സുരേന്ദ്രൻ’ എന്നും, പിന്നീട് ‘ഇന്ദ്രൻസ്’ എന്നുമായിരുന്നു ടൈറ്റിലിൽ വന്നിരുന്നത്.
സുരേഷ് ഉണ്ണിത്താനിലൂടെയാണ് പത്മരാജൻ സാറിലേക്ക് എത്തുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളായിരുന്നു ആ ചിത്രം. പി.എ. ലത്തീഫ് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. മൈസൂരായിരുന്നു പ്രധാന ലൊക്കേഷൻ. തണുപ്പിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. വേഷവും അതിനനുസരിച്ചാവണം. തിലകൻ സാറിന്റെ കഥാപാത്രത്തിനുള്ള വേഷത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. അതിനായി ഞാൻ ആദ്യം സെലക്ട് ചെയ്ത വസ്ത്രങ്ങളൊക്കെ പത്മരാജൻ സാർ അപ്പാടെ മാറ്റി. നിറമുള്ള ടീഷർട്ടും തൊപ്പിയും സ്വെറ്ററുമൊക്കെ റെഡിയാക്കാൻ പറഞ്ഞു. കഥാപാത്രത്തിന്റെ ക്രൂരതയും ദുരയും ഒക്കെ വേഷത്തിലും പ്രതിഫലിക്കണം. ഓരോ കഥാപാത്രത്തിന്റെയും മനസ്സും സ്വഭാവവും അവർ ഉപയോഗിക്കുന്ന നിറങ്ങളുമായും ചേർന്നുനിൽക്കണം എന്ന പാഠം ഞാൻ പഠിച്ചത് പത്മരാജൻ സാറിൽ നിന്നാണ്.
ഈ സെറ്റിൽ വച്ച് ലത്തീഫ് സാറിന്റെ അസിസ്റ്റന്റ് രാജൻ കുന്നംകുളത്തോട് അൽപം ദേഷ്യമായി പെരുമാറേണ്ടി വന്നു. അന്ന് വൈകിട്ട് ലത്തീഫ് സാറിന്റെ ഒരു ചോദ്യമാണ് എന്റെ കണ്ണ് തെളിച്ചത്. ‘എന്തിനാ സുരേന്ദ്രാ രാവിലെ ദേഷ്യപ്പെട്ടത്. ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടോ’ എന്ന ചോദ്യം. ദേഷ്യം ഒന്നും നേടി തന്നിട്ടില്ല, എല്ലാം നഷ്ടപ്പെടുത്തിയിട്ടേ ഉള്ളൂ എന്ന പാഠം എന്നെ പഠിപ്പിച്ചത് ലത്തീഫാണ്. പത്മരാജൻ സാറിന്റെ അപരൻ എന്ന സിനിമ മുതലാണ് വസ്ത്രാലങ്കാരം സുരേന്ദ്രൻ എന്നതിന് പകരം ഇന്ദ്രൻസ് എന്ന പേര് ടൈറ്റിൽ കാർഡിൽ തെളിഞ്ഞത്. എന്റെ കടയുടെ പേരാണ് അത്. ആ പേര് വച്ചോട്ടെയെന്ന് പത്മരാജൻ സാറിനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നു.
ഞാൻ ഗന്ധർവ്വനിൽ, ഗന്ധർവന്റെ ലുക്ക് എങ്ങനെ വേണം എന്നെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. പ്രത്യേക വേഷവിധാനം ഒരുക്കിയത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. പ്രത്യേക തരം തുണിയും നിറങ്ങളുമാണ് ഉപയോഗിച്ചത്. നെറ്റിയിലൊരു കിരീടം, കാതിൽ കുണ്ഡലം, കൈയ്യിൽ പ്രത്യേകതരം വള. ഇതായിരുന്നു ഗന്ധർവ്വന്റെ കോസ്റ്റ്യൂം. ആ ചിത്രത്തിന്റെ റിലീസ് സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ആർ. സുകുമാരന്റെ പടമായിരുന്നു പാദമുദ്ര. പാദമുദ്ര’യിൽ ലാൽ സാറിന് (മോഹൻലാൽ) അച്ഛനും മകനുമായി രണ്ട് റോളുകളായിരുന്നു. ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും’ ‘തൂവാനത്തുമ്പികളും’ ചെയ്തുകഴിഞ്ഞ സമയമായതുകൊണ്ട് അദ്ദേഹവുമായി എനിക്ക് നല്ലൊരു ആത്മബന്ധവും മനസ്സടുപ്പവും ഉണ്ടായിരുന്നു. ആ സിനിമയിലെ സോപ്പ് കുട്ടപ്പനെയും മാതുപ്പണ്ടാരത്തെയും സുകുമാരൻ സാർ എനിക്ക് വരച്ചുകാണിച്ചുതന്നു. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്ന ഒരാളിൽ നിന്ന് ഞാൻ അതുവരെ കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ പഠിച്ചു. ഓരോ കഥാപാത്രത്തെയും അവരുടെ മേക്കപ്പും വസ്ത്രവും നിറവും രൂപവും എന്നുവേണ്ട, ആ ഫ്രെയിമിൽ വരുന്നതെന്തും അദ്ദേഹം കൃത്യമായി വരച്ചുവെച്ചിട്ടുണ്ടായിരുന്നു. ആ താളുകൾ മറിച്ചുനോക്കിയാൽത്തന്നെ സിനിമ കണ്ടതുപോലെ തോന്നും.
മാതുപ്പണ്ടാരത്തിന്റെ കാളയ്‌ക്കു വേണ്ട ഉടുപ്പും കുഞ്ചലങ്ങളും നെറ്റിപ്പട്ടവുമൊക്കെ നിർമ്മിച്ചത് ഞാനാണ്. ‘ആനയുടെ നെറ്റിപ്പട്ടം പോലെയുണ്ടാക്കണം’ എന്ന് പറഞ്ഞ് മാതൃക വരച്ചുതന്നു.
‘പാദമുദ്ര’യ്‌ക്ക് ശേഷം തൊണ്ണൂറോളം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തെങ്കിലും, ആ ചിത്രം എനിക്ക് തന്ന ഓർമ്മകളും ജോലിയിൽ നൽകിയ സംതൃപ്തിയും സമാധാനവും മറ്റൊരു സിനിമയിൽ നിന്നും ലഭിച്ചിട്ടില്ല. ഒരു സിനിമ കഴിയുമ്പോൾ പരാതിയും പിണക്കവുമൊന്നുമില്ലാതെ ഡയറക്ടർ ഉദ്ദേശിച്ചപോലെ ചെയ്തുതീർക്കാൻ കഴിഞ്ഞു എന്നുള്ളൊരു സംതൃപ്തി വരുമ്പോൾ ഒരാഴ്ച ചുമ്മാ കിടന്നങ്ങ് ഉറങ്ങിക്കളയാൻ തോന്നും. അത്രയേ ഉള്ളൂ.
? ഭദ്രൻ സാറിന്റെ സ്ഫടികവുമായി ബന്ധപ്പെട്ട ഓർമ്മകൾ എന്തൊക്കെയാണ്
ഒരുപാട് തടസ്സങ്ങൾ അതിജീവിച്ച് പ്രദർശനത്തിനെത്തി ഹിറ്റായ ചിത്രമാണ് ഭദ്രൻ സാറിന്റെ സ്ഫടികം. എനിക്കതിൽ നല്ലൊരു റോളും അദ്ദേഹം തന്നു. പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ ഫ്രെയിമിൽ വരുന്ന മറ്റു കഥാപാത്രങ്ങളുടെ വേഷം വരെ തൃപ്തിപ്പെട്ടാൽ മാത്രമേ അദ്ദേഹം ഷോട്ടെടുക്കൂ. ഏറ്റവും കഷ്ടപ്പാട് തോന്നിയത് തിലകൻ സാറിന്റെ കഥാപാത്രം ചാക്കോ മാസ്റ്റർക്കുള്ള വേഷമുണ്ടാക്കാനാണ്. കണ്ണട, ഷർട്ട്, ഷാൾ, മുണ്ട്, വാക്കിങ് സ്റ്റിക് തുടങ്ങിയവ. സംവിധായകന് മാത്രമല്ല, തിലകൻ സാറിനും അതെല്ലാം ബോധിക്കണം. ചാക്കോ മാഷ് ധരിക്കുന്ന വെള്ള ഷർട്ടിനുവേണ്ടി പലതരത്തിലുള്ള തുണികളും തയ്ച്ചു. അതിൽ ഒന്ന് തൃപ്തിയായി വരാൻ എനിക്ക് 65 ഷർട്ട് തയ്‌ക്കേണ്ടി വന്നു. മോഹൻലാലിന്റെ കഥാപാത്രം ചാക്കോ മാഷിന്റെ ഷർട്ടിന്റെ കൈ വെട്ടുന്ന സീനുണ്ട്. എത്ര വെട്ടിയിട്ടും ശരിയായില്ല. അങ്ങനെ റിഹേഴ്സലിലും ഷോട്ടിലുമായി 32 എണ്ണത്തിന്റെ കൈ വെട്ടി. വസ്ത്രാലങ്കാരകൻ എന്ന നിലയിൽ സ്ഫടികം എനിക്കൊരു പാഠശാലയായിരുന്നു. ഏത് വലിയ സിനിമയും ചെയ്യാമെന്ന ധൈര്യം അതോടെ കിട്ടി. സ്ഫടികത്തിൽ മികച്ചൊരു കഥാപാത്രത്തേയും അവതരിപ്പിക്കാൻ പറ്റി. ഹീറോയെ സപ്പോർട്ട് ചെയ്യുന്ന ക്യാരക്ടറാ. എന്റെ ആദ്യ ഷോട്ട് കഴിഞ്ഞ് ഭദ്രൻ സാർ പറഞ്ഞ വാക്കുകൾ ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡായിരുന്നു. നീ ഉയർന്നു വരും, വലിയ നടനാകും, സ്ഫടികം ഇറങ്ങിക്കഴിയുമ്പോൾ നിന്നെ പിടിച്ചാ കിട്ടില്ല, അദ്ദേഹം പ്രവചനം പോലെ പറഞ്ഞു. ആ ചിത്രത്തിൽ ഞാൻ ആരാധിക്കുന്ന ബഹദൂർ സാറിനൊപ്പം അഭിനയിക്കാൻ സാധിച്ചു. സിൽക്ക് സ്മിതയ്‌ക്കും ഉർവശിക്കും വേണ്ടി വേഷമൊരുക്കി. സ്ഫടികത്തിൽ ഞാൻ ബോട്ടിൽ നിന്ന് കായലിലേക്ക് ചാടുന്നതായിരുന്നു എന്റെ അവസാന സീൻ. നീന്തലറിയില്ല എന്ന ഭയമുണ്ട്. ഡ്യൂപ്പ് ഇടാനും പറ്റില്ല. ഞാൻ തന്നെ ചെയ്യണം. കുമരകത്തായിരുന്നു ഷൂട്ടിങ്. ആ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ക്യാമറാമാൻ വില്യംസ് സാർ വിളിച്ചുപറഞ്ഞ ആ മുന്നറിയിപ്പാണ് ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം. ‘അളിയാ നീ ചാടുമ്പോൾ ദൂരേക്ക് ചാടണം. ആ വാതിലിന് തൊട്ടുതാഴെയൊരു പങ്കയുണ്ട്. നീ അതിൽ കുടുങ്ങിപ്പോകും’. ഇതുകേട്ട് എന്റെ കാലുകളൊക്കെ മരവിച്ചുപോയെങ്കിലും സർവ്വശക്തിയുമെടുത്ത് ചാടി. ഞാൻ വെള്ളത്തിലേക്ക് താണുപോയി. ആരൊക്കെയോ ചേർന്നെന്നെ പൊക്കിയെടുത്ത് വള്ളത്തിലിട്ടു. അങ്ങനെ വില്യംസ് സാർ തിരികെ തന്നതാണ് ഈ ജീവിതം.
? ദൂരദർശനിൽ കളിവീട്, അമ്പലക്കര യു.പി.എസ് തുടങ്ങിയ സീരിയലുകളിൽ ഒക്കെ അഭിനയിച്ചിരുന്നുവല്ലോ. ആ കാലത്തെക്കുറിച്ച്
ടിവിയും സീരിയലുകളുമൊക്കെ മലയാളികളുടെ വീടുകളിലേക്ക് കടന്നുവരുന്ന കാലമായിരുന്നു അത്. മേക്കപ്പ്മാൻ മോഹൻദാസാണ് എന്നെ വിളിക്കുന്നത്. ‘എസ്.ഐക്കും പോലീസുകാർക്കും ഉള്ള ഡ്രസ്സ് വാടകയ്‌ക്ക് സംഘടിപ്പിച്ചു കൊടുക്കണം, പിന്നെ അതിൽ നിനക്കൊരു വേഷവുമുണ്ട്’ എന്ന് അണ്ണൻ പറഞ്ഞു. കേട്ടയുടൻ ഞാൻ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വെച്ചുപിടിച്ചു.
ഷൂട്ടിങ് നടക്കുന്ന ആ വീടുതന്നെയായിരുന്നു അതിലെ പ്രധാന കഥാപാത്രം. കന്നഡയിലെ ഒരു ഹിറ്റ് സീരിയൽ മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. ബിച്ചു തിരുമല സാർ തിരക്കഥ എഴുതുന്ന ആ പരമ്പര സംവിധാനം ചെയ്തത് എം.പി. സുകുമാരൻ നായർ സാറാണ്. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പഠിച്ചിറങ്ങി അടൂർ സാറിന്റെ കൂടെ വർക്ക് ചെയ്യുന്ന കാലത്താണ് അദ്ദേഹം ഇതിലേക്ക് എത്തുന്നത്. വേലക്കാരന്റെ റോളായിരുന്നു എനിക്ക്. അങ്ങനെയാണ് അത് എന്റെ ആദ്യ സീരിയലാകുന്നത്.
കോമഡി കഥാപാത്രങ്ങൾ ചെയ്ത് എനിക്ക് വന്നുചേർന്ന അനിയന്ത്രിതമായ ശരീരചലനങ്ങളെ മാറ്റിയെടുത്ത്, എന്നെപ്പോലൊരാൾക്ക് ചിന്തിക്കാൻ പോലും പറ്റാത്തത്ര ഗൗരവമുള്ള കഥാപാത്രങ്ങൾ തന്ന് അഭിനയത്തിന്റെ ശരിയായ ദിശയിലേക്ക് എന്നെ നയിച്ചത് സുകുമാരൻ നായർ സാറാണ്.
കുട്ടിക്കാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന സിനിമ എന്ന മോഹത്തിലേക്ക് എന്നെ അടുപ്പിച്ചതും, എനിക്ക് അപ്രാപ്യരായിരുന്ന മഹാരഥന്മാരുടെ അരികിലേക്ക് എന്നെ എത്തിച്ചതും അദ്ദേഹമാണ്. ‘ശയനം’, ‘ദൃഷ്ടാന്തം’, ‘രാമാനം’, ‘ജലാംശം’ തുടങ്ങിയ ചിത്രങ്ങളിലൂടെ കരുത്തുറ്റ വേഷങ്ങൾ നൽകി. അടൂർ സാറിന്റെയും ടി.വി. ചന്ദ്രൻ സാറിന്റെയുമൊക്കെ സിനിമകളിൽ എനിക്ക് അവസരം ലഭിക്കാൻ കാരണമായതും ആ സിനിമകളാണ്. എന്നെ നിരന്തരം നിരീക്ഷിച്ച്, നിയന്ത്രിച്ച്, തെറ്റുകൾ തിരുത്തി. സർഗ്ഗാത്മകതയുടെ ആ മൂശയിലിട്ടാണ് അദ്ദേഹം എന്നിലെ നടനെ പാകപ്പെടുത്തിയെടുത്തത്.
അതുകൊണ്ടുതന്നെ, പിൽക്കാലത്ത് സ്വന്തമായി ഒരു വീടുവച്ചപ്പോൾ, സുകുമാരൻ നായർ സാർ സംവിധാനം ചെയ്ത എന്റെ ആദ്യ സീരിയലിന്റെ പേരുതന്നെ ഞാൻ നൽകി- ‘കളിവീട്’.
? താങ്കളുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് അപ്പോത്തിക്കിരി. അതിലെ ജോസഫ് എന്ന കഥാപാത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പരാമർശത്തിന് അർഹനാക്കി. അതിന് മുമ്പ് കഥാവശേഷനിലെ തൊരപ്പൻ വാസു എന്ന കഥാപാത്രം ഏത് റോളും ചെയ്യാൻ താങ്കൾക്ക് സാധിക്കുമെന്ന് തെളിയിച്ചു. താങ്കളുടെ ഉള്ളിൽ അത്തരത്തിലൊരു സ്പാർക്ക് ഉണ്ടെന്ന് അഭിനയത്തിന്റെ തുടക്കത്തിൽ തന്നെ അനുഭവപ്പെട്ടിരുന്നോ
ഇല്ല, എനിക്ക് ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആഗ്രഹമുണ്ട്, അപ്പോഴും ഇപ്പോഴും ഒരേപോലെ ആഗ്രഹിക്കുന്നു-അഭിനയിക്കണം, അഭിനയിക്കണം എന്ന്. ഒരു ആർട്ടിസ്റ്റ് നന്നാകുന്നതിനും മോശമാകുന്നതിനുമൊക്കെ ഓരോ കാരണങ്ങളുണ്ടാകും. ഒരു കഥയ്‌ക്ക് ഒരു എഴുത്തുകാരൻ എന്ന് പറയുന്നതുപോലെ, ഓരോ സിനിമയ്‌ക്കും ഒരു സംവിധായകനുണ്ട്.
അവർ തീരുമാനിക്കുന്നത് മാത്രമേ നമുക്ക് ആ ചിത്രത്തിൽ കാണാൻ സാധിക്കുകയുള്ളൂ. നമ്മൾ ചെയ്തത് മോശമാണെങ്കിൽ അവർ അത് വെട്ടിമാറ്റുന്നതുപോലെ തന്നെ, നന്നായിട്ടുണ്ടെങ്കിൽ അവർ അത് പ്രൊജക്റ്റ് ചെയ്യുകയും ചെയ്യും. അപ്പോൾ അവരുടെ നിർദ്ദേശങ്ങളാണ് ഓരോ സിനിമയിലും നമ്മളെ കഥാപാത്രങ്ങളാക്കി മാറ്റുന്നത്. നമ്മൾ ചെയ്യുന്ന കഥാപാത്രം ഓരോ സംവിധായകന്റെയും സഹായത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ്.
‘അപ്പോത്തിക്കിരി’യിലെ ജോസഫ് എന്ന കഥാപാത്രം എന്റെ അച്ഛനെത്തന്നെ മനസ്സിൽ ധ്യാനിച്ച് ചെയ്തതാണ്. ആ കഥാപാത്രം അച്ഛന്റെതന്നെ ഒരു പ്രതിരൂപമായിട്ടാണ് എനിക്ക് തോന്നിയത്. ആ നിസ്സഹായതയും കാര്യങ്ങളുമൊക്കെ. അതും നല്ല നോ
വായിരുന്നു, ആ സ്‌ക്രിപ്റ്റും അത്ര ഗംഭീരമായിരുന്നു. ആരായാലും അഭിനയിച്ചുപോകും. കാലം നമ്മളെ മാധവ് രാമദാസനെപ്പോലെയുള്ള ചില സംവിധായകരുടെ അടുത്തെത്തിക്കും. അവർ നമ്മളെ, നാം പോലുമറിയാതെ വേറൊരു തലത്തിലേക്ക് എത്തിക്കും.
? സിനിമയിൽ വന്ന സമയത്ത് താങ്കൾ കോമഡി റോളുകൾ മാത്രമാണല്ലോ ചെയ്തിരുന്നത്. അതിൽ നിന്നും ഗംഭീരമായ ക്യാരക്ടർ റോളുകളിലേക്കുള്ള താങ്കളുടെ പരകായ പ്രവേശം എങ്ങനെയാണ് സാധ്യമായത്. പ്രത്യേകിച്ചും ഉടൽ, ആളൊരുക്കം, ഹോം, മൺറോതുരുത്ത്, വെയിൽമരങ്ങൾ തുടങ്ങിയ സിനിമകളിൽ. ഇതിനായി സ്വയം തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ
ഒരു 40-45 വർഷത്തെ തയ്യാറെടുപ്പ് നടത്തി. ഒരു 35 വർഷമെങ്കിലും തയ്യാറെടുത്തുകാണും. ആ കോമഡിയിൽ നിന്ന് ഇപ്പോഴത്തെ പടത്തിലേക്ക് വരാൻ. ഓരോ ദിവസവും എണ്ണി എണ്ണിയോ അല്ലെങ്കിൽ പലതും കണ്ടും പഠിച്ചും കാലം മാഞ്ഞും മറഞ്ഞും എന്റെ പ്രായവും എന്റെ നിറവും എന്റെ ശബ്ദവുമൊക്കെ ഇങ്ങനെ മാറി മാറി കൊണ്ടുവരാൻ ഒരു 30-35 കൊല്ലമെങ്കിലും എടുത്തു കാണുമെന്നാണ് എന്റെ വിചാരം.
? ഇന്ദ്രൻസ് എന്ന നടന്റെ പേരിനൊപ്പം നിരവധി ചിത്രങ്ങൾ ചേർത്തുവയ്‌ക്കാൻ ഉണ്ടെങ്കിലും ആളൊരുക്കത്തിലെ അപ്പു പിഷാരടി, ഹോമിലെ ഒലിവർ ട്വിസ്റ്റ്, ഉടലിലെ കുട്ടിച്ചായൻ തുടങ്ങിയ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഒന്നിൽ നല്ലൊരു കുടുംബനാഥൻ, ആളൊരുക്കത്തിൽ മകനെ തേടിയലയുന്ന അച്ഛൻ, ഉടലിൽ പ്രതികാരദാഹിയായ ഭർത്താവ് ഈ കഥാപാത്രങ്ങളെ എങ്ങനെയാണ് അങ്ങ് ഉൾക്കൊണ്ടത്
അതുപോലെ ഒത്തിരി ക്യാരക്ടറുണ്ട്. പുരസ്‌കാരം ലഭിച്ചു എന്നതുകൊണ്ട് ചില കഥാപാത്രങ്ങൾ ഹൃദയത്തോട് കുറച്ചുകൂടി ചേർന്നുനിൽക്കുന്നുവെന്ന് മാത്രം. ‘ഹോമി’ലെ ഒലിവർ ട്വിസ്റ്റും ‘ഉടലി’ലെ കുട്ടിച്ചായനുമൊക്കെ എത്രയോ വ്യത്യസ്തമാണ്. ആ വേഷങ്ങളാണ് അഭിനേതാവെന്ന നിലയിൽ ഒരുപാ
ട് സപ്പോർട്ട് ചെയ്തിട്ടുള്ളത്. നമ്മളെയൊന്നും വിട്ടുമാറാത്ത കഥാപാത്രങ്ങളാണ്.
ജീവസ്സുറ്റ ചില കഥാപാത്രങ്ങൾ നമുക്കൊപ്പം കുറെദൂരം സഞ്ചരിക്കും. മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യുന്നത് വരെ അതിന്റെ നിഴൽ പിന്തുടരും. സൂക്ഷിച്ചില്ലെങ്കിൽ ആ നിഴൽ എവിടെയും കയറിക്കളയും. അങ്ങനെയുള്ള കഥാപാത്രങ്ങളുമുണ്ട്.
? ഈ കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. അതിനെയൊക്കെ ഉൾക്കൊള്ളാൻ പറ്റിയതിൽ സംവിധായകന്റെ സ്വാധീനം എങ്ങനെയാണ്
പൂർണ്ണമായും ആ സംവിധായകന്റെ വിജയമാണത്. ആ സംവിധായകനും ഛായാഗ്രാഹകനും നമ്മളെ മനസ്സിൽ കണ്ട്, അവരുടെ ക്യാമറയ്‌ക്കും വെളിച്ചത്തിനും മുന്നിലേക്ക് വിശ്വസിച്ച് നിർത്തിയതാണ്. അഭിനയിക്കുമ്പോൾ നമ്മൾ എത്ര തെറ്റിച്ചാലും ക്ഷമയോടെ വീണ്ടും വീണ്ടും എടുക്കും. ആ സംവിധായകന്റെ സമർപ്പണം തന്നെയാണ് വിജയത്തിന് പിന്നിൽ.
ഒരു കഥാപാത്രം നന്നാകുന്നതുവരെ ചില സീനൊക്കെ ഒത്തിരി എടുത്ത് കാണും. നമ്മൾ നന്നാകുമ്പോഴായിരിക്കും അതിലെ പാസ് ചെയ്യുന്നവരുടെ നിഴൽ വരുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ഒരു ലൈറ്റ് ഫ്‌ലിക്കർ ചെയ്യും. ചിലപ്പോൾ നമ്മുടെ തന്നെ നാവ് ഉടക്കും. അങ്ങനെ പല ഷോട്ടുകളും ഒരുപാട് ബുദ്ധിമുട്ടിയാവും എടുക്കുക. മൂഡ് ഔട്ടായി നമുക്ക് ഈ സീൻ പിന്നെ എടുക്കാം എന്ന് പറഞ്ഞ് നിർത്തുന്ന ദിവസങ്ങളുണ്ട്. ഇങ്ങനെ എല്ലാ ആർട്ടിസ്റ്റുകളുടെയും ജീവിതത്തിൽ ഇത്തരം മുഹൂർത്തങ്ങൾ ഒരുപാട് ഉണ്ടാവും.
വി. സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലെ അപ്പു പിഷാരടി ഒരു ഓട്ടൻ തുള്ളൽ കലാകാരനാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്ക് മുന്നിൽ വേറെ മാതൃകകളൊന്നും ഇല്ലായിരുന്നു. ഹോമിലെ ഒലിവർ ട്വിസ്റ്റിന്റെ വിജയത്തിന് പിന്നിൽ തിരക്കഥാകൃത്തിനും മേക്കപ്പ് മാനും ഒരു പങ്കുണ്ട്. അപ്പിയറൻസ് ഭംഗിയായാൽ പകുതി വിജയിച്ചു. കോസ്റ്റ്യൂമും മേക്കപ്പും ഓക്കെയായി കഴിഞ്ഞാൽ നമുക്ക് പ്രസന്റ് ചെയ്യാൻ ഒരു ആത്മാവ് തേടിയെടുത്താൽ നമ്മൾ വിജയിക്കും.
? ഏറ്റവും കൂടുതൽ കഷ്ടപ്പാട് ഏത് റോൾ അഭിനയിക്കാനാണ്.? അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ച കഥാപാത്രങ്ങൾ ഏതൊക്കെ
കോമഡി ചെയ്യുമ്പോഴാണ് കൂടുതൽ കഷ്ടപ്പാടുണ്ടായിട്ടുള്ളത്; പ്രത്യേകിച്ചും തുടക്കകാലത്തെ സിനിമകളിൽ. ഹാസ്യരംഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഒരുപാട് റീടേക്കുകൾ പോകേണ്ടിവന്നിട്ടുമുണ്ട്.
കോമഡിയാണോ അതോ ഇപ്പോഴത്തെ സീരിയസ് വേഷങ്ങളാണോ കൂടുതൽ സംതൃപ്തി തരുന്നത് എന്ന് ചോദിച്ചാൽ-നമുക്ക് ആസ്വദിച്ചു ചെയ്യാൻ കിട്ടുന്ന കഥാപാത്രങ്ങളിൽ ഒരു ജീവനുണ്ടാകും. അങ്ങനെ സംഭവിക്കുമ്പോൾ അഭിനയം നന്നാവും, സംതൃപ്തിയുണ്ടാകും.
? തുടക്കകാലത്ത് താങ്കളുടെ ശരീരപ്രകൃതിയെ സിനിമയിലെ മറ്റുകഥാപാത്രങ്ങൾ പല രീതിയിൽ വിശേഷിപ്പിച്ചിരുന്നല്ലോ. കുടക്കമ്പി, നത്തോലി, നീർക്കോലി എന്നിങ്ങനെ. ഇത്തരം ആക്ഷേപങ്ങൾ ജീവിതത്തിൽ സങ്കടപ്പെടുത്തിയിട്ടുണ്ടോ?. പരിഹാസങ്ങൾ മുറിപ്പെടുത്തിയ ഒരു കാലം ഇന്ദ്രൻസ് എന്ന നടനുണ്ടോ
ഇല്ല. അത് പരിഹാസമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ഇപ്പോഴും തോന്നുന്നില്ല. ഞാൻ പഴയ ആളായതുകൊണ്ടായിരിക്കാം. ആ വിളിയൊന്നും എന്നെ തളർത്തുകയോ മുറിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നെ സഹായിച്ചത് അത്തരം ചെല്ലപ്പേരുകളാണ്. കാരണം അത്രയും ഓമനിച്ച് ആ പേരുകൾ എന്നെ ഊട്ടി വളർത്തിയിട്ടുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് അതൊക്കെ എന്റെ ചെല്ലപ്പേരുകളാ. ഇന്ന് ആ സിനിമകൾ ഒക്കെ കാണുമ്പോൾ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നും. ഈ തോന്നൽ പല നടീനടന്മാർക്കുമുണ്ടെന്ന് അവരോട് സംസാരിക്കുമ്പോൾ തോന്നിയിട്ടുണ്ട്. എഴുത്തുകാർക്കുമുണ്ട് ഈ ചിന്ത. പൂർണ്ണത, അത് മനസ്സിന്റെ ആഗ്രഹമാണ്. പരീക്ഷ എഴുതി വരുന്ന കുട്ടികളെ കണ്ടിട്ടില്ലേ, ഇത്തിരികൂടി നന്നായി എഴുതാമായിരുന്നു എന്ന് പറയുന്നതുപോലെ എല്ലാ മനുഷ്യരിലും ഉള്ള സഹജമായ ഒരു ചിന്തയായിരിക്കും അത്.

? ഇന്ദ്രൻസ് എന്ന വ്യക്തിയുടെ ഏറ്റവും വലിയ സവിശേഷത എളിമയാണെന്നാണ് സിനിമയ്‌ക്കകത്തും പുറത്തും ഉള്ളവർ വിലയിരുത്തുന്നത്. വെള്ളിവെളിച്ചത്തിന്റെ പ്രഭയിൽ താരജാഡയില്ലാത്ത മനുഷ്യൻ ആയി നിലനിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണ്
അതെനിക്കറിയില്ല, ഒരുപക്ഷേ എന്നെ ജീവിതം പഠിപ്പിച്ചതായിരിക്കാം. ഞാൻ പെട്ടെന്ന് മാറ്റങ്ങൾക്ക് വഴങ്ങുന്ന ആളല്ലാത്തതുകൊണ്ടാവാം ആ വെള്ളിവെളിച്ചത്തിൽ എനിക്ക് മാറാൻ കഴിയാതെപോയത് എന്ന് തോന്നുന്നു.
തീർച്ചയായും എന്റെ ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമായിരിക്കാം എന്നെ ഇത്തരത്തിലാക്കിയത്. അത് എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ വളർന്നുവരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും കുടുംബവും കൂട്ടുകാരുമൊക്കെ തന്നെയാണ് നമ്മളെ പരുവപ്പെടുത്തിയെടുക്കുന്നത്. അതുകൊണ്ടുതന്നെ, എന്നെ ഇന്നത്തെ ‘ഞാൻ’ ആക്കി മാറ്റിയത് എന്റെ ചുറ്റുവട്ടങ്ങൾ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.’
? നടന്മാരിൽ മധുസാറിനെയാണ് ഏറെ പ്രിയം എന്ന് കേട്ടിട്ടുണ്ട്. എന്താണ് ആ ആരാധനയ്‌ക്ക് പിന്നിൽ
അന്നൊക്കെ സിനിമയും സിനിമാക്കാരുമെല്ലാം മദ്രാസിലായിരുന്നല്ലോ; നമുക്കൊന്നും കാണാൻ പോ
ലും കിട്ടാത്തത്ര ദൂരെ. എങ്കിലും, വീടിനടുത്തൊരു സിനിമാനടന്റെ വീടുണ്ടെന്നു കേൾക്കുമ്പോൾ, അദ്ദേഹം അവിടെയുണ്ടോ ഇല്ലയോ എന്നറിയാൻ കൗതുകത്തോടെ എത്തിനോക്കി നിന്നുപോകും. കുട്ടിക്കാലത്ത് അതൊരു പ്രത്യേക വികാരമാണ്-നമ്മുടെ സ്വന്തം നടൻ എന്നൊരു തോന്നൽ! നസീർ സാറും അങ്ങനെതന്നെയായിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ വീട് നടന്നെത്താൻ പറ്റാത്തത്ര ദൂരെയായിരുന്നു. എന്നാൽ, തൊട്ടടുത്തുള്ളതുകൊണ്ടാകാം മധു സാറിനോട് അത്രമേൽ ഇഷ്ടം തോന്നിയതും എല്ലാ കഴിവുകളും അദ്ദേഹത്തിൽ തന്നെ കാണാൻ തുടങ്ങിയതും. നാട്ടിൽ സ്ഥിരമായി സിനിമാ പോസ്റ്ററുകൾ ഒട്ടിക്കാറുള്ള കഞ്ഞിപ്പുരയുടെ മതിലിലും ചുവരിലും മധുസാറിന്റെ പടമുള്ള പോസ്റ്ററുണ്ടെങ്കിൽ അങ്ങനേ നോക്കിനിൽക്കും. സിനിമാ മാസികയിൽ അദ്ദേഹത്തിന്റെ ചിത്രം കണ്ടാലും അങ്ങനെ തന്നെ.
സാറിനെ കാണുമ്പോൾ നമ്മൾ ബഹുമാനത്തോടെ നിൽക്കും; സാറത് തിരിച്ചറിയുകയും ചെയ്യും. അദ്ദേഹം വാത്സല്യത്തോടെ നമ്മളെ അടുത്തിരുത്തും. കാര്യങ്ങളെയെല്ലാം കൗതുകത്തോടെ നോക്കിക്കണ്ട് ചിരിച്ചിരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അടുത്തിരിക്കുമ്പോൾ കഥകളും അനുഭവങ്ങളും പങ്കുവെക്കും.
? സിനിമയിൽ ആരും മസ്റ്റ് അല്ല. സിനിമയാണ് പ്രധാനം എന്ന് ഒരിക്കൽ ഒരു വേദിയിൽ പറയുകയുണ്ടായി. അനുഭവങ്ങളാണോ ഇത്തരം തുറന്നുപറച്ചിലുകൾക്ക് പിന്നിൽ
സിനിമയെ നിലനിർത്തുന്നത് മാറിവരുന്ന തലമുറകളാണ്. അതുകൊണ്ടുതന്നെ, ഓരോ തലമുറയുടെയും അഭിരുചികൾക്കനുസരിച്ചാണ് സിനിമയും മാറിക്കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയും കഥകളും മനുഷ്യജീവിതവും അതിനൊപ്പം പരിണമിക്കുന്നു. ഇങ്ങനെ തലമുറകൾ മാറുമ്പോൾ, തനിക്ക് വർഷങ്ങളുടെ പരിചയസമ്പത്തുണ്ടെന്നോ, തന്റെ പശ്ചാത്തലം ഇന്നതാണെന്നോ ഉള്ള അവകാശവാദങ്ങൾക്ക് വെള്ളിത്തിരയിൽ യാതൊരു പ്രസക്തിയുമില്ല. ഈ കാഴ്ചക്കാരൻ മാറുന്നതുപോലെ സിനിമ സൃഷ്ടിക്കുന്നവരും മാറുന്നു. അപ്പൊൾപിന്നെ എങ്ങനെയാണ് സ്ഥിരമായി ഞാൻ ഇതിന്റെ ഭാഗമാണ്, ഞാൻ എന്നും ഇതിൽ നിലനിൽക്കും എന്ന് കരുതാനാവുക.
? ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് നടത്തുന്ന തയ്യാറെടുപ്പുകൾ എങ്ങനെയാണ്. കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ചെല്ലുക എന്നത് ദുഷ്‌കരമായ പ്രക്രിയയാണോ
ചില ക്യാരക്ടർ അങ്ങനെയാണ്, പെട്ടെന്ന് നമുക്ക് പിടിതരില്ല. ഡയറക്ടർ ഇതൊക്കെ ചെയ്തെടുക്കുമെങ്കിലും മനസ്സുകൊണ്ട് ഒരു ഉള്ളൊരുക്കം നടത്തണമല്ലോ. കഥാപാത്രത്തിന്റെ ആത്മാവിന്റെ ഒരു അരികിലെങ്കിലും എത്താൻ പറ്റിയാൽ ഡയറക്ടർക്ക് നമ്മളെക്കൊണ്ട് ചെയ്യിക്കാൻ എളുപ്പമാണ്. ചില പിടിതരാത്ത കഥാപാത്രങ്ങളാണെങ്കിൽ നമ്മളെ കുറച്ചധികം കുഴപ്പിക്കും, അത്രയേയുള്ളൂ.
? അങ്ങ് ഏറ്റവും കൂടുതൽ തയ്യാറെടുപ്പ് നടത്തി അവതരിപ്പിച്ച കഥാപാത്രം ഏതായിരിക്കും
അങ്ങനെ ഒരുപാടുണ്ട്. ‘സ്മാരകശിലകൾ’ എന്ന നോവലിനെ ആസ്പദമാക്കി എം.പി. സുകുമാരൻ നായർ സാർ സംവിധാനം ചെയ്ത ‘രാമാനം’ എന്നൊരു സിനിമയുണ്ട്. അതിലെ ‘എറമുള്ളാൻ’ എന്ന കഥാപാത്രത്തിന് വേണ്ടി ഒരുപാട് പഠിക്കേണ്ടിവന്നിരുന്നു; സാറും അത് നന്നായി പഠിപ്പിച്ചുതന്നിരുന്നു. പടം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല, ജഗതി ചേട്ടനായിരുന്നു നായകൻ. ഇതുപോലെ വേറെയും ചിത്രങ്ങളുണ്ട്. ‘ഹോമി’ലെ ഒലിവർ ട്വിസ്റ്റ്, ‘ഉടലി’ലെ കുട്ടിയച്ചൻ, ‘അപ്പോത്തിക്കിരി’യിലെ ജോസഫ്… ഇവയൊക്കെ നമ്മളെ വളരെ സൂക്ഷ്മമായി പിടിച്ചുനിർത്തുന്ന കഥാപാത്രങ്ങളായിരുന്നു. പിന്നെ, സംവിധായകരുടെ മിടുക്കുകൊണ്ട് അവർ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഒപ്പം എത്താൻ നമുക്ക് കഴിയാറുമുണ്ട്.
? 2005 ൽ ആടുംകൂത്ത് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2012 ൽ നൻപനിലും വേഷമിട്ടു. വർഷങ്ങൾക്കിപ്പുറം സൂര്യ നായകനായ ‘കറുപ്പി’ലെ മട്ടാഞ്ചേരി സുകുമാരനിലൂടെ ഇപ്പോൾ തമിഴ്‌നാട്ടുകാർക്കും ഏറെ സ്വീകാര്യനായ നടനാണ് അങ്ങ്. ‘കറുപ്പി’ലെ ആ അച്ഛന്റെ വേഷം താങ്കൾ തന്നെ ചെയ്യണം എന്ന് താൽപര്യപ്പെട്ടതും സൂര്യയാണ്. ഇനി തമിഴിൽ സജീവമാകാൻ ഉള്ള ഒരുക്കത്തിലാണോ. മലയാളത്തിലും തമിഴിലും അഭിനയിക്കുമ്പോൾ പ്രകടമാകുന്ന വ്യത്യാസം എന്താണ്
ഭാഷ എനിക്കിപ്പോഴും വലിയൊരു വെല്ലുവിളി തന്നെയാണ്. തമിഴിലേക്ക് പോകാത്തതിന്റെ കാരണം പ്രതിഫലമോ സാമ്പത്തികമോ ഒന്നുമല്ല; തമിഴിൽ എല്ലാവിധ സൗകര്യങ്ങളും നമുക്ക് കൂടുതൽ ലഭിക്കുകയും ചെയ്യും. എങ്കിലും എന്റെ ധൈര്യക്കുറവുകൊണ്ടു മാത്രമാണ് ഞാൻ അങ്ങോട്ട് പോകാത്തത്. മാസ്റ്റർ ഡയറക്ടർമാരുടെ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ, അവരുടെ കഴിവുകൊണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മൾ രക്ഷപ്പെട്ടുപോകും. അത്തരം വലിയ സംവിധായകരുടെ കൈകളിൽ സുരക്ഷിതമായിരിക്കും എന്ന ഉറപ്പും, എനി
ക്ക് സൂക്ഷ്മമായി ചെയ്യാൻ കഴിയുന്ന നല്ലൊരു കഥാപാത്രവും ലഭിച്ചാൽ മാത്രമേ അന്യഭാഷകളിലേക്ക് പോകാൻ തുനിയൂ. അതില്ലെങ്കിൽപ്പിന്നെ ആസ്വദിച്ച് അഭിനയിക്കാൻ നമുക്ക് സ്വന്തം മലയാള സിനിമയുണ്ടല്ലോ. അതുകൊണ്ട് തമിഴിൽ സജീവമാകുന്ന കാര്യത്തിൽ അന്തിമമായൊരു തീരുമാനത്തിൽ ഞാൻ ഇതുവരെ എത്തിയിട്ടില്ല.’
? ജീവിതത്തിൽ താങ്കളെ കൊതിപ്പിക്കുന്നത് എന്താണ്. ഈ കൊതി എന്ന വാക്കിനോട് ഒരിഷ്ടക്കൂടുതലുണ്ടോ?
ജീവിതം തന്നെയാ നമ്മളെ കൂടുതൽ കൊതിപ്പിക്കുന്നത്. നമുക്ക് ഒരുപാട് അനുഭവങ്ങളുള്ള, ചുറ്റുവട്ടത്തുള്ള നല്ല മനുഷ്യരോടൊത്ത് സഹകരിക്കാൻ പറ്റുന്ന, അസുഖമൊന്നുമില്ലാതെ നന്നായി ജീവിച്ചുപോകാവുന്ന ജീവിതം തന്നെയാണ് മുൻപോട്ട് ജീവിക്കാൻ കൊതിപ്പിക്കുന്നതും. വായനയും പാട്ടുകൾ കേൾക്കുന്നതും യാത്രകളുമാണ് അഭിനയം കൂടാതെയുള്ള ഇഷ്ടങ്ങൾ.

? ഇന്ദ്രധനുസ് എന്ന ആത്മകഥയെഴുതി. അതിലൂടെ ചെറുകാട് അവാർഡും നേടി. താങ്കളുടെ ജീവിതത്തെ അക്ഷരത്തിലൂടെ പകർത്തുമ്പോൾ ഉണ്ടായ അനുഭൂതി എന്താണ്. ഇനിയും ഒരു എഴുത്ത് പ്രതീക്ഷിക്കാമോ
എഴുതിയ ആ കാലഘട്ടം ഇപ്പോഴും വലിയ കൊതി ഉണ്ടാക്കുന്നുണ്ട്; ഇനിയും എഴുതണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, അതിന് ഒത്തിരി വായന ആവശ്യമാണ്. അതിനുള്ള സമയം കിട്ടുകയാണെങ്കിൽ, ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ അനുഭവങ്ങൾ ഇനിയുമുണ്ട്. അതൊക്കെ കൃത്യമായ രീതിയിൽ കോർത്തിണക്കാൻ സാധിച്ചാൽ തീർച്ചയായും എഴുതും. ആത്മകഥ എഴുതിയ കാലം ഒരു പ്രത്യേക തരത്തിലുള്ള അടങ്ങിയിരിപ്പായിരുന്നു. ആ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോൾ ഇപ്പോഴും വലിയൊരു സന്തോഷം തോന്നും. ഏകദേശം മൂന്ന്, മൂന്നര വർഷത്തോളം എടുത്താണ് അത് പൂർത്തിയാക്കിയത്. കോവിഡിന് മുൻപ് തന്നെ അതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
കുടുംബവും ജീവിതവുമെല്ലാം വള്ളിപുള്ളി വിടാതെ അതിൽ കുറിച്ചിട്ടിട്ടുണ്ട്. എന്റെ നന്മകളെക്കാളും ഗുണങ്ങളെക്കാളും ഏറെ എന്നെ രൂപപ്പെടുത്തിയത് ഞാൻ ചെയ്ത തെറ്റുകളും ദോഷങ്ങളുമാണ്. അതൊന്നും മറച്ചുവെക്കാതെ തികച്ചും സത്യസന്ധമായാണ് ഞാൻ ആത്മകഥയിൽ എഴുതിയിട്ടുള്ളത്. ഞാൻ എന്തൊക്കെ മോഹിച്ചു, അത് എവിടെവരെയെത്തി എന്നത് മാത്രമാണ് അതിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്. എന്റെ ഒരു മുപ്പത്തഞ്ച് വയസ്സുവരെയുള്ള കാലഘട്ടം മാത്രമാണ് അതിലുള്ളത്; അവിടെവെച്ച് ഞാൻ അത് പറഞ്ഞുനിർത്തുകയായിരുന്നു. കാരണം, അതുവരെയുള്ളതായിരുന്നു എന്റെ ശരിയായ ജീവിതം എന്ന് എനിക്ക് തോന്നി.
? പഠനം പാതിവഴിയിൽ നിർത്തിയതിന്റെ സങ്കടം പലതിൽ നിന്നും ഉൾവലിയാൻ താങ്കളെ പ്രേരിപ്പിച്ചിട്ടുണ്ടോ. പിന്നീട് വർഷങ്ങൾക്കിപ്പുറം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായി. താങ്കൾക്ക് ഇന്നത്തെ തലമുറയിലെ കുട്ടികളോട് പറയാനുള്ളത് എന്താണ്
ഇന്നത്തെ കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. വിദ്യാഭ്യാസവും അറിവുമാണ് ഏറ്റവും പ്രധാനമെന്ന് എല്ലാ മാതാപിതാക്കൾക്കുമറിയാം. പഴയ കാലഘട്ടത്തിൽ എല്ലാവർക്കും മക്കളെ പഠിപ്പിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ മാതാപിതാക്കൾ തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കുന്നത് മക്കളുടെ പഠനത്തിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ, ആ കാര്യത്തിൽ അവർ ഏറെ ബോധവാന്മാരാണ്. കാലം മാറുമ്പോൾ പുതിയ തലമുറയ്‌ക്ക് മുൻപിൽ നമ്മൾ നിശ്ശബ്ദരായി നിന്നുകൊടുത്താൽ, അവർ കാട്ടിത്തരുന്ന വെളിച്ചത്തിലൂടെ നമുക്ക് മുൻപോട്ടു പോകാനാകും എന്ന് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ പഴയ കാലഘട്ടത്തിന്റെ പരിമിതികളിൽ പെട്ടുപോയ എന്നെപ്പോലെയുള്ള ഒട്ടേറെപ്പേർ എന്റെ പ്രായത്തിലും അതിൽ കൂടുതലുമുള്ളവരിലും ഉണ്ടാകും. അവരുടെ മനസ്സിനുള്ളിലെ ആകുലതകളും വിഷമങ്ങളും അവരുടെ ജീവിതകാലം മുഴുവൻ അങ്ങനെതന്നെ നിലനിൽക്കും എന്നാണ് എനിക്ക് തോന്നുന്നത്.
? ജാക്‌സൺ ബസാർ എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായി വേഷം മാറിയെത്തുന്ന സിഐ സദാശിവനെയാണ് അവതരിപ്പിച്ചത്.
മുഖത്ത് ചിരിപോലും വരാത്ത പരുക്കൻ പോലീസ് ഓഫീസർ. യഥാർത്ഥ പോലീസ് വേഷവും പോലീസായി വേഷം മാറിയെത്തുന്നതും തമ്മിൽ ഏറെ വ്യത്യാസം ഉണ്ട്. ഒരു സാധാരണക്കാരന് പോലീസിന്റെയും പോലീസ് സ്റ്റേഷന്റേയും രീതികൾ അത്ര പരിചിതമല്ല. എങ്ങനെയാണ് ആ കഥാപാത്രത്തെ മികവുറ്റതാക്കിയത് സിനിമയിലെ ആ കഥാപാത്രം ഈ മേഖലയുമായി അത്യാവശ്യം ബന്ധമുള്ള, മുൻപ് പട്ടാളത്തിലൊക്കെ സേവനമനുഷ്ഠിച്ചിരുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ പോലീസ് സ്റ്റേഷനെയും അതിന്റെ രീതികളെയും കുറിച്ച് അദ്ദേഹത്തിന് നല്ല അറിവുണ്ടാകും. ജീവിതത്തിൽ നിവൃത്തിയില്ലാത്ത ഒരു ഘട്ടം വരുമ്പോൾ, ആകുലതകൾ മൂത്ത് എത്ര പാവപ്പെട്ടവനും ചെയ്തുപോകുന്ന കടുംകൈകളിൽ ഒന്നാണത്. യൂണിഫോം പോലുമിടാതെ പോലീസ് സ്റ്റേഷനിൽ വന്ന്, ചെയ്യാവുന്നതിന്റെ പരമാവധി തിരിച്ചടി നൽകിയിട്ട് അയാൾ ഇറങ്ങിപ്പോകുകയാണ്. അധികാരക്കൊതിയന്മാരുടെ മുൻപിൽ നിവൃത്തിയില്ലാതെ ജീവിക്കുന്ന സാധാരണക്കാർക്കിടയിൽ നിന്ന് അപൂർവ്വം ചിലരൊക്കെ ഇങ്ങനെയൊക്കെ പ്രതികരിച്ചുപോകും എന്നതിന്റെ ഒരു ഉദാഹരണമാണ് ആ കഥാപാത്രം. കണ്ണട മൂക്കിന് മുകളിലേക്ക് തള്ളവിരൽ കൊണ്ട് തള്ളി വെക്കുന്ന ആ പ്രത്യേക മാനറിസം ഒക്കെ ഡയറക്ടറുടെ മിടുക്കാണ്.
? ജീവനുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആധിയാണ് സൃഷ്ടിക്കുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞല്ലോ. എന്നാൽ അനായാസം അവയെ കാഴ്ചക്കാരിലേക്ക് എത്തിക്കാനും കഴിയുന്നുണ്ട്. ഈ ആധിക്കും അനുഭൂതിക്കും ഇടയിൽ സംഭവിക്കുന്ന മാജിക്ക് എന്താണ്
ജീവിതപരിചയവും അതിനൊപ്പമുള്ള യാത്രകളുമൊക്കെ തന്നെയാണ് ഇതിന് പിന്നിൽ. അതിനുപു
റമേ ഗുരുത്വവും ദൈവാനുഗ്രഹവും കൂടെയുണ്ടാകാം. അത് കൃത്യമായി എന്താണെന്ന് എടുത്തു പറയാൻ എനിക്കറിയില്ല. ഉള്ളിൽ എന്തൊക്കെയോ അങ്ങനെ സംഭവിച്ചു പോകുന്നു എന്ന് മാത്രം!
? ഇന്നത്തെ ഇന്ദ്രൻസിലേക്കുള്ള യാത്രയിൽ പുതു തലമുറ സിനിമകളുടെ പങ്ക്
പുതിയ തലമുറയ്‌ക്ക് എന്റെ കാര്യത്തിൽ വലിയൊരു പങ്കുണ്ട്. താങ്കൾ വിളിച്ചിട്ട് എന്റെ ഒരു ഇന്റർവ്യൂ ആവശ്യപ്പെടണമെങ്കിൽ, ഞാൻ ജനമനസ്സുകളിൽ ഇന്നും നിലനിൽക്കുന്നതുകൊണ്ടല്ലേ? അതെല്ലാം ഈ പുതിയ തലമുറ നൽകുന്ന പിന്തുണകൊണ്ടാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ, അവർ കാട്ടിത്തരുന്ന വെളിച്ചത്തിലൂടെയാണ് ഇന്നിപ്പോൾ ഞാൻ മുൻപോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
? ഒപ്പം അഭിനയിക്കാൻ വിസമ്മതിച്ച നടിമാരുടെ കാലത്ത് നിന്ന് മധുബാലയിലെത്തുമ്പോൾ തോന്നുന്നതെന്താണ്
കാലം മാറ്റുന്നതാണ്. കാലങ്ങൾ മാറിമാറി വരുമ്പോഴത്തേക്ക് കഥയും കഥാപാത്രങ്ങളും ഒക്കെ മാറുന്നുണ്ടല്ലോ. ജീവിതം മാറുന്നതിന്റെ ഒരു ഭാഗം തന്നെയാണ് അത്. അത് നമുക്ക് ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റൂല്ല.
ഒപ്പം അഭിനയിക്കാൻ ചില നടിമാർ തയ്യാറായിരുന്നില്ല എന്ന കാര്യം എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല; അത് തികച്ചും സ്വാഭാവികമാണ്. നടന്മാരായാലും നടിമാരായാലും തങ്ങൾക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം നിലപാടുകൾ സ്വീകരിക്കാറുണ്ട്. അതിൽ പരസ്പരം ആർക്കും വിരോധം തോന്നേണ്ട കാര്യവുമില്ല. തങ്ങൾ ചെയ്യുന്ന കഥാപാത്രത്തിന് അഭിനയിച്ചു ഫലിപ്പിക്കാൻ ഒന്നുമില്ലെന്ന് തോന്നുമ്പോഴാകും പലരും അത്തരം സിനിമകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. അല്ലാതെ കൂടെ അഭിനയിക്കുന്ന ആൾ ആരാണെന്ന് നോക്കിയിട്ടാകില്ല അവർ ആ തീരുമാനമെടുക്കുന്നത് എന്നാണ് എന്റെ വിശ്വാസം.’
? ശരീരമായിരുന്നു ഒരിക്കൽ ഉപകരണം. ഇപ്പോൾ ഹൃദയം തൊട്ടാണ് പല റോളുകളും കൈകാര്യം ചെയ്യുന്നത്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു
പണ്ടൊക്കെ ശരീരമായിരുന്നു എന്റെ പ്രധാന ഉപകരണം. മെലിഞ്ഞുണങ്ങിയ ഈ ശരീരവും ചലനങ്ങളുമൊക്കെ കണ്ടാണ് ആളുകൾ ചിരിച്ചിരുന്നത്; സിനിമയും എന്നിൽ നിന്ന് അത് മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ, കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലേണ്ട റോളുകൾ എന്നെത്തേടി എത്തിത്തുടങ്ങി. അത് വലിയൊരു അനുഭവമാണ്. ശരീരഭാഷയ്‌ക്കപ്പുറം, കഥാപാത്രത്തിന്റെ സന്തോഷവും സങ്കടവും ഉള്ളിലറിഞ്ഞ് ചെയ്യുമ്പോൾ അത് പ്രേക്ഷകരുടെ ഹൃദയത്തിൽ നേരിട്ടെത്തും. ആദ്യമൊക്കെ അതിൽ വലിയ ഭയവും ആധിയുമൊക്കെ ഉണ്ടായിരുന്നു.
പിന്നെ, പ്രായം കുറെച്ചെല്ലുമ്പോൾ ശരീരം പ്രതികരിക്കാതാകും. ‘ഇനിയിപ്പോ ഇതിൽ കൂടുതൽ വയ്യെ’ന്ന് ശരീരം തന്നെ നമ്മളോട് പറയുന്ന ഒരു അവസ്ഥ വരുമല്ലോ. ശാരീരികമായി നമ്മൾ തളരുമ്പോഴാണ് പിന്നെ ഉള്ളിലൊരു മനക്കരുത്ത്… അതായത് ഉള്ളിലൊരു ‘മസ്സിൽ’ ഒരുക്കിയെടുക്കേണ്ടി വരുന്നത്.
? മലയാള സിനിമയിലെ മഹാപ്രതിഭകളായിരുന്നവരുടെയൊക്കെ സ്മാരകങ്ങൾ പരിപാലിക്കപ്പെടാതെ അനാഥമായി കിടക്കുകയാണല്ലോ? താങ്കൾക്ക് എന്താണ് പറയാനുള്ളത്
ഇതിൽ ഞാൻ എന്തു പറയാനാണ്! അതൊക്കെ ആരാണ് ചെയ്യേണ്ടത്? ഓരോരുത്തരുടെ കാലവും കഴിയും, അവർ കടന്നുപോകും; ജീവിതം അങ്ങനെ മുമ്പോട്ടു പൊയ്‌ക്കൊണ്ടേയിരിക്കും. എന്തെങ്കിലുമൊക്കെ നല്ല ഓർമ്മകൾ, അല്ലെങ്കിൽ ഏതെങ്കിലും വായനശാലകൾ പോലെ ചിലതൊക്കെ അവശേഷിക്കും എന്നല്ലാതെ, അത് ആരുടെയും പ്രത്യേക ഉത്തരവാദിത്വമല്ലല്ലോ. എല്ലാവരും അവരവരുടെ ജീവിതത്തിന് പുറകെയല്ലേ പായുന്നത്. അപ്പോൾ നമ്മളെ ഓർക്കുന്നവർ ഓർക്കും എന്നല്ലാതെ, അതിനുവേണ്ടി ബോധപൂർവ്വം ആരും ഒന്നും ചെയ്യാറില്ലല്ലോ
? താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ അങ്ങയുടെ നിലപാട് എന്താണ്? ഈ വിവാദങ്ങൾ താങ്കളെ അലോസരപ്പെടുത്താറുണ്ടോ
ഒട്ടുമില്ല! പരസ്പരം സഹായിക്കണമെന്ന
ഉദ്ദേശത്തോടെ അന്നത്തെ മുൻനിര നടീനടന്മാർ ചേർന്ന്, വീണുപോകുന്നവരെ താങ്ങിനിർത്താൻ വേണ്ടി ഉണ്ടാക്കിയ ഒന്നാണത്. പിന്നീട് അത് വേണ്ടെങ്കിൽ വേണ്ട; അത്രയേയുള്ളൂ. ഓരോരുത്തരും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും, അതിൽ നമ്മൾ ആകുലപ്പെട്ടിട്ട് കാര്യമില്ല. തലമുറകൾ മാറുമ്പോൾ അവരുടെ
സംസ്‌കാരത്തിനനുസരിച്ച് സംഘടനകളുടെ
രീതികളും മാറും. അഞ്ഞൂറോളം പേർ മാത്രമുള്ള ഒരു കൂട്ടായ്‌മ തകരുന്നതുകൊണ്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ദോഷവും സംഭവിക്കാൻ
പോകുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം കാര്യങ്ങളിൽ ഞാൻ തലപുകയ്‌ക്കാറുമില്ല,
ശ്രദ്ധിക്കാറുമില്ല.
? രാജസേനൻ ചിത്രങ്ങളിലാണല്ലോ കൂടുതൽ കോമഡി റോളുകൾ ചെയ്തിട്ടുള്ളത്
അദ്ദേഹം നിരവധി സിനിമകൾ ചെയ്ത ആളാ. എനിക്ക് ധാരാളം അവസരങ്ങൾ തന്നിട്ടുണ്ട്. എന്നോട് വളരെ സ്‌നേഹമുള്ള ആളാ. ഞാൻ അതുപോലെ അദ്ദേഹത്തെയും ബഹുമാനിക്കുന്നു. ഞങ്ങൾ തിരുവനന്തപുരത്ത് അടുത്തടുത്താ താമസം. അയലത്തെ അദ്ദേഹം എന്ന ചിത്രത്തിൽ ജഗതിച്ചേട്ടനൊപ്പമുള്ള കോമ്പിനേഷൻ സീനായിരുന്നു എനിക്ക് അദ്ദേഹം കരുതിവച്ചത്. തുടർന്ന് മേലേപ്പറമ്പിൽ ആൺവീടിലെ കല്യാണ ബ്രോക്കർ, സിഐഡി ഉണ്ണികൃഷ്ണനിൽ ജയറാമിനൊപ്പമുള്ള മുഴുനീളൻ കഥാപാത്രം ഇതൊക്കെ എന്റെ കരിയറിലെ തന്നെ മികച്ച കോമഡി കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങൾ തിയേറ്ററിൽ ചെറുചലനം സൃഷ്ടിച്ചപ്പോഴാണ് പ്രേക്ഷകർ എന്നെ പതിയെ തിരിച്ചറിയാൻ തുടങ്ങിയെന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കിയത്.
? ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം വാരണാസിയായിരുന്നല്ലോ. മനുഷ്യർ ശാന്തി തേടിപ്പോകുന്ന, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം പഠിപ്പിക്കുന്ന ഒരിടമായാണ് വാരണാസി വിശേഷിപ്പിക്കപ്പെടാറുള്ളത്. വാരണാസിയിലെ ചിത്രീകരണത്തിനിടയിൽ ആ മണ്ണ് അങ്ങയെ പ്രത്യേകമായി എന്തെങ്കിലും പഠിപ്പിച്ചോ
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. പ്രായമാകുമ്പോൾ ആളുകൾ കാശിക്ക് പോകുന്നു എന്നൊക്കെ കേട്ടറിവുണ്ടെങ്കിലും, മുൻപ് ഞാൻ അവിടെ പോയിട്ടേയില്ലായിരുന്നു; പോണമെന്ന് എനിക്ക് തോന്നിയതുമില്ല. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകൻ പറഞ്ഞതുകൊണ്ടാണ് ഞാൻ പോകുന്നത്. ഓരോ സ്ഥലവും നൽകുന്നത് വ്യത്യസ്ത അനുഭവങ്ങളാണല്ലോ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ വന്ന് സമാധാനവും സംതൃപ്തിയും കണ്ടെത്തുന്നത് കണ്ടപ്പോൾ, ആ മണ്ണിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് ബോധ്യപ്പെട്ടു. ഏകദേശം ഒരു മാസത്തോളം അവിടെ ഷൂട്ടിംഗ് ഉണ്ടായിരുന്നെങ്കിലും ഒട്ടും മടുപ്പ് തോന്നിയില്ല. ക്ഷീണം അറിയാതെ ജോലി ചെയ്യാൻ പറ്റിയ അപൂർവ്വമായൊരു അന്തരീക്ഷമായിരുന്നു അത്. ചിത്രം വിജയമായപ്പോൾ ആ സ്ഥലത്തോടും അവിടേക്ക് വഴികാട്ടിയവരോടുമുള്ള ഇഷ്ടം ഒന്നുകൂടി കൂടി!

? വസ്ത്രാലങ്കാരകൻ എന്ന നിലയിൽ ഉള്ളുലച്ച സംഭവങ്ങളുണ്ടോ
നടി മോനിഷയുടെ അപ്രതീക്ഷിത മരണവും സുരേഷ് ഗോപിയുടെ മൂത്തമകൾ ലക്ഷ്മിയുടെ വേർപാടും നീറുന്ന ഓർമ്മകളാണ്. മോനിഷ അവസാനമായി അഭിനയിച്ച ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂമർ ഞാനായിരുന്നു. വെൺപാ
ലവട്ടത്ത് ഷൂട്ടിങ് നടക്കുന്ന സമയം. അന്നത്തെ വർക്ക് കഴിഞ്ഞ് മോനിഷയ്‌ക്കും അമ്മ ശ്രീദേവിക്കും എറണാകുളത്ത് എത്തണം; പിറ്റേന്ന് തന്നെ തിരികെ വരികയും വേണം. അന്ന് ഷൂട്ട് കഴിയാൻ ഏറെ വൈകിയിരുന്നു. മേക്കപ്പ് മാറ്റാനോ വസ്ത്രം മാറാനോ നിൽക്കാതെയാണ് അവർ ധൃതിയിൽ പോയത്. പാവാടയും ബ്ലൗസുമായിരുന്നു അന്നത്തെ വേഷം. പിറ്റേ ദിവസത്തെ ഷൂട്ടിനും അതേ വസ്ത്രം തന്നെ വേണമായിരുന്നു. ‘ഡ്രസ്സ് മാറാൻ നേരമില്ലെന്നും നാളെ വരുമ്പോൾ കൊണ്ടുവരാം’ എന്നും പറഞ്ഞ് കാറിൽ കയറിപ്പോയ മോനിഷയെ പിന്നെ കാണുന്നത് ചലനമറ്റാണ്. ഷൂട്ടിങ്ങിനിടയിൽ അവൾ അണിഞ്ഞ മറ്റു വസ്ത്രങ്ങൾ എടുത്തു മടക്കിവെക്കുമ്പോൾ എന്റെ മനസ്സ് വിതുമ്പുകയായിരുന്നു.
സുരേഷ് ഉണ്ണിത്താന്റെ ‘ഉത്സവമേളം’ എന്ന ചിത്രത്തിൽ ഞാനും സുരേഷ് ഗോപിയും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഞാൻ തുന്നിയ, മഞ്ഞനിറത്തിൽ നേർത്ത വരകളുള്ള ഒരു ഷർട്ട് ധരിച്ചാണ് ഷൂട്ടിങ് കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് പോയത്. പിറ്റേന്ന് തിരികെ വന്നപ്പോൾ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: ‘എടാ, ആ ഷർട്ട് എന്റെ മോൾക്ക് വലിയ ഇഷ്ടമായി. അവളെന്നെ ഏറെനേരം കെട്ടിപ്പിടിച്ചിരുന്നു…’ ഷൂട്ടിങ് കഴിയുമ്പോൾ ആ ഷർട്ട് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷെഡ്യൂൾ
അവസാനിച്ചപ്പോൾ, ഞാൻ ആ ഷർട്ട് വൃത്തിയായി അലക്കി, തേച്ച് ഭദ്രമായി പൊതിഞ്ഞു കൊടുത്തു. എന്നാൽ, കുറച്ചു ദിവസങ്ങൾക്കകം കേട്ടത് ആ കുഞ്ഞുമോൾ ഒരു വാഹനാപകടത്തിൽ മരിച്ചു എന്നാണ്. പിന്നീട് മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ, ‘നീ തുന്നിയ ആ മഞ്ഞ ഷർട്ടിന്റെ ചൂടേറ്റാണ് ഇപ്പോൾ എന്റെ മകൾ ഉറങ്ങുന്നത്…’ എന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു; ഒപ്പം ഞാനും.

? കുടുംബത്തെക്കുറിച്ച്
ഞങ്ങൾ വിവാഹിതരാകുമ്പോൾ നെയ്‌ത്തു തറിയിയിലായിരുന്നു ശാന്ത കുമാരിക്ക് ജോലി. 1985 ൽ ആയിരുന്നു വിവാഹം. എന്റെ മനസ്സറിയുന്ന ഒരാളാണ് ശാന്ത. മക്കളിൽ മഹിതയാണ് മൂത്തയാൾ. രണ്ടാമൻ മഹേന്ദ്രൻ. ഇരുവരും വിവാഹിതരായി. ശ്രീരാജും സ്വാതിയുമാണ് മരുമക്കൾ. ശ്രീഹരി, ശ്രീചരൺ, ജാൻവി എന്നിവരാണ് പേരക്കുട്ടികൾ.
കുടുംബത്തിൽ എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. മക്കളും ഭാര്യയും അനിയന്മാരും അനിയത്തിമാരുമെല്ലാം എന്റെ സിനി
മകളെക്കുറിച്ച് കൃത്യമായി കാര്യങ്ങൾ പറയാറുണ്ട്. ഒരു തിരക്കഥ കേട്ടാൽ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ എനിക്കു സാധിക്കുമോ എന്ന് കുടുംബാം
ഗങ്ങളോട് അഭിപ്രായം തേടാറുണ്ട്. എപ്പോഴും കൂടെ നിലകൊള്ളുന്ന കുടുംബം തന്നെയാണ് എന്റെ വലിയ ശക്തിയും വിജയവും.
















