
നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: നഗരത്തില്‍ തുടര്‍ന്നുവരുന്ന നിയമവിരുദ്ധവും അനധികൃതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മുട്ടടയില്‍ സംസം മിയ ഹോട്ടല്‍ നിയമം ലംഘിച്ച് അനധികൃത കെട്ടിടം നിര്‍മിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് യാതൊരു അനുമതിയും കൂടാതെ റോഡ് കൈയേറിയാണ് കെട്ടിടം നിര്‍മിച്ചത്. അനധികൃതമായി 21 മീറ്റര്‍ പുറത്തേക്കാണ് കെട്ടിടം നിര്‍മിച്ചത്. നിയമലംഘനം തടയാന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചെല്ലുമ്പോള്‍ ഭീഷണിപ്പെടുത്തി പറഞ്ഞ് അയയ്‌ക്കുകയാണ് ചെയ്തുവരുന്നത്. കഴിഞ്ഞ 11ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാപനം പ്രവര്‍ത്തിക്കാനുള്ള അനുമതിയും വാങ്ങിയിരുന്നില്ല.
ഇതോടെ മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അനധികൃത നിര്‍മാണം തടയുന്നതിന് ഇന്നലെ നേരിട്ട് ഇറങ്ങി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു.
കുറവന്‍കോണത്തും അനധികൃതമായി നിര്‍മിച്ച കെട്ടിട നിര്‍മാണം തടഞ്ഞു. പുളിമൂട് ഭാഗത്ത് മേയറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്തി. കോര്‍പ്പറേഷന്‍ നേരത്തെ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്ന കെട്ടിടങ്ങള്‍ക്കെതിരെ പ്രൊവിഷണല്‍ ഓര്‍ഡര്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിച്ചു.
പുളിമൂടിനു സമീപം ബാസ്‌ക്കര്‍ ബുക്ക് സ്റ്റാളിനു സമീപത്തെ രണ്ട് കടകളുടെ പ്രവര്‍ത്തനം തടഞ്ഞു. ഗാന്ധാരി അമ്മന്‍ കോവിലിനു സമീപം രണ്ട് നിലയ്‌ക്ക് അനുമതി വാങ്ങിയ ശേഷം നാല് നില പണിത കെട്ടിടത്തിന്റെ നിര്‍മാണവും തടഞ്ഞു. മുന്‍കാലങ്ങളില്‍ നഗരത്തില്‍ നടന്നിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോര്‍പ്പറേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പുകളും സ്‌റ്റോപ്പ് മെമ്മോകളും നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ മറികടന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയും, അനുമതിയില്ലാതെയും നിര്‍മ്മാണങ്ങള്‍ തുടരുന്നതായി കണ്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.
നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും പ്രധാനകാരണം ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളാണ്. തിരുവനന്തപുരം നഗരത്തില്‍ ‘ഒരു സെന്റീമീറ്റര്‍ പോലും’ അനധികൃത നിര്‍മ്മാണം അനുവദിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളിലും വിവരങ്ങളിലും എഞ്ചിനീയര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപ്പോള്‍ തന്നെ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കും. നിയമലംഘനം തുടരുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനം തേടുമെന്നും മേയര്‍ അറിയിച്ചു.