കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ സ്വദേശി റോബിനെ (33) ആണ് വിശാഖപട്ടണത്തുനിന്ന് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലിരിക്കെ അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തിരുവനന്തപുരം സ്വദേശി ചന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ജൂൺ 25-ന് രാത്രി റെയിൽവേ സ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ വെച്ചായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം റോബിൻ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.
















