അത്തം പിറന്നല്ലോ വിണ്ണിലും ഹൃത്തിലും
പൊന്നോണപ്പിറവിയ്‌ക്ക് കേളി കൊട്ടാന്‍
പത്തുനാള്‍ മുറ്റത്തു പൂക്കളമെഴുതുവാന്‍
തുമ്പയും മുക്കുറ്റീം മിഴി തുറന്നു.
‘പൂവേ പൊലി’പ്പാട്ടു പാടണം ശീലിലാ-
യൊപ്പത്തില്‍ കൂട നിറച്ചിടേണം
തമ്പുരാനെത്തുമ്പോള്‍ കാഴ്‌ച്ചക്കു മുറ്റത്ത്
മെച്ചത്തില്‍ പൂക്കളം തീര്‍ത്തിടേണം
മലയാള മണ്ണിന്നു കോടി ചാര്‍ത്തീടുവാന്‍
കനകം വിളങ്ങുമാ വെയില്‍ പരന്നു
മോടി കൂട്ടീടുവാന്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാന്‍
പൊന്നോണത്തുമ്പികള്‍ ചിറകിളക്കി
മൂവാണ്ടന്‍ മാവിന്റെ മുറ്റിയ കൊമ്പത്ത്
മുത്തച്ഛനൂഞ്ഞാലൊരുക്കിടുമ്പോള്‍
ആയത്തിലാടിക്കുഴഞ്ഞു പാടീടുവാന്‍
മാവേലിപ്പാട്ടിനിന്നെന്തു താളം !
പുലികളിമേളത്തില്‍ കരടിതന്‍ വേഷ-
ത്തിലോണമതെത്രയോ പടികടന്നു.
ഓര്‍മ്മയിലെത്ര സുഗന്ധം പരത്തുന്നു
ഭൂതകാലത്തിലെ ഓണനിനവുകള്‍.
















