കോഴിക്കോട്: മാസപ്പടി കേസിൽ ഇഡിയുടെ നീക്കത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഹമ്മദ് റിയാസ് എംഎൽഎയും. മാസപ്പടി കേസിൽ അന്വേഷണം റിയാസിലേക്ക് എത്തിക്കാനാണ് ശ്രമമെന്നുംഗോവിന്ദൻ പറഞ്ഞു. തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
സി.എം.ആർ.എൽ. – എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് റിയാസിന്റെ പ്രതികരണം. ഇവിടെനിന്നൊന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെടുക്കാൻ ഇഡിക്കായിട്ടില്ലെന്ന് റിയാസ് പറഞ്ഞു. ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.
പുകമറ സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ‘കോളേജ് കാലം മുതലുള്ള എന്റെ സുഹൃത്തുക്കളെ രാവിലെ മുതൽ രാത്രി വരെ റെയ്‌ഡിന്റെ ഭാഗമായി ചോദ്യം ചെയ്‌തിരിക്കുകയാണ്. കോഴിക്കോട്ട് വളരെക്കാലമായി നിയമപരമായി ബിസിനസ് നടത്തുന്നവരാണ് അവരൊക്കെ. പലരുമായും എനിക്ക് ബന്ധമുണ്ടാകും. പുകമറ സൃഷ്‌ടിച്ച് എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്.
ഇത്തരം കാര്യങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം’- മുഹമ്മദ് റിയാസ് പറഞ്ഞു.
വീണ സ്വതന്ത്ര വ്യക്തിയാണ്. ബിസിനസ് നടത്തരുതെന്ന് ഭരണഘടനാപരമായി പറയാൻ കഴിയില്ല. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം. ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഭർത്താവ് എന്ന നിലയിൽ എനിക്ക് വീണയോട് പറയാനുള്ളത്, വെറുതെയിരിക്കരുത്. ബിസിനസ് ചെയ്യണം. എല്ലാ പ്രോത്സാഹനവും നൽകും. നമ്മുടെ ഒന്നും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവർക്കുണ്ട്. അത് ചെയ്യുന്നതിന് ഒരു പ്രയാസവുമില്ല – റിയാസ് പറഞ്ഞു.
















