തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍.ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയില്‍ സേവനം ഉറപ്പാക്കും.ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കി ജനങ്ങള്‍ക്ക് വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സേവനങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാക്കും.ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ അമിത തിരക്ക് നിയന്ത്രിക്കാനാകും.
രോഗികള്‍ക്ക് ചികിത്സ,മരുന്ന്,കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ 24 മണിക്കൂര്‍ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി ഏകോപനത്തിനായി ആരോഗ്യവകുപ്പ്അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ട്രെയിനിംഗ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ ഷിനു കെ എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്.ഇതിനായി ആവശ്യമായ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും.
ആശുപത്രികളില്‍ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
















