കൊച്ചി: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി. കോഴിക്കോട് 9 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഇ ഡി റെയ്ഡ് നടത്തിയത്. പരിശോധനയില്‍, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിനു തെളിവു ലഭിച്ചതായി ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണ 85 ലക്ഷം രൂപയുടെ ഹവാല ഇടപാടുകള്‍ നടത്തിയതായി ഇ ഡി കണ്ടെത്തി. ദിര്‍ഹത്തിലും രൂപയിലുമാണ് ഇടപാടു രേഖപ്പെടുത്തിയിരുന്നത്. 3.49 ലക്ഷം ദിര്‍ഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി. വീണയില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഒരു സിം കാര്‍ഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്തിയുടെ പേരില്‍ എടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റര്‍നെറ്റ് കോളുകള്‍ക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മേയ് 27ന് നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വീണയുടെ ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും വീണയ്‌ക്ക് സിം കാര്‍ഡ് നല്‍കിയ വ്യക്തിയുടെയും ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതെന്ന് ഇ ഡി വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി. നിഖിലിന്റെ ഫ്‌ലാറ്റ്, കെസികെ ഡെന്റല്‍ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാര്‍ട്‌മെന്റ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ആയ എന്‍. നന്ദുലാലിന്റെ വീട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് ഇടത്താണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇ ഡി പരിശോധന നടത്തിയതെന്നാണു വിവരം. കണ്ടുകെട്ടിയ വസ്തുക്കളില്‍ നിന്ന്, വരുമാനത്തില്‍ കവിഞ്ഞ പണം ടി. വീണ കൈകാര്യം ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇ ഡി പറയുന്നു.
സിഎംആര്‍എല്‍ 15 വര്‍ഷത്തിനിടയില്‍ നടത്തിയത് 182 കോടിയുടെ കൃത്രിമ ഇടപാടുകള്‍. ഇത് സംബന്ധിച്ച വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കണ്ടെത്തിയിരുന്നു. ഈ പണം പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കുവാനാണ് ഉപയോഗിച്ചതെന്ന് ഇ ഡി വ്യക്തമാക്കി. വീണയുടെ എക്‌സാലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ പേരില്‍ മാത്രം നല്‍കിയത് 2.78 കോടി രൂപയാണ്. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്ത നിയന്ത്രിച്ചിരുന്ന എംപവര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് വായ്‌പാ തിരിച്ചടവ് നല്‍കുന്നതില്‍ വീണയുടെ കമ്പനി വീഴ്ചകള്‍ വരുത്തിയിരുന്നു. എക്‌സാലോജിക്കിന് 50 ലക്ഷം രൂപയുടെ വായ്‌പയാണ് നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
- ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്ന്
കൊച്ചി സോൺ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഓഗസ്റ്റ് 18 ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA), 2002 പ്രകാരം, കോർപ്പറേറ്റ് തട്ടിപ്പും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) നടത്തിയതായി ആരോപിക്കപ്പെടുന്ന കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട് കോഴിക്കോട് 9 സ്ഥലങ്ങളിൽ പരിശോധന നടത്തി. - കോർപ്പറേറ്റ് തട്ടിപ്പും കൈക്കൂലി ഇടപാടുകളും സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് PMLA പ്രകാരമുള്ള അന്വേഷണം ആരംഭിച്ചത്. കോർപ്പറേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് SFIO 2025 ഏപ്രിൽ 3 ന് പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചിരുന്നു.
- CMRL 15 വർഷക്കാലയളവിൽ 182 കോടി രൂപയുടെ വ്യാജ പണച്ചെലവുകൾ രേഖപ്പെടുത്തിയതായി SFIO നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകുന്നതിനാണ് ഈ തുക ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
- CMRL രേഖപ്പെടുത്തിയ വ്യാജ ചെലവുകളിലൊന്ന്, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്ക് നൽകിയ പണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് (Exalogic Solutions Private Limited) എന്ന ഏക വ്യക്തി കമ്പനി ഐ ടി കൺസൾട്ടൻസി സേവനങ്ങൾ നൽകിയെന്ന പേരിൽ CMRL-ൽ നിന്ന് 2.78 കോടി രൂപയുടെ സംശയാസ്പദമായ/വഞ്ചനാപരമായ തുക ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
- CMRL-ന്റെ മാനേജിംഗ് ഡയറക്ടറായ എസ്. എൻ. ശശിധരൻ കർത്ത നിയന്ത്രിച്ചിരുന്ന എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്(EICPL)ൽ സമയബന്ധിതമായി തിരിച്ചടവ് നടത്തുന്നതിൽ വീഴ്ച വന്നിട്ടും എക്സാലോജിക് ന് 50 ലക്ഷം രൂപയുടെ വായ്‌പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
- മുമ്പ് ഇ.ഡി നടത്തിയ അന്വേഷണത്തിൽ, ശശിധരൻ കർത്തയുടെ നേതൃത്വത്തിലുള്ള CMRL മാനേജ്മെന്റ് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം (Proceeds of Crime) സൃഷ്ടിക്കുകയും വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. CMRL-ൽ നിന്ന് സേവനങ്ങൾ നൽകാതെയാണ് പണം കൈപ്പറ്റിയതായി കണ്ടെത്തിയ വ്യക്തികളിൽ വീണയും ഉൾപ്പെടുന്നു.
- 2026 മെയ് 27-ന് വീണയുടെയും CMRL-ന്റെ പ്രമോട്ടർമാരുടെയും വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയ്‌ക്കിടെ, വീണ കൈയെഴുത്തിൽ സൂക്ഷിച്ചിരുന്ന ചില കണക്കുപുസ്തക/കുറിപ്പുകൾ ഇ.ഡി കണ്ടെത്തി. ഈ കുറിപ്പുകളിൽ വ്യക്തികളുടെ പേരുകൾ, കൈകാര്യം ചെയ്തതും ചെലവഴിച്ചതുമായ തുകകൾ, ദുബായിലേക്ക് കൈമാറിയ തുകകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
ഈ കണക്കുകളിൽ തുകകളുടെ വിവരം യുഎ ഇ ദിർഹത്തിലും ഇന്ത്യൻ രൂപയിലും രേഖപ്പെടുത്തിയിരുന്നു. കുറിപ്പുകൾ പ്രകാരം ഏകദേശം 3.49 ലക്ഷം യുഎ ഇ ദിർഹമായിരുന്നു ദുബായിലേക്ക് കൈമാറിയത്. ഇത് ഏകദേശം 85 ലക്ഷം രൂപയ്‌ക്ക് തുല്യമാണ്. ഇന്ത്യൻ രൂപയിൽ സൂക്ഷിച്ചിരുന്ന കണക്കുകൾ ഏകദേശം 20.05 കോടി രൂപയുടേതായിരുന്നു. ഈ കൈയെഴുത്ത് രേഖകൾ ഇ.ഡി പിടിച്ചെടുത്തു. - വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ, മറ്റൊരാളുടെ പേരിൽ എടുത്ത ഒരു SIM കാർഡിന്റെ ഫോട്ടോയും കണ്ടെത്തി. ഈ SIM കാർഡ് ഒരു Wi-Fi റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരാളുടെ പേരിൽ എടുത്തതായാണ് സംശയിക്കുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ വഴിയുള്ള ആശയവിനിമയത്തിനായി ഈ സംവിധാനം ഉപയോഗിച്ചിരിക്കാമെന്നാണ് സംശയം.
- വീണയുടെ കൈയെഴുത്ത് കണക്കുകളിൽ പേരുകൾ രേഖപ്പെടുത്തിയിരുന്ന എല്ലാ വ്യക്തികളെയും, SIM കാർഡ് നൽകിയ വ്യക്തിയെയും ഓഗസ്റ്റ് 18 ലെ പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തി.
- പരിശോധനയ്‌ക്കിടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും, ബന്ധപ്പെട്ട വ്യക്തികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഹവാല ചാനലുകൾ വഴി പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
- ഇ.ഡി നടത്തിയ പിടിച്ചെടുക്കലുകളിൽ വീണ തന്റെ അറിയപ്പെടുന്ന വരുമാന മാർഗങ്ങളേക്കാൾ വളരെ കൂടുതലായ തുകകൾ കൈകാര്യം ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചതായി ഇ.ഡി അറിയിച്ചു. അവരുടെ കൈയെഴുത്ത് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകകൾ CMRL-ൽ നിന്ന് ലഭിച്ച തുകയ്‌ക്ക് പുറമേയുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
- ഇ.ഡി നിയമപ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
- കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















