കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം വിചാരണ കോടതിയും തള്ളി. സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്നും ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്‌റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഓണ്‍ലൈനിലും ഹാജരാക്കണമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നീട്ടിവയ്‌ക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയതാണ്.
വയനാട് മുട്ടില്‍, മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍, വനംവകുപ്പിന്റെ അനുമതിപത്രമെന്ന പേരില്‍ വ്യാജരേഖ കാണിച്ച് കരിമുകള്‍ സ്വദേശിയായ തടിവ്യവസായി അലിയാരെ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടില്‍ വഞ്ചിച്ചുവെന്ന കേസിലാണ് നടപടി.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കേസ് ബത്തേരി കോടതിയില്‍ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട വഞ്ചന കേസിലെ വിചാരണ നീട്ടിവയ്‌ക്കണമെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ രണ്ട് കേസുകളെയും രണ്ടായി കണ്ടാല്‍ മതിയെന്ന് വിചാരണ കോടതി വ്യക്തമാക്കി
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നിരവധി തവണയായി പല കാരണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു.
















