
കരുവാറ്റ: ഗൃഹനാഥനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൊഴി മാറ്റി പോലീസിനെ കുഴക്കി പതിമൂന്നുകാരി. ഓരോ ഘട്ടത്തിലും പെൺകുട്ടി മൊഴി മാറ്റുന്ന പശ്ചാത്തലത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലറുടെയും സാന്നിധ്യത്തിൽ കുട്ടിയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിനായി ശിശുക്ഷേമ സമിതിയുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.
മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പെൺകുട്ടി ആദ്യ ഘട്ടത്തിൽ മൊഴി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ, വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മോഷ്ടിക്കാൻ ശ്രമിക്കുന്നത് മുത്തച്ഛൻ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
കാമുകന് ബൈക്കും തനിക്ക് ഐഫോണും വാങ്ങുന്നതിനാണ് സ്വർണം കവരാൻ ശ്രമിച്ചതെന്നും സംഭവം പുറത്തുപറയുമെന്ന് മുത്തച്ഛൻ ഭീഷണിപ്പെടുത്തിയതാണ് വൈരാഗ്യത്തിന് കാരണമായതെന്നും കുട്ടി പറഞ്ഞു.പിന്നീട്, കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തത് കൊല്ലത്തുള്ള കാമുകനാണെന്നും അവൻ നിർബന്ധിച്ചപ്പോഴാണ് വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തതെന്നും പറഞ്ഞ് കുട്ടി വീണ്ടും മൊഴി മാറ്റി. എന്നാൽ മോഷണശ്രമവുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയാണ് കൂടുതൽ വിശ്വസനീയമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.