Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. പെൺകുട്ടിയോട് കൊല്ലപ്പെട്ട ശിവൻകുട്ടി നേരത്തെ തന്നെ മോശമായി സ്പർശിച്ചതിന്റെ വൈരാഗ്യത്തിനാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് പെൺകുട്ടിയുടെ മൊഴി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി. സിപിഎം പ്രവർത്തകനായ ശീവൻകുട്ടിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് പെൺകുട്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ട് പെൺകുട്ടി മരണം ഉറപ്പിച്ചു തൃപ്തി അടഞ്ഞുവെന്നും പൊലീസ് പറയുന്നു.

മേൽക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് കുട്ടിക്കുറ്റവാളികൾ ആദ്യം പദ്ധതിയിട്ടത്. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഓടിട്ട വീടിന്റെ മച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കു തടസ്സമായി. അതോടെ ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്നു. ശ്വാസംമുട്ടിച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരും പ്രായപൂർത്തിയാകാത്ത മൂന്നു കുറ്റാരോപിതരും പരവൂരുകാരാണ്.

വീട്ടിൽ ഉണ്ടായിരുന്ന സ്വർണവും അപഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിക്ക് മൊബൈൽ ഫോണും കൊലപാതകത്തിൽ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാൻ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാൽ ശിവൻകുട്ടിയോട് തനിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കൊലപാതകത്തിലെ മുഖ്യ ആസൂത്രക 13 കാരി തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചു പോയശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. കുടുംബത്തിലെ അസ്വസ്ഥമായ അന്തരീക്ഷമടക്കം കൊലപാതകം ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനം.

Recent Posts