കോട്ടയം: മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ കേരള സന്ദര്‍ശനത്തിനിടെ പുതുപ്പള്ളിയും സന്ദര്‍ശിക്കും. 29ന് ശനിയാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെയുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കണ്ടശേഷം
ഞായറാഴ്ചയാണ് അദ്‌ദേഹം പുതുപ്പള്ളിയിലെത്തുക. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‌റെ താല്‍പ്പര്യപ്രകാരമാണ് പുതുപ്പള്ളിയില്‍ താരത്തിന് സ്വീകരണം നല്‍കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാണ്ടി ഉമ്മന്‍ എം.എല്‍എ അറിയിച്ചു. ഞായറാഴ്ച രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചനയ്‌ക്കു ശേഷം ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ക്രിസ് ഗെയ്ല്‍ പങ്കെടുക്കും.
കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം തുടങ്ങിയ പതിനൊന്ന് കലാരൂപങ്ങളുടെ അകമ്പടിയോടെയാകും ഗെയ്ലിനെ സ്വീകരിക്കുക. പുതുപ്പള്ളി പൈതൃക സാംസ്‌കാരിക സമിതിയുടെ ലോഗോ പ്രകാശനവും അദ്‌ദേഹം നിര്‍വഹിക്കും. വിദ്യാര്‍ഥികളുമായുള്ള സംവാദവും നടക്കും. വെന്നിമലയില്‍ നിര്‍ദ്ദിഷ്ട അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന പ്രദേശവും ക്രിസ് ഗെയ്ല്‍ സന്ദര്‍ശിക്കും.
















