ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടത്തിയത് കൊല്ലപ്പെട്ടയാളുടെ 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി. കരുവാറ്റയിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കൊല്ലപ്പെട്ടത്.
ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതിൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലത്ത് പഠിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കൾക്കും കൃത്യത്തിനായി വീടിനുള്ളിലേക്ക് കയറാനുള്ള എളുപ്പവഴികളും വഴികാട്ടിയും കൊടുത്തത് ഈ പെൺകുട്ടിയാണ്.
കൃത്യം നടന്ന സമയത്ത് പെൺകുട്ടി വീട്ടിൽ ഇല്ലാതിരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. വീടിനുള്ളിലെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയതിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇത് വീടുമായി അടുപ്പമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചു. തുടർന്ന് നടത്തിയ മൊബൈൽ ഫോൺ രേഖകളുടെ പരിശോധനയിൽ പെൺകുട്ടിക്കെതിരായ നിർണായക തെളിവുകൾ ലഭിക്കുകയും, വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. സ്വർണം വിറ്റു കിട്ടുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു പദ്ധതി.
മുത്തച്ഛൻ ഞായറാഴ്ച തനിച്ചായിരിക്കുമെന്ന് പെൺകുട്ടി ഫോൺ വഴി കാമുകനെ അറിയിച്ചിരുന്നു. തുടർന്ന് കാമുകനും കൂട്ടുകാരും ട്രെയിനിൽ ഹരിപ്പാടെത്തി. പെൺകുട്ടി ഫോണിലൂടെ വീടിന്റെ ലൊക്കേഷനും വഴിയും കൃത്യമായി പറഞ്ഞു കൊടുത്തു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിച്ച് അകത്തു കയറാനും സ്വർണം ഇരിക്കുന്ന സ്ഥലം എവിടെയാണെന്നും അവൾ നിർദ്ദേശം നൽകി.
തുടർന്ന് വീടിനുള്ളിലെ കിടക്കവിരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ച് ശിവൻകുട്ടിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീഡിയോ കോളിലൂടെ പ്രതികൾ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതികളെയും പിന്നീട് ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകൾ ശ്രീകലയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ഈ പെൺകുട്ടി. ആദ്യ ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരാളെ വിവാഹം കഴിച്ച ശ്രീകലയും കുടുംബവും നേരത്തെ കൊല്ലത്തായിരുന്നു താമസം. ഭർത്താവ് ഗൾഫിലുള്ള ശ്രീകലയും കുടുംബവും രണ്ടു വർഷം മുൻപാണ് പുതിയ വീടിന്റെ നിർമ്മാണ ജോലികൾ നടക്കുന്ന കരുവാറ്റയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
















