
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് ഇഡി. ഇന്നലെ നടത്തിയ റെയ്‌ഡിൽ നിന്നും ലഭിച്ച വിവരങ്ങളും രേഖകളും വിശദമായി പരിശോധിക്കും.പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ടി, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് കമ്പനി ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാകും ഇനിയുള്ള ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിന്റെ അടക്കം ഉടമസ്ഥതയിൽ ഉള്ള പരസ്യ കമ്പനി ആണ് സൊലാസ്.
നിഖിലിന്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു. കേസിൽ നിഖിലിനെ പിന്തുണയ്‌ക്കുമെന്ന് സിപിഎം നിലപാട് വ്യക്തമായിരുന്നു. ഈ നടപടിക്ക് പൂർത്തിയായ ശേഷമായിരിക്കും വീണ അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇന്നലെ ഇഡിയുടെ റെയ്ഡ് നടന്നത്. റിയാസിന്റെ വിശ്വസ്തനായ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ആയിരുന്ന നിഖിലിന്റെ ഉടമസ്ഥതയിലുള്ള സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി.
കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ആണ് ഇഡിയുടെ പരിശോധന നടന്നത്. മൂന്നാം തവണയാണ് ഇത്തരത്തിൽ ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് നടക്കുന്ന പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. ഇന്നലെ രാവിലെയാണ് കോഴിക്കോടുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇഡിയുടെ മൂന്നാം ഘട്ട റെയ്ഡ് ആരംഭിച്ചത്. . ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. വീടുകൾക്ക് പുറമെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. എക്സാലോജിക്കിൽ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം.