Samskriti

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

Published by
വിഷ്ണു മേല്‍പ്പള്ളി

ശ്രാവണ മാസ പൗര്‍ണമി. വേദപാരമ്പര്യത്തോടും ഗുരുശിഷ്യബന്ധത്തോടും വിജ്ഞാനത്തിന്റെ – അന്വേഷണത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഈ ദിനം സംസ്‌കൃത ദിനമായി ആചരിക്കുന്നത് നമ്മുടെ സാംസ്‌കൃതിക വേരുകളെ ഓര്‍ക്കാനും സംസ്‌കൃതഭാഷയുടെ പൈതൃകം പുതുതലമുറയിലേക്ക് കൈമാറാനും സഹായിക്കുന്നു. 1969ലാണ് ശ്രാവണപൂര്‍ണിമ സംസ്‌കൃത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. സംസ്‌കൃതം എന്ന പദത്തിന് ‘സംസ്‌കരിക്കപ്പെട്ടത്’, ‘പരിഷ്‌കൃതമായത്’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ശബ്ദശുദ്ധിയും വ്യാകരണശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഘടനയും ആശയവിനിമയത്തിലെ കൃത്യതയും സംസ്‌കൃതത്തിന്റെ സവിശേഷതകളാണ്. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന ആശയങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, സത്യം, അഹിംസ, വസുധൈവ കുടുംബകം, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് തുടങ്ങിയ കാഴ്‌ച്ചപ്പാടുകളും ജീവിത രീതിയും തലമുറകളിലേക്ക് കൈമാറുന്നതില്‍ സംസ്‌കൃത ഭാഷയ്‌ക്ക് നിര്‍ണായക പങ്കുണ്ട്. ‘സംസ്‌കൃതം പഠിക്കാതെ വ്യക്തി യഥാര്‍ത്ഥ ഭാരതീയനാവുന്നില്ല’ എന്ന് മഹാത്മാ ഗാന്ധിയുടെ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന മഹത്തായ (വസുധൈവ കുടുംബകം) ദര്‍ശനം ഭാരതീയ സംസ്‌കാരത്തിന്റെ വിശാലമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നു.

വേദങ്ങളില്‍ ആരംഭിക്കുന്ന മഹത്തായ വിജ്ഞാനപാരമ്പര്യം ബ്രാഹ്‌മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, വേദാംഗങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയിലൂടെ വികസിച്ചു. സത്യം വദ, ധര്‍മം ചര എന്ന ഉപനിഷദ് സന്ദേശം സത്യവും ധര്‍മ്മവും ജീവിതത്തിന്റെ അടിസ്ഥാനമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവ ഭാരതീയ ജനജീവിതത്തെയും മൂല്യബോധത്തെയും ആഴത്തില്‍ സ്വാധീനിച്ച കൃതികളാണ്.

വിജ്ഞാനത്തിന്റെ ഭാഷ

ആയുര്‍വേദം, ഗണിതം, ജ്യോതിശാസ്ത്രം, ഖഗോളശാസ്ത്രം, ആയുര്‍വിജ്ഞാനം, വാസ്തുശാസ്ത്രം, ശില്‍പ്പശാസ്ത്രം, നാട്യശാസ്ത്രം, അര്‍ത്ഥശാസ്ത്രം, തര്‍ക്കശാസ്ത്രം, യോഗശാസ്ത്രം തുടങ്ങി വിവിധ വിജ്ഞാനമേഖലകളില്‍ സംസ്‌കൃതത്തില്‍ മഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ചരകന്‍, സുശ്രുതന്‍, ആര്യഭടന്‍, വരാഹമിഹിരന്‍, ബ്രഹ്‌മഗുപ്തന്‍, കൗടില്യന്‍, പതഞ്ജലി, ഭരതമുനി തുടങ്ങിയ ആചാര്യന്മാരുടെ സംഭാവനകള്‍ ഭാരതീയ വിജ്ഞാനപാരമ്പര്യത്തിന്റെ ആഴവും വൈവിധ്യവും തെളിയിക്കുന്നു.

ഐക്യത്തിന്റെ ഭാഷ

ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലും രാജവംശങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും സംസ്‌കൃതം ഒരു പൊതുവിജ്ഞാനഭാഷയായി നിലകൊണ്ടിരുന്നു. കശ്മീരില്‍ നിന്ന് കേരളത്തിലേക്കും ഗുജറാത്തില്‍ നിന്ന് അസമിലേക്കും വ്യാപിച്ചിരുന്ന പണ്ഡിതപരമ്പരയില്‍ സംസ്‌കൃതം ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമായിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കൃതം ഒരു പ്രദേശത്തിന്റെ മാത്രം ഭാഷയല്ല. ഭാരതത്തിന്റെ വൈവിധ്യങ്ങളെ ബന്ധിപ്പിച്ച സാംസ്‌കൃതിക പാലമാണ് സംസ്‌കൃതം.

തൊഴില്‍ സാധ്യത

സംസ്‌കൃതം പഠിച്ചാല്‍ അധ്യാപകനാകാം എന്നത് മാത്രം സംസ്‌കൃതത്തിന്റെ തൊഴില്‍ സാധ്യതയായി കാണേണ്ടതില്ല. സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷ്/മലയാളം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, വിവര്‍ത്തനശേഷി, ഗവേഷണ വൈദഗ്ധ്യം, ആശയവിനിമയശേഷി എന്നിവ കൂടി വികസിപ്പിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാം. സംസ്‌കൃത പഠനം അധ്യാപനം, ഗവേഷണം, വിവര്‍ത്തനം, പ്രസിദ്ധീകരണം, പുരാവസ്തുഗവേഷണം, യോഗ-ആയുര്‍വേദ പഠനം, ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് തുടങ്ങിയ വിവിധ മേഖലകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. സംസ്‌കൃത ഭാഷ പഠിക്കുന്നത് ആയുര്‍വേദം, യോഗ, ഭാരതീയ ദര്‍ശനം തുടങ്ങിയ മേഖലകളുടെ ആഴത്തിലുള്ള അറിവ് നേടാന്‍ സഹായകരമാണ്. ആയുര്‍വേദത്തിലെയും യോഗയിലെയും നിരവധി അടിസ്ഥാന ഗ്രന്ഥങ്ങളും സാങ്കേതിക പദങ്ങളും സംസ്‌കൃതത്തിലാണ്. അതിനാല്‍ സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങളെ കൂടുതല്‍ കൃത്യതയോടെയും ആഴത്തോടെയും മനസ്സിലാക്കാന്‍ കഴിയും. അനുദിനം ലോകമെമ്പാടും പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആയുര്‍വേദ-യോഗ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും സംസ്‌കൃതജ്ഞാനം മികച്ച അടിത്തറയാണ്.

ആനുകാലിക പ്രസക്തി

സംസ്‌കൃതം പഴയ ഭാഷയല്ലേ? എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. പഴക്കമുള്ളത് എന്നതിന് പ്രസക്തിയില്ലാത്തത് എന്നര്‍ത്ഥമില്ല. ഇന്ന് ലോകമെമ്പാടും യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്ത്വചിന്ത, ധ്യാനം, വേദാന്തം, നാട്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ താല്‍പര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിജ്ഞാനപാരമ്പര്യത്തിന്റെ വലിയൊരു ഭാഗം സംസ്‌കൃതഗ്രന്ഥങ്ങളിലാണ്. ഡിജിറ്റല്‍ കാലഘട്ടത്തിലും സംസ്്കൃതത്തെക്കുറിച്ചുള്ള പഠനവും ഗവേഷണവും പുതിയ സാധ്യതകള്‍ തുറക്കുന്നു. സംസ്‌കൃതത്തിലെ പുരാതന ഗ്രന്ഥങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കുകയും സംരക്ഷിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നത് വരുംതലമുറയ്‌ക്കുള്ള വലിയ ഉത്തരവാദിത്വമാണ്. ഒരു ഭാഷയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് ജീവിതവുമായി ബന്ധിപ്പിക്കുകയാണ്. സംസ്‌കൃതം പാഠപുസ്തകത്തിലെ വിഷയമായി മാത്രം നിലനില്‍ക്കാതെ സംസാരിക്കാനും വായിക്കാനും പാടാനും ചിന്തിക്കാനും സൃഷ്ടിക്കാനും കഴിയുന്ന, ജീവിക്കുന്ന ഭാഷയായി കുട്ടികളിലേക്ക് എത്തിക്കണം. ഈയൊരു പ്രവര്‍ത്തനമാണ് 40 വര്‍ഷത്തിലധികമായി സംസ്‌കൃത ഭാഷ പ്രചാരണ പോഷണ സംഘടനയായ സംസ്‌കൃതഭാരതി ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ ശ്രാവണ പൂര്‍ണിമയില്‍ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം: സംസ്‌കൃതം പഠിക്കാം, സംസ്‌കൃതം സംസാരിക്കാം, പൈതൃകം സംരക്ഷിക്കാം. സംസ്‌കൃതത്തിന്റെ ശബ്ദം മങ്ങാതിരിക്കട്ടെ; അത് പുതുതലമുറയുടെ ചിന്തയിലും വാക്കുകളിലും സൃഷ്ടികളിലും വീണ്ടും മുഴങ്ങട്ടെ.