കവിത
വര
പി.പി. ശ്രീധരനുണ്ണി
(9447133919)
വരച്ചിട്ടതാരീ നെടുവരയെന്റെ
വെളുത്ത മുറ്റത്തു കരിമഷിയാലെ ?
ഇതെന്നതിർത്തിയോ കടന്നു ചാടിയാൽ
വിലങ്ങുവീഴുമോ തിരിയുന്നീലല്ലോ.
അറിയാമാന്ത്രികൻ ജപിച്ച രേഖയോ
ജനിമൃതികൾ തൻ വിശുദ്ധ രേഖയോ?
പടർന്നുപോകാത്ത മഷിയല്ലേ, മാച്ചു
കളയാനാവാതെ ഉണങ്ങിപ്പോയില്ലേ
വരയ്‌ക്കിരുപുറം കലഹം കൂട്ടുന്നു
തലമുറ തമ്മിൽ കടിച്ചു കീറുന്നു
വടിവാൾ കത്തികൾ നിറച്ചതോക്കുകൾ
കുതികുതിക്കുന്നു നിശിത വേഗത്തിൽ.
ഇതേതൊരു കരിമഷിയിതിലേതോ
കൊടിയ പാഷാണം കലർത്തിക്കാണുമോ?
ഇരവിങ്കൽപോലുമുറക്കമില്ലാതെ.
ഇതിന് കാവലാളിവിടെയുണ്ടല്ലോ. .
അവരരൂപികൾ നമുക്ക് കൺകളാൽ
അവരെ കാണുവാൻ കഴിയുകില്ലത്രെ
ചിരപുരാതന വരയെന്ന് കാലം
ഇതിനെ പേർചൊല്ലി വിളിക്കുന്നുണ്ടത്രേ.
തലവരയെന്ന് മൊഴിഞ്ഞു മാലോകർ
മറുവഴിനോക്കി കടന്നു പോയിട്ടും
കറുപ്പ് മായാതെ മഷിമാത്രം നിന്ന്
തപിക്കവേ ജീവൻ വെറുങ്ങലിക്കുന്നു
വരവരയെന്നു ജപിച്ച് വാഴുവാൻ
വിധിയ്‌ക്കപ്പെട്ടവർ മനുഷ്യക്കോലങ്ങൾ.
















