Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: ലോക ഫുട്‌ബോളിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി ധാരണയിലെത്തി. ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് 33കാരനായ താരത്തെ ഏകദേശം 7.5 മില്യണ്‍ പൗണ്ട് (പത്ത് ദശലക്ഷം ഡോളര്‍) ട്രാന്‍സ്ഫര്‍ തുകയ്‌ക്കാണ് ഉറപ്പിച്ചിരിക്കുന്നത്.

ചെല്‍സിയുടെ നിലവിലെ ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ ഫോമില്ലായ്‌മയും പിഴവുകളും കാരണം വിശ്വസ്തനായ ഒരു ഒന്നാം നമ്പര്‍ ഗോള്‍കീപ്പറെ സജീവമായി അന്വേഷിച്ചുവരികയായിരുന്നു. ആസ്റ്റണ്‍ വില്ലയില്‍ സമീപകാലത്ത് ആദ്യ ഇലവനില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ മാര്‍ട്ടിനെസും പുതിയൊരു ക്ലബ്ബ് തേടുകയായിരുന്നു.

2022 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ‘ദിബു’ മാര്‍ട്ടിനെസിന്റെ വരവ് ചെല്‍സിയുടെ പ്രതിരോധ നിരയ്‌ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കൊല്ലം ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സിന് അര്‍ഹനായ താരം കൂടിയാണ് മാര്‍ട്ടിനെസ്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.

2020ല്‍ ആഴ്‌സണലില്‍ നിന്നാണ് മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ലയിലെത്തിയത്. 256 മത്സരങ്ങളില്‍ വില്ലയ്‌ക്കായി കൈയ്യുറ അണിഞ്ഞു. സമീപ കാലത്ത് ടീം നടത്തിയ മികച്ച പ്രകടനത്തില്‍ മാര്‍ട്ടിനെസിന്റെ മികവിനും വലിയ പ്രാധാന്യമുണ്ട്.

Recent Posts