പാര്‍ലമെന്റ് പാസാക്കിയ ‘എംഎസ്എംഇ വികസന ഭേദഗതി ബില്‍, 2026’ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിലെ നിര്‍ണായക ചുവടുവെയ്‌പ്പാണ്. ഇന്ന് 9 കോടിയിലധികം സ്ഥാപനങ്ങള്‍ ‘ഉദ്യം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും, 40 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ 31%-വും കയറ്റുമതിയുടെ 50%-വും എംഎസ്എംഇകളുടെ സംഭാവനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഈ മേഖലയ്‌ക്ക് സുപ്രധാന പങ്കുണ്ട്. 2023 ഏപ്രിലിലെ 1.65 കോടിയില്‍ നിന്നാണ് ഉദ്യം രജിസ്‌ട്രേഷന്‍ 9 കോടിയായി ഉയര്‍ന്നത്.
2020-ല്‍ വിറ്റുവരവും നിക്ഷേപവും ഒരുമിച്ച് പരിഗണിച്ച് സംരംഭങ്ങളുടെ തരംതിരിവ് ഏകീകരിച്ചു. തുടര്‍ന്ന് 2025-ല്‍ നിക്ഷേപ പരിധി യഥാക്രമം 2.5 കോടി രൂപ, 25 കോടി രൂപ, 125 കോടി രൂപ എന്ന നിലയിലും, വിറ്റുവരവ് പരിധി 10 കോടി രൂപ, 100 കോടി രൂപ, 500 കോടി രൂപ എന്ന നിലയിലും ഉയര്‍ത്തി. ഇത് വ്യവസായ വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും വഴിയൊരുക്കി.
എംഎസ്എംഇകള്‍ക്കുള്ള ബാങ്ക് വായ്‌പാ കുടിശ്ശിക 2014-15 ലെ 10 ലക്ഷം കോടി രൂപയില്‍ നിന്ന് 38.35 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് വഴി കഴിഞ്ഞ 4 വര്‍ഷത്തില്‍ (2022-26) 10.43 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കി. പിഎംഇജിപി വഴി 8.34 ലക്ഷം സംരംഭങ്ങള്‍ക്ക് 24,903 കോടി രൂപ സബ്സിഡി നല്‍കിയതിലൂടെ 75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
പൊതു സംഭരണ നയം (2012) പ്രകാരം കേന്ദ്ര സ്ഥാപനങ്ങള്‍ വാര്‍ഷിക സംഭരണത്തിന്റെ 25% (3% വനിതകള്‍ക്കും 4% എസ്സി/എസ്ടി വിഭാഗത്തിനും) എംഎസ്എംഇകളില്‍ നിന്ന് നടത്തണം. 2020-21 ലെ 40,717 കോടി രൂപയില്‍ നിന്ന് 2025-26 ല്‍ പൊതു സംഭരണം 1,15,801 കോടിയായി ഉയര്‍ന്നു (ലക്ഷ്യമിട്ട 25%-ത്തിന് പകരം 49%). ഇതില്‍ 3,984 കോടി എസ്സി/എസ്ടി വിഭാഗത്തില്‍ നിന്നും 9,059 കോടി രൂപ വനിതാ സംരംഭകരില്‍ നിന്നുമാണ്.
പണലഭ്യത ഉറപ്പാക്കാന്‍ 2017-ല്‍ ആരംഭിച്ച ട്രെഡ്‌സ് (TReDS) പ്ലാറ്റ്ഫോം വഴി 2026 മാര്‍ച്ച് വരെ 8.71 ലക്ഷം കോടി രൂപയുടെ ഇന്‍വോയ്‌സ് ഡിസ്്കൗണ്ടിംഗ് സാധ്യമാക്കി. പങ്കാളികളായ എംഎസ്എംഇകളുടെ എണ്ണം 2022-ലെ 34,430-ല്‍ നിന്ന് 2.55 ലക്ഷമായി വര്‍ദ്ധിച്ചു. വൈകുന്ന പണമടയ്‌ക്കലുകള്‍ പരിഹരിക്കാന്‍ 161 ഫെസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നു.
ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവയില്‍ 39%-വും (3.38 കോടി) വനിതാ സംരംഭങ്ങളാണ്. വനിതകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയില്‍ 90% കവറേജും പിഎംഇജിപിയില്‍ 25-35% സബ്സിഡിയും നല്‍കുന്നു. കൂടാതെ, 1.24 കോടിയിലധികം എംഎസ്എംഇകള്‍ എസ്സി/എസ്ടി വിഭാഗങ്ങളുടേതാണ്. നാഷണല്‍ എസ്സി-എസ്ടി ഹബ് വഴി ഇവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
2026-ലെ ഭേദഗതി ബില്ലിന്റെ സവിശേഷതകള്‍
ഡിജിറ്റല്‍ പ്ലാറ്റ്ഫോം: സൗജന്യ രജിസ്‌ട്രേഷനും തരംതിരിവിനും ദേശീയ ഡിജിറ്റല്‍ സംവിധാനം.
TReDS നിര്‍ബന്ധമാക്കി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ട്രെഡ്‌സ് വഴി തുക നല്‍കുന്നത് നിര്‍ബന്ധമാക്കി; സംസ്ഥാനങ്ങള്‍ക്കും ഇതിനുള്ള അധികാരമുണ്ട്.
MSEFC പുനഃസംഘടന: തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ കൗണ്‍സിലുകളും സമയപരിധിയും ഓണ്‍ലൈന്‍ തര്‍ക്കപരിഹാര സംവിധാനവും.
കുടിശ്ശിക ഈടാക്കല്‍: മധ്യസ്ഥത വഴിയുള്ള ഉത്തരവുകളിലെ തുക ഭൂനികുതി കുടിശ്ശികയായി ഈടാക്കാം.
കോടതി ഉത്തരവുകള്‍: അപ്പീല്‍ ഹര്‍ജികള്‍ 6 മാസത്തിലധികം നീണ്ടാല്‍ വിധി ന്യായ തുകയുടെ 50% സംരംഭകര്‍ക്ക് നല്‍കാന്‍ കോടതിക്ക് ഉത്തരവിടാം.
നിയമ ലളിതവല്‍ക്കരണം: ചെറുകിട ലംഘനങ്ങളെ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി; താക്കീതും ഘട്ടംഘട്ടമായുള്ള പിഴയും മാത്രം.
വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങള്‍ ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്ക് എംഎസ്എംഇ മേഖലയെ വേഗത്തില്‍ നയിക്കും.











