Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കേരളത്തിന്റെ തിരുമുറ്റത്ത് ഒരുമയുടെയും സന്തോഷത്തിന്റെയും പൂക്കളമിട്ട് മലയാളി ഒരിക്കല്‍ കൂടി ഓണം ആഘോഷിക്കുകയാണല്ലോ. ജാതി-മത-രാഷ്‌ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറം മലയാളി പതിറ്റാണ്ടുകളായി, ഒരുപക്ഷേ നൂറ്റാണ്ടുകളായി മനസ്സില്‍ കൊണ്ടുനടക്കുന്നതാണ് ഓണം. എന്താണ് ഓണത്തിന്റെ ഐതിഹ്യം, എന്നുമുതലാണ് ഇത് ആഘോഷമാക്കാന്‍ തുടങ്ങിയത് എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും സമത്വവും സാഹോദര്യവും നന്മയുമാണ് ഓണത്തിന്റെ പവിത്രമായ സങ്കല്പം. പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം മലയാളിക്ക് ഒത്തൊരുമിക്കാനും ആഘോഷിക്കാനും സന്തോഷിക്കാനും ഉള്ളതാണ്. ഈ സന്തോഷത്തിന് മങ്ങലേല്‍പ്പിക്കുന്നതൊന്നും മലയാളി ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.

ഹിന്ദുക്കളുടെ പുണ്യ ഗ്രന്ഥമായ ഭാഗവതത്തിലാണ് മഹാബലിയുടെയും വാമന മൂര്‍ത്തിയുടെയും കഥയുള്ളത്. ഈ കഥയുടെ വിവരണവും തത്ത്വവും എന്താണെന്ന് മനസ്സിലാക്കാതെ ആരോ ചിലര്‍ ഏതോ കാലത്ത് മെനഞ്ഞെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത തെറ്റായ സങ്കല്പങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ ഇടവന്നു. അങ്ങനെയാണ് ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഭരിച്ചിരുന്ന ബലി ചക്രവര്‍ത്തിയെ അത് ഇഷ്ടപ്പെടാതിരുന്ന വാമനന്‍ അധികാര ഭ്രഷ്ടനാക്കി എന്ന കഥയുടെ ചുരുക്കം. എന്നാല്‍ ഇങ്ങനെയൊരു കഥയോ സങ്കല്പമോ ഭാഗവതത്തില്‍ ഇല്ല. മഹാബലിയെ ആരും പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയിട്ടുമില്ല. സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ സുതലം എന്ന ലോകത്തിലേക്ക് പോകാനും, ഇന്ദ്ര പദവിയില്‍ വാഴാനും ബലിയെ വരം നല്‍കി അനുഗ്രഹിക്കുകയാണ് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ ചെയ്തത്.

മഹാബലി ജനക്ഷേമം മുന്‍നിര്‍ത്തി നാടുഭരിച്ചയാളാണെന്ന് പറയുന്നവര്‍ തന്നെ ആ ചക്രവര്‍ത്തിയെ പില്‍ക്കാലത്ത് വരകളിലൂടെയും വരികളിലൂടെയും പരിഹാസ്യ കഥാപാത്രമാക്കി. ഇത് ഒരുതരം സാംസ്‌കാരികമായ കടന്നാക്രമണം തന്നെയായിരുന്നു. ഇതിനെ പിന്തുണക്കാനും ന്യായീകരിക്കാനും, ഈ സാംസ്‌കാരിക നിന്ദ പ്രചരിപ്പിക്കാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. ഇതിനോട് വിയോജിക്കുന്നവരെയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയും അസഹിഷ്ണുക്കളും മതേതര വിരുദ്ധരുമാക്കി മുദ്രകുത്തുകയും ചെയ്തു. ഹിന്ദുക്കളുടേതല്ലാതെ മറ്റേതെങ്കിലും മതങ്ങളുടെ ആരാധ്യ ബിംബങ്ങളെയാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ എന്തായിരിക്കും അതിന്റെ പ്രതികരണമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മതേതരത്വം ഹിന്ദുക്കള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരു കാര്യമാണെന്നാണല്ലോ നമ്മുടെ നാട്ടിലെ കൊടിയ മതേതരവാദികള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതും നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നതും.

ഓണം ഐക്യത്തിന്റെ പ്രതീകമാണെന്നും ജനകീയമാണെന്നും പറയുന്ന ചിലര്‍ തന്നെ തങ്ങളുടെ മതത്തില്‍പ്പെട്ടവര്‍ ഓണം ആഘോഷിക്കരുതെന്ന് കല്‍പ്പിക്കുകയും ചെയ്യുന്നു എന്നതാണ് വിചിത്രം. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ബാലപാഠങ്ങള്‍ പഠിക്കേണ്ട വിദ്യാലയങ്ങളില്‍ പോലും ഇത്തരം വിലക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ സമീപകാലത്തുണ്ടായി. പൂക്കളമിടുന്നതില്‍, പാട്ടുപാടുന്നതില്‍, നൃത്തം ചെയ്യുന്നതില്‍ എല്ലാം മതപരമായ വിലക്കുകള്‍ കൊണ്ടുവന്ന് ഐക്യത്തിനു പകരം വിഭാഗീയത വിളയിച്ചെടുക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുകയുണ്ടായി. ഇവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍, ഇക്കൂട്ടരെ ന്യായീകരിച്ചില്ലെങ്കില്‍, കുറഞ്ഞപക്ഷം മൗനം പാലിച്ചില്ലെങ്കില്‍ രാഷ്‌ട്രീയ നഷ്ടം സംഭവിക്കുമെന്ന് കരുതിയവരാണ് പലരും. ഇവരില്‍ രാഷ്‌ട്രീയ നേതാക്കളും ഭരണാധികാരികളും എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും ഉള്‍പ്പെടും. സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും വേവിച്ചെടുക്കുന്ന അടുക്കള ആരുടേതെന്ന തിരിച്ചറിവുള്ളവര്‍ എല്ലാറ്റിനും കൂട്ടുനിന്നു.

ഓണം എല്ലാവര്‍ക്കും ഒത്തുകൂടാന്‍ കഴിയുന്ന അവസരമാണ്. പാട്ടുപാടിയും നൃത്തം ചെയ്തും സദ്യയുണ്ടും ജനങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഓണാഘോഷത്തിന് കഴിയും. മതത്തിന്റെ പേരില്‍ ഇതിന് തടസ്സം നില്‍ക്കുന്നവരെ സൗമ്യമായി വെല്ലുവിളിക്കാന്‍ പുതിയ തലമുറയ്‌ക്ക് കഴിയുന്നു എന്നത് ശുഭോദര്‍ക്കമാണ്. സ്വന്തം മതത്തില്‍ വിശ്വസിച്ചുകൊണ്ടുതന്നെ നാടിന്റെ സാംസ്‌കാരിക ധാരയില്‍ പങ്കുചേരാനും, പരസ്പര വിശ്വാസവും ബഹുമാനവും നേടിയെടുക്കാനും പുതിയ തലമുറയ്‌ക്ക് കഴിയുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകത്തേക്ക് വരാതെ യുവതീ യുവാക്കളെ മതത്തിന്റെ സങ്കുചിതത്വങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യും. മതത്തിന്റെ പേരില്‍ സാമൂഹ്യ വിരുദ്ധവും സാംസ്‌കാരിക വിരുദ്ധവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ല. യുക്തി ബോധവും അന്വേഷണ തൃഷ്ണയും വിവരലഭ്യതയും വേണ്ടുവോളമുള്ള പുതിയ തലമുറ ഇനിയുള്ള കാലം അന്ധവിശ്വാസം ഭക്ഷിച്ച് കഴിഞ്ഞുകൂടിക്കൊള്ളുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

അന്യനെ അറിഞ്ഞും അവന്റെ സുഖദുഃഖങ്ങളില്‍ പങ്കു ചേര്‍ന്നും, സഹകരിച്ചും സഹായിച്ചുമാണ് ഒരു സമൂഹത്തിന് മുന്നേറാന്‍ കഴിയുക. ഒരുമിച്ചു കൂടാനും ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങള്‍ ഇതിന് ആവശ്യമുണ്ട്. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതിനായി ഓണം പോലെ മറ്റൊരു ആഘോഷം വേറെയില്ല. ഈ ഓണക്കാലത്തേതു പോലെ, ഈ തിരുവോണ നാളിലേതുപോലെ ഇനിയും നമുക്ക് ഒത്തുചേരാം. എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.