
ആലപ്പുഴ : ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത് . എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ‘പരനാറി’ ആണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണ്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്താണ് മന്ത്രിസ്ഥാനം നേടിയത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നത്. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. നേതാക്കൾക്കുണ്ടായ ധിക്കാരവും ധാർഷ്ട്യവും ഈ പരാജയത്തിന്റെ ആക്കം കൂട്ടി.
പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയാണ് . എസ്.എൻ.ഡി.പി.ക്ക് എതിരായ കേസുകളിൽ ഇടപെട്ടുകൊണ്ട് പി. ശശി നിരന്തരം പാരകൾ വെക്കുകയായിരുന്നു. മുൻപ് നയനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്നും മദ്യവ്യവസായിയായിരുന്ന മണിച്ചനെ തെണ്ടിച്ചത് പി. ശശിയാണ്.
മുൻ സ്പീക്കർ എ.എൻ. ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണ്. എസ്എൻഡിപി യോഗത്തിന് എതിരെ നിലവിൽ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണ് . അതിനായി ലീഗ് വലിയ തോതിൽ പണം മുടക്കുന്നുണ്ട്. ലീഗിനെ പേടിച്ച് ആർക്കും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. മതം പറഞ്ഞവരെല്ലാം ഇവിടെ മന്ത്രിമാരായി മാറുകയാണ്
മതേതരത്വം പറഞ്ഞുനടന്ന ഈഴവർ ഒരിടത്തും എത്തിയിട്ടില്ലെന്നും ഇനി നൂറ് കൊല്ലം കഴിഞ്ഞാൽ പോലും കേരളത്തിലെ ഒരു രാഷ്‌ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.