ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ മില്ലുകളില്‍ നിന്ന് വില്‍ക്കുന്ന പഞ്ചസാരയുടെ വിലയില്‍ ഏകദേശം 20 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ ചില്ലറ വില്‍പ്പന വിലയും കുറഞ്ഞുതുടങ്ങി. പ്രതിമാസ ക്വാട്ട സംവിധാനത്തിന് പകരം സപ്തംബര്‍ മുതല്‍ രണ്ടാഴ്ച അടിസ്ഥാനത്തിലുള്ള പഞ്ചസാര ക്വാട്ട സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
പുതിയ ദ്വൈവാര ക്വാട്ട അനുസരിച്ച് മില്ലുകള്‍ക്ക് അനുവദിച്ചിട്ടുള്ള പഞ്ചസാരയുടെ 40 ശതമാനം ആദ്യ ആഴ്ചയിലും ശേഷിക്കുന്ന 60 ശതമാനം തൊട്ടടുത്ത ആഴ്ചയിലും വിറ്റഴിക്കണം. വില്‍പ്പന നടത്തിയ പഞ്ചസാര ഏഴ് ദിവസത്തിനകം മില്ലില്‍ നിന്ന് വിതരണം ചെയ്യണമെന്ന് മില്ലുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ പഞ്ചസാര സീസണിലേക്കുള്ള കരിമ്പ് അരയ്‌ക്കല്‍ ഒക്ടോബര്‍ 15-ന് ആരംഭിക്കും. ഒക്ടോബറില്‍ 10 ലക്ഷം മെട്രിക് ടണ്ണിലധികവും, നവംബറില്‍ ഏകദേശം 45 ലക്ഷം മെട്രിക് ടണ്ണും ഉത്പാദിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ ഒക്ടോബറില്‍ ഉത്പാദിപ്പിക്കുന്ന പഞ്ചസാര നിയന്ത്രണമില്ലാതെ വില്‍ക്കാന്‍ മില്ലുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.











