
പൂക്കളവും പൂവിളികളും സമൃദ്ധിയുടെ ഓർമ്മകളുമായി വീണ്ടുമൊരു തിരുവോണപ്പുലരി കൂടി എത്തിച്ചേർന്നിരിക്കുന്നു. ജാതിമത ഭേദമന്യേ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മനുഷ്യൻ എന്ന ഒറ്റ മനസ്സോടെ ഒത്തുചേരുന്ന കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മയാണ് ഓണം. മാവേലി തമ്പുരാൻ നാടുവാണിരുന്ന ആ പഴയ നല്ല കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് തിരുവോണം. സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം മലയാള മനസുകളിലാകെയോതി പ്രജാക്ഷേമ തൽപ്പരനായ മാവേലി തമ്പുരാനെ നാടും നഗരവും മനസ്സുനിറഞ്ഞ് വരവേൽക്കുന്ന ദിവസമാണിന്ന്.
ഏത് നാട്ടിലാണെങ്കിലും ഇന്നേ ദിവസം മലയാളികൾ ആഘോഷിക്കാൻ മറക്കാറില്ല. പുലർച്ചെ തന്നെ വീടുകളുടെ മുറ്റത്ത് വലിയ പൂക്കളങ്ങളൊരുക്കിയും പുതിയ കോടിവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്. “മാവേലി നാടുവാണ കാലം മാനുഷരെല്ലാരും ഒന്നുപോലെ…” എന്ന വരികൾ ഓർമ്മിപ്പിക്കുന്നതുപോലെ, അസമത്വങ്ങളില്ലാത്ത നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പുതുക്കുകയാണ് ഈ ഓണക്കാലവും. പ്രത്യാശയോടെയും ആവേശത്തോടെയുമാണ് ഇത്തവണ മലയാളികൾ ഓണാഘോഷത്തിലേക്ക് കടക്കുന്നത്.
അതേസമയം, തിരുവോണ ദിനമായ ഇന്നും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം എന്ന് മുന്നറിയിപ്പിൽ പറയുന്നു.